ദൈവമക്കളായ നാം എളിമയിലും ക്രിസ്തുവിനെ ശ്രവിച്ചും ജീവിക്കേണ്ടവരാണ്: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലിയോ പതിനാലാമൻ പാപ്പാ, ഓഗസ്റ്റ് മുപ്പത്തിയൊന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 3.30-ന്, വത്തിക്കാനിലെ അപ്പസ്തോലികകൊട്ടാരത്തിന്റെ ജാലകത്തിൽ എത്തുകയും, തന്നെ കാത്തുനിന്നിരുന്ന വിശ്വാസികളെയും സന്ദർശകരേയും അഭിവാദ്യം ചെയ്യുകയും ത്രികാലജപപ്രാർത്ഥന നയിക്കുകയും ചെയ്തു. പാപ്പായെ കാണാനും, പാപ്പായ്‌ക്കൊപ്പം പ്രാർത്ഥനയിൽ പങ്കുകൊള്ളാനും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനകത്തും പുറത്തുമായി ഇറ്റലിക്കാരും മറ്റു രാജ്യക്കാരുമായ പതിനായിരക്കണക്കിന് ആളുകൾ സന്നിഹിതരായിരുന്നു. അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിങ്കൽ പാപ്പാ എത്തിയപ്പോൾ ജനസമൂഹം ആനന്ദാരവങ്ങൾ ഉയർത്തി. ലത്തീൻ ആരാധനാക്രമപ്രകാരം ഈ ഞായറാഴ്ചയിൽ വിശുദ്ധബലിമധ്യേ വായിക്കപ്പെട്ട, വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനാലാം അദ്ധ്യായം ഒന്നും, ഏഴ് മുതൽ പതിനാല് വരെയുമുള്ള തിരുവചനങ്ങൾ ഉൾക്കൊള്ളുന്ന ഭാഗത്ത് (ലൂക്കാ 14,1.7-14) നാം കാണുന്ന, വിരുന്നിന് ക്ഷണിക്കപ്പെട്ടവർ പ്രമുഖസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതിനെ അധികരിച്ച് യേശു നടത്തുന്ന ഉദ്ബോധനത്തെക്കുറിച്ചായിരുന്നു ത്രികാലജപപ്രാർത്ഥനയ്ക്ക് മുൻപേയുള്ള പാപ്പായുടെ പ്രഭാഷണം.
പ്രിയ സഹോദരീ സഹോദരന്മാരെ, ശുഭഞായർ!
വിശ്രമദിവസങ്ങളിലും ആഘോഷദിനങ്ങളിലും ഒരു മേശയ്ക്ക് ചുറ്റുമായിരിക്കുക എന്നത് എല്ലാ സംസ്കാരങ്ങളിലും സമാധാനത്തിന്റെയും ഐക്യത്തിന്റെയും അടയാളമാണ്. ഒരു ഫരിസേയപ്രമാണിയുടെ വീട്ടിൽ യേശു ക്ഷണിക്കപ്പെട്ടതിനെക്കുറിച്ചാണ് നാം ഇന്ന് സുവിശേഷത്തിൽ (ലൂക്കാ 14,1.7-14) കാണുന്നത്. അതിഥികളെ സ്വീകരിക്കുന്നത് ഹൃദയ ഇടത്തെ വിശാലമാക്കുന്നു; അതിഥിയാകുന്നത് മറ്റുള്ളവരുടെ ലോകത്തേക്ക് പ്രവേശിക്കുന്നതിനുള്ള എളിമ ആവശ്യപ്പെടുന്നു. പരസ്പരം അടുപ്പിക്കുന്ന ഇത്തരം പ്രവൃത്തികളാലാണ് കണ്ടുമുട്ടലിന്റെ ഒരു സംസ്കാരം പരിപോഷിപ്പിക്കപ്പെടുന്നത്.
പരസ്പരം കണ്ടുമുട്ടുകയെന്നത് എപ്പോഴും എളുപ്പമല്ല. മറ്റ് അതിഥികൾ യേശുവിനെ "ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു" എന്ന് സുവിശേഷം രേഖപ്പെടുത്തുന്നു. തീവ്രമായി പാരമ്പര്യത്തെ വ്യാഖ്യാനിച്ചിരുന്നവർ യേശുവിനെ സംശയത്തോടെയാണ് കണ്ടിരുന്നത്. അങ്ങനെയാണെങ്കിലും ഈയൊരു കൂടിക്കാഴ്ച നടക്കുന്നുണ്ട്, കാരണം യേശു മറ്റുള്ളവർക്ക് അടുത്തേക്ക് എത്തുന്നു, അവൻ ഈ സാഹചര്യത്തിൽനിന്ന് അകന്ന് നിൽക്കുന്നില്ല. അവൻ ആദരവോടും അധികാരികതയോടും കൂടെ തന്നെത്തന്നെ അതിഥിയാക്കി മാറ്റുന്നു. പരസ്പരം ഇടപഴകുന്നത് ഒഴിവാക്കാൻവേണ്ടിയുമുള്ള ഔപചാരികത ചമയൽ അവൻ ഉപേക്ഷിക്കുന്നു. അങ്ങനെ തന്റേതായ ശൈലിയിൽ, താൻ കാണുന്നവയെ ഒരു ഉപമയിലൂടെ വിശദീകരിക്കുകയും തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവരോട് അവയെക്കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. പ്രമുഖ സ്ഥാനങ്ങൾ ലഭിക്കാനായി അവിടെ ഒരു നെട്ടോട്ടമുണ്ടെന്ന് അവൻ കാണുന്നുണ്ട്. കുടുംബങ്ങളിൽ ഇല്ലെങ്കിലും, "മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടുന്നത്" പ്രധാനപ്പെട്ടതാകുന്ന ഇടങ്ങളിൽ ഇത് ഇന്നും സംഭവിക്കുന്നുണ്ട്: അങ്ങനെ, ഒരുമിച്ചായിരിക്കുക എന്നത് ഒരു മത്സരമായി മാറുന്നു.
സഹോദരീ സഹോദരങ്ങളെ, കർത്താവിന്റെ ദിനമായ ഞായറാഴ്ച ദിവ്യകാരുണ്യമേശയ്ക്ക് ചുറ്റും ഒരുമിച്ചിരിക്കുന്ന അവസരത്തിൽ, നമ്മോട് സംസാരിക്കാനായി യേശുവിനെ അനുവദിക്കാൻ നമ്മളും തയ്യാറാകണം. അവൻ സന്തോഷപൂർവ്വം നമ്മുടെ അതിഥിയായെത്തുകയും നമ്മെ അവൻ എപ്രകാരമാണ് കാണുന്നത് എന്നത് വിശദീകരിക്കുകയും ചെയ്യും. നമ്മൾ ജീവിതത്തെ ഒരു മത്സരമായി ചുരുക്കുന്നതെങ്ങനെയാണെന്നതും, ഏതെങ്കിലുമൊക്കെ അംഗീകാരം കിട്ടാൻവേണ്ടി നാം എത്രമാത്രം ആകുലപ്പെടുന്നുണ്ടെന്നതും, അനാവശ്യമായി നാം എങ്ങനെ നമ്മെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു എന്നതും പുനർവിചിന്തനം ചെയ്യുന്നതിനായി, നമ്മെത്തന്നെ അവന്റെ കണ്ണുകൾ കൊണ്ട് കാണുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സ്വയമൊന്ന് വിചിന്തനം ചെയ്യുന്നതും, നമ്മുടെ ഹൃദയത്തിന്റെ മുൻഗണനകളെ ചോദ്യം ചെയ്യുന്ന തിരുവചനത്താൽ പിടിച്ചുകുലുക്കപ്പെടാൻ നമ്മെത്തന്നെ വിട്ടുകൊടുക്കുന്നതും, യേശു നമ്മെ ഏതു സ്വാതന്ത്ര്യത്തിലേക്കാണോ വിളിച്ചത്, ആ സ്വാതന്ത്ര്യം അനുഭവിക്കലാണ്.
സ്വാതന്ത്ര്യത്തിന്റെ പൂർണ്ണതയെ വിവരിക്കാനായി "എളിമ" എന്ന വാക്കാണ് അവൻ സുവിശേഷത്തിൽ ഉപയോഗിക്കുന്നത് (ലൂക്കാ 14,11). എളിമയെന്നത് യഥാർത്ഥത്തിൽ നമ്മിൽനിന്ന് തന്നെയുള്ള സ്വാതന്ത്ര്യമാണ്. ദൈവരാജ്യവും അവന്റെ നീതിയും യഥാർത്ഥത്തിൽ നമുക്ക് പ്രധാനപ്പെട്ടതയി മാറുകയും, ദൂരേക്ക് നോക്കാൻ നമുക്ക് സാധിക്കുകയും ചെയ്യുമ്പോഴാണ് അത് ഉണ്ടാകുന്നത്. നമ്മുടെ കാൽച്ചുവട്ടിലേക്കല്ല, മറിച്ച് ദൂരേക്ക് നോക്കാൻ! തന്നെത്തന്നെ ഉയർത്തുന്നവൻ, തന്നേക്കാൾ പ്രാധാന്യമുള്ളതൊന്നും കണ്ടിട്ടില്ലാത്തവനാണെന്നും ആത്യന്തികമായി തന്നേക്കുറിച്ചുതന്നെ ഒട്ടും ഉറപ്പില്ലാത്തവനുമാണെന്നുമാണ് മനസ്സിലാക്കാൻ സാധിക്കുക. എന്നാൽ ദൈവത്തിന്റെ കണ്ണുകളിൽ ഏറെ വിലപ്പെട്ടവരാണ് തങ്ങളെന്ന് മനസ്സിലാക്കുന്നവർക്കും, തങ്ങൾ ദൈവമകനും മകളുമാണെന്ന് ഉറച്ച ബോധ്യമുള്ളവർക്കും, തങ്ങളെത്തന്നെ മൂല്യമുള്ളവരായിക്കാണാൻ ഏറെ വലിയ കാരണങ്ങളുണ്ട്, സ്വയം പ്രശോഭിതമായ ഒരു അന്തസ്സുണ്ട്. സാഹചര്യങ്ങൾ അവനവനുവേണ്ടി ഉപയോഗിക്കുന്നതിന് പകരം ശുശ്രൂഷിക്കാൻ പഠിക്കുമ്പോൾ, അനായാസമായും പ്രത്യേക തന്ത്രങ്ങളൊന്നുമില്ലാതെയും അത് മുൻപന്തിയിലേക്കെത്തുകയും ഉയർന്നുനിൽക്കുകയും ചെയ്യുന്നു.
സഭ എല്ലാവരെയും സ്വാഗതം ചെയ്യുന്നതും, ഏവർക്കും എളിമയുടെ ഒരു കളരിയായി, സ്ഥാനങ്ങൾ പിടിച്ചുവാങ്ങാത്തതും, തന്റെ എളിമയെയും സ്വാതന്ത്ര്യത്തെയും കുറിച്ച് യേശുവിന് നമ്മെ പഠിപ്പിക്കാനും സംസാരിക്കാനും കഴിയുന്നതായ ഒരിടമായി, മാറുന്നതിനുവേണ്ടി പ്രിയപ്പെട്ടവരേ, നമുക്ക് പ്രാർത്ഥിക്കാം. നാം ഇപ്പോൾ പ്രാർത്ഥിക്കാൻ പോകുന്ന മറിയമാണ് ഈ ഭവനത്തിന്റെ യഥാർത്ഥ അമ്മ.
എന്ന വാക്കുകളോടെ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവാദത്തിനു ശേഷം, ചത്വരത്തിലുണ്ടായിരുന്നവരെ വീണ്ടും അഭിസംബോധന ചെയ്തശേഷം പാപ്പാ തന്റെ പ്രഭാഷണം തുടർന്നു.
ഉക്രൈനിൽ തുടരുന്ന അക്രമങ്ങൾ
മരണവും നാശവും വിതച്ചുകൊണ്ട് ഉക്രൈനിൽ തുടരുന്ന യുദ്ധത്തെ പാപ്പാ അനുസ്മരിച്ചു. നിരവധി പേരുടെ മരണത്തിന് കാരണമാകുന്ന വിധത്തിൽ ഉക്രൈനിലെ വിവിധ നഗരങ്ങളിൽ, പ്രത്യേകിച്ച് കിയെവിൽ ബോംബാക്രമണങ്ങൾ നടന്നുവെന്ന് ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, ഉക്രൈൻ ജനതയ്ക്കും വേദനകളിലൂടെ കടന്നുപോകുന്ന എല്ലാ കുടുംബങ്ങൾക്കും തന്റെ സാമീപ്യമറിയിക്കുകയും, നിസ്സംഗതയിലേക്ക് പതിക്കാതിരിക്കാനും, പ്രാർത്ഥനകൊണ്ടും സമൂർത്തമായ കാരുണ്യപ്രവർത്തനങ്ങൾ കൊണ്ടും ആ ജനതയ്ക്ക് സമീപസ്ഥരായിരിക്കാനും ഏവരെയും ആഹ്വാനം ചെയ്തു. പരസ്പരസംവാദങ്ങളുമായി മുന്നോട്ടുപോകുന്നതിനായി ഉടൻ വെടിനിറുത്തൽ നടപ്പിലാക്കണമെന്ന തന്റെ ആവശ്യം പാപ്പാ ശക്തമായി ആവർത്തിച്ചു. നിലവിലെ അവസ്ഥയ്ക്ക് ഉത്തരവാദികളായവർ, അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയോടെ, ആയുധങ്ങളുടെ യുക്തി ഉപേക്ഷിക്കാനും, ചർച്ചകളുടെയും സമാധാനത്തിന്റെയും പാതയിലേക്ക് തിരിയാനും തയ്യാറാകേണ്ട സമയമാണിതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ആയുധങ്ങളുടെ ശബ്ദം നിശബ്ദമാകുകയും സാഹോദര്യത്തിന്റെയും നീതിയുടെയും സ്വരമുയരുകയും ചെയ്യണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.
ഇരകളാക്കപ്പെടുന്ന കുട്ടികൾ
കഴിഞ്ഞ ദിവസം മിനിസോട്ടയിലെ ഒരു സ്‌കൂളിലുണ്ടായ ദാരുണാപകടത്തിന്റെ ഇരകൾക്കായുള്ള പ്രാർത്ഥനകളിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേൽക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന കുട്ടികളുമുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. നമ്മുടെ ലോകത്തെ ബാധിക്കുന്ന ചെറുതും വലുതമായ ആയുധങ്ങളുടെ മഹാമാരി അവസാനിപ്പിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാൻ പാപ്പാ ആവശ്യപ്പെട്ടു. "അവരുടെ വാൾ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി രൂപപ്പെടുത്തും" എന്ന ഏശയ്യായുടെ പ്രവചനം (ഏശയ്യാ 2, 4) സാധ്യമാകാൻ വേണ്ടി സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കാമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
കപ്പലപകടവും കുടിയേറ്റക്കാരും
കനേറി ദ്വീപുകളിലേക്കുള്ള 1100 കിലോമീറ്റർ നീളുന്ന കുടിയേറ്റയാത്രയ്ക്കിടെ മൗറീഷ്യസിന്റെ അറ്റ്ലാന്റിക് തീരങ്ങളിൽ കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ അൻപതിലധികം പേർ മരണമടയുകയും നൂറോളം പേരെ കാണാതാവുകയും ചെയ്തതിലുള്ള ദുഃഖം പാപ്പാ അറിയിച്ചു. ലോകത്തിന്റെ വിവിധയിടങ്ങളിൽ ഇതുപോലെയുള്ള ദുരന്തങ്ങൾ അനുദിനം ഉണ്ടാകുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, "ഞാൻ പരദേശിയായിരുന്നു, നിങ്ങൾ എന്നെ സ്വീകരിച്ചു" (മത്തായി 25, 35) എന്ന തന്റെ വാക്കുകൾ പ്രാവർത്തികമാക്കാൻ നമ്മെ സഹായിക്കാനായി കർത്താവിനോട് അപേക്ഷിക്കാമെന്ന് ആഹ്വാനം ചെയ്തു.
സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം
സെപ്റ്റംബർ ഒന്നാം തീയതി സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം ആചരിക്കുന്നത് അനുസ്മരിച്ച പാപ്പാ, എക്യൂമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ ഒന്നാമനുമായി ചേർന്ന് ഫ്രാൻസിസ് പാപ്പായാണ് കാതോലിക്കാസഭയയിൽ ഈ ദിനം സ്ഥാപിച്ചതെന്ന് ഓർമ്മിപ്പിച്ചു. "സമാധാനത്തിന്റെയും പ്രത്യാശയുടെയും വിത്തുകൾ" എന്ന പ്രമേയത്തിൽ ഈ ദിനം ആചരിക്കുന്നതിന് മുൻപെന്നത്തേക്കാളും പ്രാധാന്യമുണ്ടെന്ന് പ്രസ്താവിച്ച പരിശുദ്ധ പിതാവ്, എല്ലാ ക്രൈസ്തവരോടും ചേർന്ന് ഇത് നമുക്ക് ആചരിക്കാമെന്നും, വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ആഘോഷിക്കുന്ന ഒക്ടോബർ 4 വരെ ഇത് തുടരാമെന്നും ആഹ്വാനം ചെയ്തു. എണ്ണൂറോളം വർഷങ്ങൾക്ക് മുൻപ് അദ്ദേഹം രചിച്ച "സൂര്യാസഹോദരന്റെ ഗീതത്തിന്റെ" ചൈതന്യത്തിൽ, ദൈവത്തെ സ്തുതിക്കുകയും, അവന്റെ അനുഗ്രഹങ്ങൾ നശിപ്പിക്കാതിരിക്കാനും, നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണം ഏറ്റെടുക്കാനുമുള്ള ചുമതല നവീകരിക്കാമെന്നും പാപ്പാ പറഞ്ഞു.
വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന, റോമിലും വിവിധ രാജ്യങ്ങളിലും നിന്നുവന്ന തീർത്ഥാടകവിശ്വാസികളെയും സന്ദർശകരെയും അഭിവാദ്യം ചെയ്ത പാപ്പാ, ഏവർക്കും നല്ലൊരു ഞായർ ആശംസിച്ചുകൊണ്ടാണ് ജാലകത്തിൽനിന്നും പിൻവാങ്ങിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: