പാപ്പാ: സൃഷ്ടിയുടെ പരിപാലനം ഓരോ വ്യക്തിയുടെയും വിളി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സൃഷ്ടിയെ പരിപാലിക്കുക എന്നത് ഓരോ മനുഷ്യവ്യക്തിയുടെയും ഒരു യഥാർത്ഥ വിളിയാണെന്നും നമ്മൾ സ്രഷ്ടാക്കൾ അല്ല സൃഷ്ടികൾക്കിടയിലുള്ള സൃഷ്ടികളാണ് എന്ന കാര്യം ഒരിക്കലും മറക്കാതെ, സൃഷ്ടിക്കുള്ളിൽത്തന്നെ നടപ്പിലാക്കേണ്ട ഒരു പ്രതിബദ്ധതയാണിതെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
വത്തിക്കാനിൽ നിന്ന് 30 കിലോമീറ്ററിലേറെ തെക്കുമാറി റോമിനു വെളിയിൽ കാസ്തൽ ഗന്തോൾഫൊയിൽ പാപ്പായുടെ വേനൽക്കാല വസതി സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഒരുക്കിയിരിക്കുന്ന പ്രകൃതിസൗഹൃദ “ലൗദാത്തൊ സീ” ഗ്രാമത്തിൻറെ ഉദ്ഘാടനം സെപ്റ്റംബർ 5-ന് വെള്ളിയാഴ്ച വൈകുന്നേരം നിർവ്വഹിച്ച ലിയൊ പതിനാലാമൻ പാപ്പാ ഉദ്ഘാടന ദിവ്യബലി മദ്ധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് ഇത് ഓർമ്മപ്പെടുത്തിയത്.
ഫ്രാൻസീസ് പാപ്പായുടെ ചാക്രികലേഖനമായ “ലൗദാത്തൊ സീ”യുടെ ചുവടുപിടിച്ചാണ് ഈ ഗ്രാമം – “ബോർഗൊ ലൗദാത്തൊ സീ” (Borgo Laudato si’) സാക്ഷാത്ക്കരിച്ചിരിക്കുന്നത്.
സൃഷ്ടിയുമായി പ്രശാന്തമായ ഒരു ഐക്യം വീണ്ടെടുക്കേണ്ടതിന്, നമ്മുടെ ജീവിതശൈലിയെയും നമ്മുടെ ആദർശങ്ങളെയും കുറിച്ച് ചിന്തിക്കുകയും നമുക്കിടയിലും നമ്മെ ചുറ്റിപ്പറ്റിയുള്ള എല്ലാറ്റിലും വസിക്കുന്ന സ്രഷ്ടാവിനെ ധ്യാനിക്കുകയും ചെയ്യുക സുപ്രധാനമാണെന്ന് ഫ്രാൻസീസ് പാപ്പായുടെ “ലൗദാത്തൊ സീ”യിൽ നിന്നുള്ള വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ അനുസ്മരിപ്പിച്ചു.
ഉദ്ഘാടനം ചെയ്യപ്പെട്ട ഈ ഗ്രാമം – “ബോർഗൊ ലൗദാത്തൊ സീ” "ദൈവത്തിൻറെ കരവേലയുടെ സൂക്ഷിപ്പുകാരാകാനുള്ള വിളിയെ" സാക്ഷാത്കരിക്കാൻ ലക്ഷ്യമിട്ടുള്ള സഭയുടെ സംരംഭങ്ങളിൽ ഒന്നാണെന്നും വെല്ലുവിളി നിറഞ്ഞതും എന്നാൽ മനോഹരവും ആകർഷകവുമായ ഒരു ദൗത്യമായ ഇത് ക്രിസ്തീയ അനുഭവത്തിൻറെ ഒരു പ്രാഥമിക മാനമാണെന്നും പാപ്പാ പറഞ്ഞു.
ദൈവരാജ്യത്തിൻറെ സാക്ഷാത്കാരത്തിന് സകല സൃഷ്ടികളും സംഭാവന ചെയ്യത്തക്കവിധം, തുടക്കം മുതൽ തന്നെ എല്ലാം ജ്ഞാനപൂർവ്വം ക്രമീകരിച്ചിട്ടുണ്ടെന്നും ഓരോ സൃഷ്ടിക്കും സ്രഷ്ടാവിൻറെ പദ്ധതിയിൽ പ്രധാനപ്പെട്ടതും നിർദ്ദിഷ്ടവുമായ പങ്കുണ്ടെന്നും പാപ്പാ വിശദീകരിച്ചു. “ലൗദാത്തൊ സീ” ഗ്രാമം പ്രത്യാശയുടെ ഒരു വിത്ത്, ഫ്രാൻസിസ് മാർപാപ്പ നമുക്ക് ഒരു പൈതൃകമായി നല്കിയ, "നീതിയുടെയും സമാധാനത്തിൻറെയും ഫലം പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു വിത്ത്" ആണെന്നും പാപ്പാ പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: