MAP

ലിയൊ പതിനാലാമൻ പാപ്പാ ലിയൊ പതിനാലാമൻ പാപ്പാ  (AFP or licensors)

രോഗഗ്രസ്തയുവാവിനെ സന്ദർശിച്ച് പാപ്പാ!

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവായ ഇസിയൊ ഗൊൺസാലെസിനെ പാപ്പാ സന്ദർശിക്കുകയും കുടുംബാംഗളെ ആശ്വസിപ്പിക്കുകയും ചെയ്തു. യുവജനജൂബിലിൽ പങ്കെടുക്കാനെത്തിയ യുവാവാണ് അപ്രതീക്ഷിതമായി റോമിൽ ആശുപത്രിയിലായത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിൽ യുവജനജൂബിലിയിൽ പങ്കെടുക്കുന്നതിന് സ്പെയിനിൽ നിന്നെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇഞ്ഞാസിയൊ ഗൊൺസാലെസ് എന്ന ബാലനെ പാപ്പാ സന്ദർശിച്ചു സാന്ത്വനമരുളി.

ജൂലൈ 28 മുതൽ ആഗസ്റ്റ് 3 വരെ നടന്ന യുവജനജൂബിലി സമാപിച്ചതിൻറെ പിറ്റേന്ന്, നാലാം തീയതി തിങ്കളാഴ്ച വൈകുന്നേരമാണ് ലിയൊ പതിനാലാമൻ പാപ്പാ വത്തിക്കാനുടുത്ത്, വത്തിക്കാൻറെ മേൽനോട്ടത്തിലുള്ള, ഉണ്ണിയേശുവിൻറെ നാമത്തിലുള്ള “ബംബീനൊ ജെസൂ” ശിശുരോഗാശുപത്രിയിൽ ഈ രോഗീസന്ദർശനം നടത്തിയത്.

പാപ്പാ, ഇഞ്ഞാസിയൊ ഗൊൺസാലെസും കുടുംബാഗംങ്ങളുമായി സംസാരിക്കുകയും ആ ആശുപത്രിയിലെ അർബുദരോഗ ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ അടുത്തു ചെന്നു അവരെയും അവരുടെ ബന്ധുക്കളെയും സാന്ത്വനിപ്പിക്കുകയും ചെയ്തു. കൂടാതെ ആശുപത്രി ജീവനാക്കാരെയും പാപ്പാ അഭിവാദ്യം ചെയ്തു. പാപ്പാ എല്ലാവരുമൊത്ത് സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലുകയും ആശീർവ്വാദം നല്കുകയും ചെയ്തതിനു ശേഷമാണ് ആശുപത്രി വിട്ടത്.

യുവജന ജൂബിലിയിൽ പങ്കെടുക്കാനെത്തി ആകസ്മികമായി മരണമടഞ്ഞ ഈജിപ്റ്റ് സ്വദേശിനി പതിനെട്ടുകാരിയായിരുന്ന പസ്കാലെ റഫീക്കിനെയും സ്പെയിൻ സ്വദേശിനി ഇരുപതുവയസ്സുകാരിയായിരുന്ന മരിയ കോബൊ വെർഗാരയെയും പാപ്പാ ആഗസ്റ്റ് 2-ന്, തോർ വെർഗാത്തയിൽ, യുവജനങ്ങളുമൊത്തുള്ള ജാഗരണ പ്രാർത്ഥനാ വേളയിൽ അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തിരുന്നു.   

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ഓഗസ്റ്റ് 2025, 12:40