പാപ്പാ: ഉത്ഥിതനുമായുള്ള കൂടിക്കാഴ്ച നമ്മുടെ ആന്തരികനയനങ്ങളെ തുറക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രത്യാശയുടെ ജൂബിലിവർഷാചരണത്തിൻറെ ഭാഗമായ യുവജനജൂബിലിയായിരുന്നു ജൂലൈ 28 മുതൽ ആഗസ്റ്റ് 3 വരെ. ഈ ആചരണത്തിൽ പങ്കുചേരുന്നതിന് 140-ലേറെ നാടുകളിൽ നിന്നായി ലക്ഷക്കണക്കിന് യുവതീയുവാക്കൾ റോമിൽ എത്തിയിരുന്നു. ആഗസ്റ്റ് 3-ന് ഞായറാഴ്ചയായിരുന്നു ഈ യുവജനജൂബിലിയാചരണത്തിന് സമാപനം കുറിച്ച സാഘോഷമായ ദിവ്യബലി. ഇതിനു വേദിയൊരുക്കിയിരുന്നത് റോമിൻറെ പ്രാന്തത്തിലുള്ള തോർ വെർഗാത്ത എന്ന പ്രദേശത്തായിരുന്നു. രണ്ടായിരാമാണ്ടിലെ മഹാജൂബിലി വർഷത്തിൽ 25 ലക്ഷത്തോളം യുവതീയുവാക്കളുമൊത്തു വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ നടത്തിയ അവിസ്മരണീയ കൂടിക്കാഴ്ചയുടെ വേദിയാണിത്. ഈ ജൂബിലിവർഷത്തിലെ യുവജനജൂബിലിയുടെ സമാപന ദിവ്യബലിയിൽ തോർ വെർഗാത്തയിലും പരിസരങ്ങളിലുമായി പത്തുലക്ഷത്തോളം യുവതീയുവാക്കൾ പങ്കുകൊണ്ടു എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. ആഗസ്റ്റ് 3-ന് രാവിലെ, ഇറ്റലിയുടെ പ്രത്യേക ഹെലിക്കോപ്റ്ററിൽ വത്തിക്കാനിൽ നിന്ന് തോർ വെർഗാത്തയിൽ വന്നിറങ്ങിയ ലിയൊ പതിനാലമൻ പാപ്പാ നാലു വശവും തുറന്ന വെളുത്ത “പേപ്പൽ വാഹനത്തിൽ” കയറി ജനസഞ്ചയത്തിനിടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങി. പ്രാദേശിക സമയം രാവിലെ 9 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-നായിരുന്നു ലിയൊ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി ആരംഭിച്ചത്. 20 കർദ്ദിനാളന്മാരും 450 ഓളം മെത്രാന്മാരും സഹകാർമ്മികരായിരുന്നു. ഏഴായിരത്തോളം വൈദികരും സന്നിഹിതരായിരുന്നു. പ്രാരംഭ പ്രാർത്ഥനകൾക്കും വിശുദ്ധഗ്രന്ഥ വായനകൾക്കും ശേഷം പാപ്പാ സുവിശേഷ സന്ദേശം നല്കി.
പാപ്പായുടെ സുവിശേഷ പ്രഭാഷണം - എമ്മാവുസിലേക്കു പോയ ശിഷ്യന്മാർ ഉത്ഥിതനെ തിരിച്ചറിയുന്നു
പ്രിയ യുവജനമേ,
ഇന്നലെ സായാഹ്നത്തിൽ നാം ഒരുമിച്ചു പങ്കുചേർന്ന ജാഗരണത്തിനുശേഷം, ഇന്നു നമ്മൾ, കർത്താവ് നമുക്കുവേണ്ടി സമ്പൂർണ്ണ ആത്മദാനമായിത്തീർന്ന കൂദാശയായ ദിവ്യകാരുണ്യാഘോഷത്തിന്നായി ഒന്നുചേർന്നിരിക്കയാണ്. ഉയിർപ്പുദിന സായാഹ്നത്തിൽ എമ്മാവൂസിലെ ശിഷ്യന്മാർ നടത്തിയ യാത്ര (ലൂക്കോസ് 24:13-35 കാണുക) നാം ആവർത്തിക്കുന്നതായി, ഈ അനുഭവത്തിൽ, നമുക്ക് സങ്കൽപ്പിക്കാൻ കഴിയും. അതായത്, ആദ്യം, അവർ ഭയത്തോടെയും നിരാശയോടെയും ജറുസലേം വിടുന്നു; യേശുവിൻറെ മരണാനന്തരം, ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്ന, പ്രത്യാശിക്കാൻ ഒന്നുമില്ലെന്ന ബോധ്യത്തോടെ അവർ പോയി. എന്നാൽ, അവർ അവനെത്തന്നെ കണ്ടുമുട്ടി, അവർ അവനെ ഒരു സഹയാത്രികനായി സ്വാഗതം ചെയ്തു, അവൻ അവർക്ക് തിരുവെഴുത്തുകൾ വിശദീകരിച്ചുകൊടുത്തപ്പോൾ അവർ അവനെ ശ്രവിച്ചു, ഒടുവിൽ അപ്പം മുറിച്ചുനല്കിയപ്പോൾ അവർ അവനെ തിരിച്ചറിഞ്ഞു. അപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു, ഉത്ഥാനത്തിൻറെ സന്തോഷകരമായ സന്ദേശം അവരുടെ ഹൃദയങ്ങളിൽ ഇടംപിടിച്ചു.
ഇന്നത്തെ ആരാധനക്രമം ഈ സംഭവത്തക്കുറിച്ച് പ്രത്യക്ഷമായി പറയുന്നില്ല, പക്ഷേ, അതിൽ വിവരിക്കപ്പെടുന്നതെന്തെന്ന്, അതായത്, നമ്മുടെ അസ്തിത്വത്തെ മാറ്റുന്ന, നമ്മുടെ സ്നേഹങ്ങളെയും ആഗ്രഹങ്ങളെയും ചിന്തകളെയും പ്രകാശിപ്പിക്കുന്ന ഉത്ഥിതനായ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചു ചിന്തിക്കാൻ നമ്മെ സഹായിക്കുന്നു.
ദാനമായിത്തീരുന്ന ജീവിതം
സഭാപ്രസംഗകൻറെ പുസ്തകത്തിൽ നിന്ന് എടുത്ത ആദ്യ വായന, നമ്മൾ പരാമർശിച്ച ആ രണ്ടു ശിഷ്യന്മാരെപ്പോലെ, നമ്മുടെ പരിമിതികളുടെ അനുഭവവും ക്ഷണികമായവയുടെ പരിമിതിയുമായി ബന്ധപ്പെടാൻ നമ്മെ ക്ഷണിക്കുന്നു (സഭാപ്രസംഗകൻ 1:2;2:21-23); അതിനെ പ്രതിധ്വനിപ്പിക്കുന്ന പ്രതിവചന സങ്കീർത്തനം, നമ്മുടെ മുന്നിൽ വയ്ക്കുന്ന ചിത്രം "മുളയ്ക്കുന്ന പുല്ലിൻറെതാണ്; രാവിലെ അത് തഴച്ചുവളരുകയും സായാഹ്നത്തിൽ അത് വാടിക്കരിയുകയും ചെയ്യുന്നു" (സങ്കീർത്തനങ്ങൾ 90:5-6). ഇവ ശക്തമായ രണ്ട് ഓർമ്മപ്പെടുത്തലുകളാണ്, ഒരുപക്ഷേ അൽപ്പം ഞെട്ടിക്കുന്നവ, പക്ഷേ ഒഴിവാക്കേണ്ട "നിഷിദ്ധ" വിഷയങ്ങളാണെന്ന മട്ടിൽ അവ നമ്മെ ഭയപ്പെടുത്തരുത്. അവ പരാമർശിക്കുന്ന ദുർബ്ബലത, വാസ്തവത്തിൽ, നമ്മൾ എന്ന അത്ഭുതത്തിൻറെ ഭാഗമാണ്. പുല്ല് എന്ന പ്രതീകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം: ഒരു പൂമൈതാനം മനോഹരമല്ലേ? തീർച്ചയായും, അത് ലോലമാണ്, നേർത്തതും ദുർബ്ബലവുമായ തണ്ടുകൾ കൊണ്ട് നിർമ്മിച്ചവയാണ്, അവ ഉണങ്ങുകയും വളയുകയും പൊട്ടുകയും ചെയ്യാം, എന്നാൽ അതേ സമയം തന്നെ അവയ്ക്ക് ശേഷം മുളയ്ക്കുന്നവ അവയുടെ സ്ഥാനത്തു വളരുന്നു. ആദ്യത്തേത് മണ്ണിൽ ഇല്ലാതായിത്തീർന്നുകൊണ്ട് രണ്ടാമത്തേതിന് ഉദാരമായി പോഷണവും വളവുമായി മാറുന്നു. ഇങ്ങനെയാണ് വയലിൻറെ ജീവിതം, എല്ലാം നിശബ്ദമായിരിക്കുന്നുവെന്നു തോന്നുന്ന ശൈത്യകാലത്തിൻറെ തണുത്തുറഞ്ഞ മാസങ്ങളിൽ പോലും അത് നിരന്തരം സ്വയം പുതുക്കിക്കൊണ്ടിരിക്കുന്നു, ഭൂമിക്കടിയിൽ വിറകൊള്ളുന്ന അതിൻറെ ഊർജ്ജം വസന്തകാലത്ത്, ആയിരം നിറങ്ങളിൽ വിസ്ഫോടനത്തിന് തയ്യാറാകുകയും ചെയ്യുന്നു.
നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്തിന്?
പ്രിയ സുഹൃത്തുക്കളെ, നമ്മളും ഇങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്: ഇതിനായി നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സകലവും പ്രതീക്ഷിതവും നിശ്ചലവുമായ ഒരു ജീവിതത്തിനുവേണ്ടിയല്ല, മറിച്ച് ദാനത്തിലും സ്നേഹത്തിലും നിരന്തരം സ്വയം പുനരുജ്ജീവിപ്പിക്കുന്ന ഒരു അസ്തിത്വത്തിനുവേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ നാം നിരന്തരം ആഗ്രഹിക്കുന്നത്, സൃഷ്ടിക്കപ്പെട്ട ഒരു യാഥാർത്ഥ്യത്തിനും നമുക്ക് നൽകാൻ കഴിയാത്ത "കൂടുതൽ" ആയ എന്തോ ഒന്നിനുവേണ്ടിയാണ്; ഈ ലോകത്തിലെ ഒരു പാനീയത്തിനും ശമിപ്പിക്കാൻ കഴിയാത്തത്ര വലുതും എരിയുന്നതുമായ ഒരു ദാഹം നമുക്ക് അനുഭവപ്പെടുന്നു. ഇതിനു മുന്നിൽ നമ്മൾ, ഫലപ്രദമല്ലാത്ത പകരവസ്തു ഉപയോഗിച്ച് അത് ശമിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് നമ്മുടെ ഹൃദയങ്ങളെ വഞ്ചിക്കരുത്! മറിച്ച് നമുക്ക് അത് കേൾക്കാം! ദൈവവുമായുള്ള കൂടിക്കാഴ്ചയുടെ ജാലകത്തിങ്കൽ കാൽവിരലൂന്നി നിൽക്കുന്ന കുട്ടികളെ പോലെ കയറി നില്ക്കാൻ കഴിയുന്ന ഒരു പീഠമായി നമുക്കതിനെ മാറ്റാം. നമ്മെ കാത്തിരിക്കുന്ന, അല്ലെങ്കിൽ നമ്മുടെ ആത്മാവിൻറെ ചില്ലിൽ മൃദുവായി മുട്ടുന്ന അവൻറെ മുമ്പിലാണ് നാം (cf. Rev 3:20). ഇരുപതാമത്തെ വയസ്സിൽ പോലും, നമ്മുടെ ഹൃദയങ്ങൾ അവനായി തുറക്കുന്നതും, അവനെ പ്രവേശിക്കാൻ അനുവദിക്കുന്നതും, തുടർന്ന് അനന്തതയുടെ നിത്യ ഇടങ്ങളിലേക്ക് അവനോടൊപ്പം സഞ്ചരിക്കുന്നതും മനോഹരമാണ്.
നമ്മുടെ പ്രത്യാശയും നമ്മുടെ ജീവിതത്തിൻറെ പൊരുളും
ദൈവത്തിനായുള്ള തൻറെ തീവ്രമായ അന്വേഷണത്തെക്കുറിച്ച് സംസാരിക്കവേ വിശുദ്ധ അഗസ്റ്റിൻ ചോദിക്കുമായിരുന്നു: "അപ്പോൾ, നമ്മുടെ പ്രത്യാശയുടെ ലക്ഷ്യം എന്താണ് ? അത് ഭൂമിയാണോ? ഇല്ല. സ്വർണ്ണം, വെള്ളി, മരം, വിളവ്, വെള്ളം എന്നിങ്ങനെ ഭൂമിയിൽ നിന്നുള്ള എന്തെങ്കിലുമാണോ? ഇവ പ്രിയങ്കരങ്ങളാണ്, മനോഹരങ്ങളാണ്, ഇവ നല്ലതാണ്" (Sermo 313/F, 3). അദ്ദേഹം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: "അവ നിർമ്മിച്ചതാരാണെന്ന് അന്വേഷിക്കുക; അവനാണ് നിൻറെ പ്രത്യാശ" (ibid.). പിന്നീട്, താൻ നടത്തിയ യാത്രയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു: “നീ [കർത്താവേ] എൻറെ ഉള്ളിലായിരുന്നു, ഞാൻ പുറത്തും. അവിടെ ഞാൻ നിന്നെ അന്വേഷിച്ചു […]. നീ എന്നെ വിളിച്ചു, നിൻറെ രോദനം എൻറെ ബധിരതയെ ഭേദിച്ചു; നീ മിന്നിമറഞ്ഞു, നിൻറെ തേജസ്സ് എൻറെ അന്ധതയകറ്റി; നീ നിൻറെ പരിമളം പരത്തി, ഞാൻ അതു ശ്വസിക്കുകയും നിന്നിലേക്കടുക്കാൻ കൊതിക്കുകയും ചെയ്തു, ഞാൻ രുചിച്ചു (cf. സങ്കീർത്തനങ്ങൾ 33:9; 1 പത്രോസ് 2:3), ഞാൻ വിശപ്പും ദാഹവും അനുഭവിച്ചു (cf. മത്തായി 5:6; 1 കൊറീന്ത്യർ 4:11); നീ എന്നെ സ്പർശിച്ചു, നിൻറെ സമാധാനത്തിനായുള്ള അഭിവാഞ്ഛയാൽ ഞാൻ ജ്വലിച്ചു” (കുമ്പസാരങ്ങൾ, 10, 27).
സഹോദരി സഹോദരന്മാരേ, മനോഹരങ്ങളായ ഈ വാക്കുകൾ, ലിസ്ബണിൽ, ലോക യുവജന ദിനവേളയിൽ ഫ്രാൻസിസ് പാപ്പാ നിങ്ങളെപ്പോലുള്ള മറ്റ് യുവതീയുവാക്കളോട് പറഞ്ഞതിനെ ഓർമ്മിപ്പിക്കുന്നതാണ്: അതായത് "ലളിതമോ ഉടനടിയുള്ളതോ ആയ ഉത്തരങ്ങളില്ലാത്ത വലിയ ചോദ്യങ്ങളെ നേരിടാൻ നമ്മളിൽ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു, നമ്മെത്തന്നെ മറികടക്കാൻ, […] അപ്പുറത്തേക്ക് പോകാൻ, പറന്നുയരാൻ നമ്മെ ക്ഷണിക്കുന്നു, പറന്നുയരാതെ പറക്കുക സാധ്യമല്ല. അപ്പോൾ, ആന്തരികമായി ദാഹവും അസ്വസ്ഥതയും അപൂർണ്ണതയുമുള്ളവരും അർത്ഥത്തിനും ഭാവിക്കും വേണ്ടി ദാഹിക്കുന്നവരുമായി കാണപ്പെടുകയാണെങ്കിൽ, നമ്മൾ പരിഭ്രമിക്കേണ്ടതില്ല […]. നാം രോഗികളല്ല, നമ്മൾ ജീവനുള്ളവരാണ്!" (സർവ്വകലാശാല വിദ്യാർത്ഥികളുമായുള്ള കൂടിക്കാഴ്ചാവേളയിലെ പ്രസംഗം, 3 ഓഗസ്റ്റ് 2023).
നമ്മുടെ ഹൃദയങ്ങളിൽ ജ്വലിക്കുന്ന ഒരു ചോദ്യമുണ്ട്, നമുക്ക് അവഗണിക്കാൻ കഴിയാത്ത സത്യത്തിനായുള്ള ആവശ്യമുണ്ട്, അത് നമ്മെ ഇങ്ങനെ സ്വയം ചോദിക്കാൻ പ്രേരിപ്പിക്കുന്നു: യഥാർത്ഥ സന്തോഷം എന്താണ്? ജീവിതത്തിൻറെ യഥാർത്ഥ അർത്ഥമെന്താണ്? അർത്ഥശൂന്യത, വിരസത, സാമാന്യത്വം എന്നിവയിൽ കുടുങ്ങിക്കിടക്കുന്നതിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നത് എന്താണ്?
ഇക്കഴിഞ്ഞ ദിനങ്ങളിൽ, നിങ്ങൾക്ക് നിരവധി മനോഹരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുമുള്ള മറ്റ് യുവതയെ നിങ്ങൾ കണ്ടുമുട്ടി. നിങ്ങൾ അറിവ് കൈമാറുകയും പ്രതീക്ഷകൾ പങ്കുവെക്കുകയും കല, സംഗീതം, സാങ്കേതികവിദ്യ, കായികവിനോദങ്ങൾ എന്നിവയിലൂടെ നഗരവുമായി സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. ചിർക്കൊ മാസ്സിമൊയിൽ നിങ്ങൾ പാപസങ്കീർത്തന കൂദാശയ്ക്കണയുകയും നല്ല ജീവിതം നയിക്കാൻ ദൈവത്തിൻറെ സഹായം അപേക്ഷിച്ചുകൊണ്ട് അവിടത്തെ മാപ്പു നേടുകയും ചെയ്തു.
നമ്മുടെ അസ്തിത്വത്തിൻറെ പൂർണ്ണത
ഇതിലെല്ലാം നിന്ന്, നിങ്ങൾക്ക് സുപ്രധാനമായ ഒരു ഉത്തരം ഗ്രഹിക്കാൻ കഴിയും: നമ്മുടെ അസ്തിത്വത്തിൻറെ പൂർണ്ണത നാം സംഭരിച്ചവയെയോ, സുവിശേഷത്തിൽ നാം കേട്ടതുപോലെ, നമ്മുടെ കൈവശമുള്ളവയെയോ ആശ്രയിച്ചല്ല (cf. ലൂക്കാ 12:13-21). മറിച്ച്, അത് നാം സന്തോഷത്തോടെ സ്വാഗതം ചെയ്യുകയും പങ്കിടുകയും ചെയ്യുവയുമായി ബന്ധപ്പെട്ടിരിക്കുന്നു (cf. മത്തായി 10:8-10; യോഹന്നാൻ 6:1-13). വാങ്ങുകയും ശേഖരിക്കുകയും ഉപഭോഗം ചെയ്യുകയും ചെയ്താൽ മാത്രം പോരാ. ക്രിസ്തുവിനുള്ളതു പോലെ (cf. ഫിലി 2:5) "ആർദ്രത, ദയ, എളിമ, സൗമ്യത, മഹാമനസ്കത" (കൊളോസോസ് 3:12), ക്ഷമ (cf. ibid., v. 13), സമാധാനം (cf. യോഹന്നാൻ 14:27), എന്നീ വികാരങ്ങൾ നമ്മിൽ വളർത്തിക്കൊണ്ട്, നമ്മെ ദൈവവുമായും നമ്മുടെ സഹോദരങ്ങളുമായും ഉപവിയിൽ ഒന്നിപ്പിക്കാൻ സഹായിക്കുന്നിടത്തോളം മാത്രമെ ലോകത്തിൻറെ യാഥാർത്ഥ്യങ്ങൾക്കിടയിൽ എല്ലാത്തിനും ഒരു അർത്ഥമുള്ളൂ എന്നു മനസ്സിലാക്കാൻ, നമ്മുടെ കണ്ണുകൾ ഉയർത്തേണ്ടതുണ്ട്, ഉന്നതത്തിലേക്ക്, "മുകളിലുള്ളവയിലേക്ക്" (കൊളോസോസ് 3:2), നോക്കേണ്ടതുണ്ട്. ഈ ഒരു ചക്രവാളത്തിൽ നമുക്കു കൂടുതലായി മനസ്സിലാക്കാൻ സാധിക്കും, "പ്രത്യാശ നിരാശപ്പെടുത്തുന്നില്ല എന്ന്. കാരണം നമുക്ക് നൽകപ്പെട്ട പരിശുദ്ധാത്മാവിലൂടെ ദൈവത്തിൻറെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു" (cf. റോമർ 5:5.
വിശുദ്ധിക്കായുള്ള ദാഹം
പ്രിയ യുവജനങ്ങളേ, നമ്മുടെ പ്രത്യാശ യേശുവാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പറഞ്ഞതുപോലെ, "നിങ്ങളെയും സമൂഹത്തെയും കൂടുതൽ മാനുഷികവും സാഹോദര്യവുമാക്കുന്നതിന്, നിങ്ങളുടെ ജീവിതത്തിൽ മഹത്തായ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം നിങ്ങളിൽ ഉളവാക്കുന്നത് അവനാണ് [...]" (15-ാം ലോക യുവജന ദിനം, ജാഗര പ്രാർത്ഥന, ഓഗസ്റ്റ് 19, 2000). അടുത്തു തന്നെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാൻ പോകുന്ന വാഴ്ത്തപ്പെട്ടവരായ പിയർജ്യോർജൊ ഫ്രസ്സാത്തിയും കാർലോ അക്കൂത്തിസും നമ്മെ പഠിപ്പിച്ചതുപോലെ നമുക്ക് അവനോട് ഐക്യപ്പെട്ടിരിക്കാം, എപ്പോഴും അവൻറെ സൗഹൃദത്തിൽ തുടരാം, പ്രാർത്ഥന, ആരാധന, ദിവ്യകാരുണ്യ കൂട്ടായ്മ, പതിവായ കുമ്പസാരം, ഉദാരമായ ഉപവി എന്നിവയിലൂടെ അത് വളർത്തിയെടുക്കാം. നിങ്ങൾ എവിടെയായിരുന്നാലും മഹത്തായ കാര്യങ്ങൾക്കായി, വിശുദ്ധിക്കായി ആഗ്രഹിക്കുക. കുറച്ചുകൊണ്ട് തൃപ്തിപ്പെടരുത്. അപ്പോൾ സുവിശേഷത്തിൻറെ വെളിച്ചം നിങ്ങളുടെ ഉള്ളിലും നിങ്ങളുടെ ചുറ്റുപാടും എല്ലാ ദിവസവും വർദ്ധമാനമാകുന്നത് നിങ്ങൾക്ക് കാണാനാകും.
പ്രത്യാശയുടെ കന്യകയായ മറിയത്തിന് ഞാൻ നിങ്ങളെ ഭരമേൽപ്പിക്കുന്നു. വരും ദിവസങ്ങളിൽ നിങ്ങളുടെ നാടുകളിലേക്കു മടങ്ങിപ്പോകുന്ന നിങ്ങൾ ലോകമെമ്പാടും, രക്ഷകൻറെ കാലടികളിലൂടെ സന്തോഷത്തോടെ നടക്കുന്നത് തുടരുക, നിങ്ങളുടെ ഉത്സാഹവും വിശ്വാസത്തിൻറെ സാക്ഷ്യവും നിങ്ങൾ കണ്ടുമുട്ടുന്ന എല്ലാവരിലും സംക്രമിപ്പിക്കുക! ശുഭയാത്ര!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: