MAP

പാപ്പാ:നമ്മെ ഉയർത്താനായി ദൈവം സദാ നമുക്കു കീഴെ നില്ക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ പാദങ്ങൾക്കടിയിൽ കിടക്കുന്ന നിധി അശ്രദ്ധം ചവിട്ടിമെതിച്ചുകൊണ്ട് ഔദ്ധത്യത്തോടെ കടന്നുപോകാതെ നാം ശിശുക്കളെപ്പോലെ ആകുകയാണെങ്കിൽ നാം മറ്റൊരു രാജ്യവും ശക്തിയും കണ്ടെത്തുമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

സഭ ആചരിച്ചുകൊണ്ടിരിക്കുന്ന ജൂബിലവത്സരത്തോടനുബന്ധിച്ചുള്ള പ്രത്യേക ജൂബിലി കൂടിക്കാഴ്ച ഈ ശനിയാഴ്ച (06/09/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ അനുവദിച്ച അവസരത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഇപ്രകാരം പറഞ്ഞത്.

നമ്മെ ഉയർത്തുന്നതിനായി ദൈവം നമ്മുടെ കീഴെ സദാ ഉണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം എന്ന് യേശു വിശദീകരിക്കുന്ന ഉപമയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ ആ നിധി കണ്ടെത്തി എടുക്കാൻ ശ്രമിക്കേണ്ടതിൻറെ ആവശ്യക എടുത്തുകാട്ടി.

കുഞ്ഞുങ്ങൾ മണ്ണുമാന്തിക്കളിക്കുന്നതും മണ്ണിനടിയിൽ എന്താണെന്നറിയാൻ ശ്രമിക്കുന്നതും മറ്റും പാപ്പാ ദൈവരാജ്യം എന്ന നിധി തേടുന്നതിൽ നമുക്കുണ്ടായിരിക്കേണ്ട അന്വേഷണ ത്വരയ്ക്ക് ഉദാഹരണമായി അവതരിപ്പിച്ചു. ഇത്തരമൊരു അന്വേഷണ ത്വര ഉണ്ടായിരുന്ന സ്ത്രീയാണ് പാശ്ചാത്യ-പൗരസ്ത്യ പാരമ്പര്യങ്ങൾ അനുസ്മരിക്കുന്ന, ഫ്ലാവിയ ജൂലിയ എലേന എന്ന സ്ത്രീ, അതായത് കോൺസ്റ്റൻറെയിൻ ചക്രവർത്തിയുടെ മാതാവെന്ന് പാപ്പാ വിശദീകരിച്ചു.

എലേനയുടെ ഏറ്റവും വലിയ കണ്ടുപിടുത്തം വിശുദ്ധ കുരിശ് കണ്ടെത്തൽ ആയിരുന്നുവെന്നും ഈ നിധി കരസ്ഥമാക്കാനാണ് സകലതും വില്ക്കേണ്ടെതെന്നും  യേശുവിൻറെ കുരിശാണ് ജീവിതത്തിലെ ഏറ്റവും വലിയ കണ്ടെത്തലും സകല മൂല്യങ്ങളെയും മാറ്റിമറിക്കുന്ന മൂല്യവുമെന്നും പാപ്പാ പറഞ്ഞു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 സെപ്റ്റംബർ 2025, 12:15

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >