പൂർണ്ണമായ സ്വയംപര്യാപ്തത മനുഷ്യന് അസാധ്യമാണ്: പാപ്പാ
വിവർത്തനം: ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പ്രിയ സഹോദരീ, സഹോദരങ്ങളെ,
യേശുവിന്റെ പീഡാസഹനങ്ങളുടെ ഹൃദയ ഭാഗത്ത്, യേശുവിന്റെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ളതും ഇരുണ്ടതുമായ നിമിഷത്തിൽ, വിശുദ്ധ യോഹന്നാന്റെ സുവിശേഷം രഹസ്യാത്മകത ഉൾക്കൊള്ളുന്ന രണ്ടു വചനങ്ങൾ നമുക്ക് നൽകുന്നുണ്ട്, " എനിക്ക് ദാഹിക്കുന്നു" തുടർന്ന് യേശു പറയുന്നു "പൂർത്തിയായി". അവസാന വാക്കുകൾ, എന്നാൽ ദൈവപുത്രന്റെ മുഴുവൻ അസ്തിത്വത്തിന്റെയും അർത്ഥം വെളിപ്പെടുത്തുന്ന മുഴുവൻ ജീവിതത്തെയും ഇത് ഉൾക്കൊള്ളുന്നു. കുരിശിൽ യേശു ഒരു വിജയിയായ നായകനായല്ല പ്രത്യക്ഷപ്പെടുന്നത്, മറിച്ച് സ്നേഹത്തിനായി യാചിക്കുന്നവനായിട്ടാണ്. അവിടെ പ്രഖ്യാപനങ്ങൾ നടത്തുന്നില്ല, കുറ്റം വിധിക്കുന്നില്ല, സ്വയം പ്രതിരോധിക്കുന്നുമില്ല, മറിച്ച്, ഒരു തരത്തിലും സ്വന്തമായി സ്വയം നൽകാൻ കഴിയാത്ത കാര്യങ്ങൾ അദ്ദേഹം താഴ്മയോടെ ചോദിക്കുന്നു.
ക്രൂശിക്കപ്പെട്ടവന്റെ ദാഹം, വികൃതമാക്കപ്പെട്ട ശരീരത്തിന്റെ ശാരീരിക ആവശ്യം മാത്രമല്ല. എല്ലാറ്റിനുമുപരിയായി, അത് സ്നേഹം, ബന്ധം, കൂട്ടായ്മ എന്നിവയുടെ അഗാധമായ ആഗ്രഹത്തിന്റെ ഒരു പ്രകടനമാണ്. നമ്മുടെ മനുഷ്യാവസ്ഥയിലെ എല്ലാം പങ്കിടാൻ ആഗ്രഹിച്ച ഒരു ദൈവത്തിന്റെ നിശബ്ദ നിലവിളിയാണ് ഈ ദാഹത്താൽ കടന്നുപോകാൻ സ്വയം അനുവദിക്കുന്നത്. യാചിക്കാൻ ലജ്ജിക്കാത്ത ഒരു ദൈവം, കാരണം ഇതിലൂടെ അവൻ വ്യക്തമാക്കുന്നത്, സ്നേഹം, സത്യമായിരിക്കണമെങ്കിൽ, കൊടുക്കാൻ മാത്രമല്ല, അത് ചോദിക്കാനും പഠിക്കണം എന്നുള്ളതാണ്.
"എനിക്ക് ദാഹിക്കുന്നു", യേശു പറയുന്നു, ഈ വിധത്തിൽ അവൻ തന്റെതന്നെ മാനുഷികതയും, നമ്മുടേതും വെളിപ്പെടുത്തുന്നു. നമ്മിൽ ആർക്കും സ്വയംപര്യാപ്തരാകാൻ കഴിയില്ല. ആർക്കും ഒറ്റയ്ക്ക് രക്ഷപ്പെടാൻ കഴിയില്ല. നമ്മൾ ശക്തരാകുമ്പോഴല്ല, ജീവിതം പൂർത്തീകരിക്കപ്പെടുന്നത്, മറിച്ച് സ്വീകരിക്കുവാൻ നാം പഠിക്കുമ്പോഴാണ്. അന്യരുടെ കൈകളിൽ നിന്നും വിനാഗിരി മുക്കിയ പഞ്ഞി സ്വീകരിച്ച ആ നിമിഷത്തിലാണ്, യേശു പറയുന്നത്,"പൂർത്തിയായിരിക്കുന്നു". സ്നേഹം തന്നെത്തന്നെ ആവശ്യക്കാരനാക്കിത്തീർത്തിരിക്കുന്നു. ഇതിനാലാണ് തന്റെ ദൗത്യം അവൻ പൂർത്തീകരിക്കുന്നത്.
ഇതാണ് ക്രിസ് തീയ വിരോധാഭാസം: ദൈവം രക്ഷിക്കുന്നത് ഏതോ കാര്യം വെറുതെ ചെയ്തുകൊണ്ടല്ല, മറിച്ച് കാര്യങ്ങൾ ചെയ്യുവാൻ സ്വയം വിട്ടുകൊടുക്കുവാൻ അനുവദിച്ചുകൊണ്ടാണ്. ബലം പ്രയോഗിച്ച് തിന്മയെ മറികടക്കുന്നതിലൂടെയല്ല, മറിച്ച് സ്നേഹത്തിന്റെ ബലഹീനതയെ പൂർണ്ണമായി അംഗീകരിക്കുന്നതിലൂടെയാണ്. ക്രൂശിൽ യേശു നമ്മെ പഠിപ്പിക്കുന്നത് മനുഷ്യൻ അവനെ തന്നെ വെളിപ്പെടുത്തുന്നത് ശക്തിയിലല്ല, മറിച്ച് നമ്മോട് ശത്രുതയും,വിരോധവും പുലർത്തുമ്പോഴും അപരനോടുള്ള തുറന്ന മനസ്സിലാണ് എന്നതാണ്. രക്ഷ എന്നത് സ്വയംഭരണത്തിലല്ല, മറിച്ച് ഒരാളുടെ സ്വന്തം ആവശ്യത്തെ താഴ്മയോടെ അംഗീകരിക്കുകയും അത് സ്വതന്ത്രമായി എങ്ങനെ പ്രകടിപ്പിക്കാമെന്ന് അറിയുകയും ചെയ്യുന്നതിലാണ്.
ദൈവത്തിന്റെ പദ്ധതിയിൽ നമ്മുടെ മാനവികതയുടെ പൂർത്തീകരണം ശക്തിയുടെ പ്രവൃത്തിയല്ല, മറിച്ച് വിശ്വസ്തതയുടെ പ്രകടനമാണ്. ഏതെങ്കിലും വളച്ചൊടിക്കലിലൂടെയല്ല യേശു രക്ഷിക്കുന്നത്, , മറിച്ച് സ്വയം നൽകുവാൻ സാധിക്കാത്ത എന്തോ ഒന്ന് ചോദിച്ചുകൊണ്ടാണ്. ഇവിടെ യഥാർത്ഥ പ്രത്യാശയിലേക്ക് ഒരു വാതിൽ തുറക്കുന്നു: ദൈവപുത്രൻ പോലും സ്വയംപര്യാപ്തനാകാൻ തീരുമാനിച്ചില്ലെങ്കിൽ, സ്നേഹത്തിനും അർത്ഥത്തിനും നീതിക്കും വേണ്ടിയുള്ള നമ്മുടെ ദാഹം പരാജയത്തിന്റെ അടയാളമല്ല, മറിച്ച് സത്യത്തിന്റെ ലക്ഷണമാണ്.
പ്രത്യക്ഷത്തിൽ വളരെ ലളിതമായ ഈ സത്യം അംഗീകരിക്കാൻ പ്രയാസമാണ്. സ്വയംപര്യാപ്തത, കാര്യക്ഷമത, പ്രകടനം എന്നിവയ്ക്ക് മാത്രം പാരിതോഷികം നൽകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. എന്നിരുന്നാലും, സുവിശേഷം നമുക്ക് കാണിച്ചുതരുന്നത്, നമ്മുടെ മാനവികതയുടെ അളവുകോൽ നമുക്ക് ജയിക്കാൻ കഴിയുന്നതിനെ ആശ്രയിച്ചല്ല, മറിച്ച് മറ്റുള്ളവരുടെ സ്നേഹത്തിനായി നമ്മെത്തന്നെ തുറന്നുകൊടുക്കുവാനും, ആവശ്യമുള്ളപ്പോൾ സഹായിക്കാനുമുള്ള കഴിവാണ്.
ചോദിക്കുന്നത് അയോഗ്യതയല്ല മറിച്ച് വിമോചനമാണെന്ന് കാണിച്ചുകൊണ്ട് യേശു നമ്മെ രക്ഷിക്കുന്നു. പാപത്തിന്റെ നിഗൂഢതയിൽ നിന്ന് പുറത്തുവരാനും കൂട്ടായ്മയുടെ ഇടത്തേക്ക് വീണ്ടും പ്രവേശിക്കാനുമുള്ള മാർഗമാണിത്. ആരംഭം മുതൽ പാപം ലജ്ജ ജനിപ്പിക്കുന്നു. എന്നാൽ യഥാർത്ഥമായ ക്ഷമ, നമ്മുടെ ആവശ്യത്തെ മുഖാമുഖം കണ്ടുകൊണ്ട്, തിരസ്കരിക്കപ്പെടുകയില്ല എന്ന ഭയമില്ലായ്മയിൽ നിന്നുമാണ് ജനിക്കുന്നത്.
അതിനാൽ കുരിശിലെ യേശുവിന്റെ ദാഹം, അത് നമ്മുടേതുമാണ്. മുറിവേറ്റ മനുഷ്യരാശിയുടെ നിലവിളിയാണ് ഇപ്പോഴും ജീവനുള്ള വെള്ളം തേടുന്നത്. ഈ ദാഹം നമ്മെ ദൈവത്തിൽനിന്നു അകറ്റുന്നില്ല, മറിച്ച് അവനുമായി നമ്മെ ഒന്നിപ്പിക്കുന്നു. അതു തിരിച്ചറിയാനുള്ള ധൈര്യം നമുക്കുണ്ടെങ്കിൽ, നമ്മുടെ ദുർബലതപോലും സ്വർഗത്തിലേക്കുള്ള ഒരു പാലമാണെന്നു നമുക്കു കണ്ടെത്താൻ കഴിയും. സ്വയം പര്യാപ്തരാണെന്ന് നടിക്കുന്നത് നിർത്തി, ഒന്നും കൈവശം വയ്ക്കാതെ, ചോദിക്കുന്നതിലൂടെയാണ് സ്വാതന്ത്ര്യത്തിന്റെ പാത തുറക്കുന്നത്.
സാഹോദര്യത്തിലും, ലളിതമായ ജീവിതത്തിലും, ലജ്ജ കൂടാത ചോദിക്കുവാൻ സാധിക്കുന്ന വൈഭവത്തിലും, കണക്കുകൂട്ടലില്ലാതെ നൽകുവാൻ സാധിക്കുന്നതിലും ലോകം അറിയാത്ത ഒരു സന്തോഷം മറഞ്ഞിരിക്കുന്നു. നാം സ്നേഹം നൽകാനും സ്വീകരിക്കാനും സൃഷ്ടിക്കപ്പെട്ട സൃഷ്ടികളാണ് എന്നുള്ളതാണ് നമ്മുടെ അസ്തിത്വത്തിന്റെ യഥാർത്ഥ സത്യത്തിലേക്ക് നമ്മെ പുനഃസ്ഥാപിക്കുന്ന ഒരു സന്തോഷം.
പ്രിയ സഹോദരീ സഹോദരന്മാരേ, ക്രിസ്തുവിന്റെ ദാഹത്തിൽ നമുക്ക് നമ്മുടെ എല്ലാ ദാഹവും തിരിച്ചറിയാൻ കഴിയും. എനിക്ക് ആവശ്യമുണ്ട് എന്ന് എങ്ങനെ പറയണമെന്നു അറിയുന്നതിനേക്കാൾ കൂടുതൽ മാനുഷികമോ, ദൈവികമോ ആയ മറ്റൊന്നുമില്ലെന്നു മനസ്സിലാക്കുക. നാം ഒരു കാര്യത്തിന് അർഹരല്ലെന്നു തോന്നുമ്പോൾ ചോദിക്കാൻ നാം ഭയപ്പെടേണ്ടതില്ല. കരം നീട്ടാൻ നാം ലജ്ജിക്കരുത്. കാരണം ആ എളിയ ഭാവപ്രകടനത്തിലാണ് രക്ഷ മറഞ്ഞിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: