MAP

ലിയോ പതിനാലാമൻ പാപ്പാ, കാസൽ ഗന്ധോൾഫോയിൽ ലിയോ പതിനാലാമൻ പാപ്പാ, കാസൽ ഗന്ധോൾഫോയിൽ   (ANSA)

സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ദിനം ക്രൈസ്തവകൂട്ടായ്മയുടെ ആഘോഷമാകട്ടെ: പാപ്പാ

സെപ്റ്റംബർ ഒന്നാം തീയതി കത്തോലിക്കാ സഭയിൽ സൃഷ്ടിയുടെ പരിപാലനത്തിനായുള്ള പ്രാർത്ഥനാദിനമായി ആചരിക്കുകയാണ്. പത്തു വർഷങ്ങൾക്കു മുൻപ് ഫ്രാൻസിസ് പാപ്പായും, എക്യൂമെനിക്കൽ പാത്രിയാർകീസ് ബർത്തലോമിയോ ഒന്നാമനും ചേർന്നാണ്, കത്തോലിക്കാ സഭയിൽ ഈ പ്രാർത്ഥനാദിനം ആരംഭിച്ചത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"സമാധാനത്തിന്റെയും പ്രത്യാശയുടെയും വിത്തുകൾ" എന്ന പ്രമേയത്തോടെ സെപ്റ്റംബർ ഒന്നാം തീയതി കത്തോലിക്കാ സഭയിൽ ആഘോഷിക്കുന്ന സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ദിനത്തിന്റെ മംഗളങ്ങൾ ആശംസിച്ചുകൊണ്ട്, ആഗസ്റ്റ് മാസം മുപ്പത്തിയൊന്നാം തീയതിയിലെ മധ്യാഹ്‌ന  പ്രാർത്ഥനയുടെ അവസാനം, ലിയോ പതിനാലാമൻ പാപ്പാ സംസാരിച്ചു. പത്തു വർഷങ്ങൾക്ക് മുൻപ്, തന്റെ മുൻഗാമിയായിരുന്ന, ഫ്രാൻസിസ് പാപ്പാ, എക്യൂമെനിക്കൽ പാത്രിയാർകീസ് ബർത്തലോമിയോ ഒന്നാമനോട് ചേർന്നാണ് കത്തോലിക്കാ സഭയിൽ  സൃഷ്ടിയുടെ പരിപാലനത്തിനായുള്ള പ്രാർത്ഥനാദിനം ആരംഭിച്ചതെന്ന് സ്മരിച്ച പാപ്പാ,  ഈ ദിനം ക്രൈസ്തവ കൂട്ടായ്മയുടെയും, ഐക്യത്തിന്റെയും പ്രാധാന്യത്തെ എടുത്തു പറയുന്നുവെന്നും പറഞ്ഞു.

അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ തിരുനാളായ ഒക്ടോബർ 4 വരെ ഈ പ്രാർത്ഥനാ ദിനങ്ങൾ തുടരുവാനും പാപ്പാ ആഹ്വാനം ചെയ്തു. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് രചിച്ച  "സോദരനായ സൂര്യൻ എന്ന ലഘു സ്തോത്രഗീത"ത്തിന്റെ ചൈതന്യത്തിൽ, ദൈവത്തെ സ്തുതിക്കുന്നതിനും, ദൈവം നൽകിയ ദാനങ്ങളെ നശിപ്പിക്കാതെ, പൊതുഭവനത്തിന്റെ  സംരക്ഷകരായി മാറുവാനുള്ള പ്രതിബദ്ധതയ്ക്കും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

1989-ൽ, എക്യുമെനിക്കൽ പാത്രിയാർക്കീസ് ​​ദിമിത്രിയോസ് ഒന്നാമൻ സെപ്റ്റംബർ 1 ഓർത്തഡോക്സ് ക്രിസ്ത്യാനികൾക്ക്, സൃഷ്ടികൾക്കായുള്ള പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ചിരുന്നു. ക്രൈസ്തവ കൂട്ടായ്മയുടെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്ന, നിഖ്യ സൂനഹദോസിന്റെ 1700 മത് വാർഷികവും, ഫ്രാൻസിസ് പാപ്പായുടെ 'ലൗദാത്തോ സി' ചാക്രികലേഖന രചനയുടെ പത്താം  വാർഷികവും ആഘോഷിക്കുന്നതിനാൽ, 2025 വർഷത്തെ സൃഷ്ടിയുടെ പരിപാലനത്തിനായുള്ള പ്രാർത്ഥനാദിനം ഏറെ പ്രാധാന്യമർഹിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 സെപ്റ്റംബർ 2025, 13:59