ഉക്രൈനിൽ തുടരുന്ന യുദ്ധസാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വെടിനിർത്തലിനും, സംഭാഷണങ്ങൾക്കും ആഹ്വാനം ചെയ്തുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ ഒരിക്കൽക്കൂടി, ഉക്രൈൻ ജനതയെ സ്മരിക്കുകയും, തന്റെ സാമീപ്യവും പ്രാർത്ഥനകളും അറിയിക്കുകയും ചെയ്തു. ആഗസ്റ്റ് മാസം മുപ്പത്തിയൊന്നാം തീയതി മധ്യാഹ്ന പ്രാർത്ഥനയുടെ അവസാനം നടത്തിയ വിവിധ അഭ്യർത്ഥനയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. ഉക്രൈനിൽ യുദ്ധം തുടരുന്നത് ഏറെ ദൗർഭാഗ്യകരമാണെന്നും, അത് കൂടുതൽ മരണങ്ങളിലേക്കും, നാശത്തിലേക്കും നയിക്കുന്നത് ആശങ്കാജനകമാണെന്നും പാപ്പാ പറഞ്ഞു. ഈ ദിവസങ്ങളിൽ, ഉക്രൈൻ തലസ്ഥാനമായ കീവിൽ ഉണ്ടായ ബോംബാക്രമണങ്ങളൂം, നിരവധി ആളുകൾ ഇരകളായതും പാപ്പാ സൂചിപ്പിച്ചു.
ഉദാസീനതയ്ക്ക് ഇടം നൽകാതെ, ഉക്രൈൻ ജനതയോട് ചേർന്ന് നിന്നുകൊണ്ട് തുടർന്നും പ്രാർത്ഥിക്കുവാനും, പ്രത്യക്ഷമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകാരികളാകുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. അടിയന്തിരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും, പ്രതിജ്ഞാബദ്ധവും, ഗൗരവുമായ സംഭാഷണങ്ങൾ നടത്തുവാനുള്ള തന്റെ ആഹ്വാനം പുതുക്കുന്നതായും പാപ്പാ അഭ്യർത്ഥനയിൽ അടിവരയിട്ടു പറഞ്ഞു.
"ഉത്തരവാദിത്വപ്പെട്ടവർ ആയുധങ്ങളുടെ യുക്തി ഉപേക്ഷിച്ച് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ കൂടിയാലോചനയുടെയും സമാധാനത്തിന്റെയും പാത സ്വീകരിക്കേണ്ട സമയമാണിത്.", പാപ്പാ കൂട്ടിച്ചേർത്തു. ആയുധങ്ങളുടെ ശബ്ദം നിശബ്ദമാക്കപ്പെടണമെന്നും, അതേസമയം സാഹോദര്യത്തിന്റെയും, നീതിയുടെയും ശബ്ദം ഉയർന്നു കേൾക്കണമെന്നും പാപ്പാ ശക്തമായ ഭാഷയിൽ അടിവരയിട്ടു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: