MAP

പാപ്പാ: നമ്മുടെ അസ്തിത്വമാകുന്ന നിധി കാരുണ്യപ്രവർത്തികളിൽ നിക്ഷേപിക്കുക!

ലിയൊ പതിനാലാമൻ പാപ്പയുടെ ത്രികാലജപ സന്ദേശം: ദൈവദത്തദാനങ്ങൾ നാം നമുക്കായിമാത്രം സൂക്ഷിക്കാതെ നമ്മുടെ സഹായം ഏറ്റവും ആവശ്യമുള്ളവരുടെ നന്മയ്ക്കായി വിനിയോഗിക്കണം. യേശു ഓരോ നിമിഷവും നമ്മോട് ചെയ്യുന്നതുപോലെ, പരസ്പരം ശ്രദ്ധയും, ഒരുക്കവും, സംവേദനക്ഷമതയും ഉള്ളവരായിരിക്കുകയെന്നത് ഒരു ശീലമാക്കണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിൽ ഏതാനും ദിനങ്ങളിൽ, താപ നിലയിൽ  അല്പമൊരു കുറവ് അനുഭവപ്പെട്ടിരുന്നെങ്കിലും ആ ഇടക്കാലാശ്വാസാനന്തരം വേനൽ ഉപരിശക്തിയാർജ്ജിക്കയാണ്. എന്നിരുന്നാലും റോമാനഗരത്തിലേക്കുള്ള തീർത്ഥാടകരുടെയും സന്ദർശകരുടെയും പ്രവാഹത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. പാപ്പാ ആഗസ്റ്റ് 10-ന് ഞായറാഴ്ച മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തുറസ്സായ അങ്കണത്തിൽ സന്നിഹിതരായിരുന്നു. ആദിത്യകിരണങ്ങളിൽ നിന്ന് രക്ഷനേടുന്നതിന് പലരും കുട ചൂടുകയൊ തൊപ്പി അണിയുകയോ ചെയ്തിരുന്നു. മറ്റുചിലർ ചത്വരത്തിൽ സ്തംഭാവലിക്കിടയിൽ അഭയം തേടിയിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു.  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ഈ ഞായറാഴ്ച ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ലൂക്കായുടെ സുവിശേഷം അദ്ധ്യായം   12, 32-48 വരെയുള്ള വാക്യങ്ങൾ, അതായത്, ദൈവരാജ്യം നേടുന്നതിന് സകലവും വിറ്റ് ദാനം ചെയ്യാനും സദാ ജാഗരൂഗരായിരിക്കാനും യേശു ശിഷ്യന്മാരെയും ജനസഞ്ചയത്തെയും ഉദ്ബോധിപ്പിക്കുന്ന ഭാഗം, ആയിരുന്നു. ഇറ്റാലിയൻ ഭാഷയിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:

ജീവിത സമ്പത്ത് എങ്ങനെ നിക്ഷേപിക്കാം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

നമ്മുടെ ജീവിതസമ്പത്ത് എപ്രകാരം നിക്ഷേപിക്കണമെന്ന് ചിന്തിക്കാൻ യേശു ഇന്നത്തെ സുവിശേഷത്തിലൂടെ നമ്മെ ക്ഷണിക്കുന്നു (ലൂക്കാ 12:32-48 കാണുക). അവൻ പറയുന്നു: "നിൻറെ സ്വത്തുവകകൾ വിറ്റ് ദാനം ചെയ്യുക" (ലൂക്കാ 12 33).

ദൈവം നമുക്ക് നൽകിയിട്ടുള്ള ദാനങ്ങൾ നമുക്കായി സൂക്ഷിക്കരുതെന്നും, മറിച്ച് മറ്റുള്ളവരുടെ, പ്രത്യേകിച്ച് നമ്മുടെ സഹായം ഏറ്റവും ആവശ്യമുള്ളവരുടെ നന്മയ്ക്കായി ഉദാരമായി അവ ഉപയോഗിക്കണമെന്നും അവൻ നമ്മെ ഗുണദോഷിക്കുന്നു. ഇതിനർത്ഥം നമുക്കുള്ള ഭൗതിക വസ്തുക്കൾ പങ്കുവയ്ക്കുക മാത്രമല്ല, നമ്മുടെ കഴിവുകൾ, നമ്മുടെ സമയം, നമ്മുടെ സ്നേഹം, നമ്മുടെ സാന്നിധ്യം, നമ്മുടെ സഹാനുഭൂതി എന്നിവ ഉപയോഗപ്പെടുത്തുക എന്നതുമാണ്. ചുരുക്കത്തിൽ, ദൈവത്തിൻറെ പദ്ധതിയിൽ നമ്മെ ഓരോരുത്തരെയും അതുല്യവും വിലമതിക്കാനാവാത്തതുമായ ആസ്തിയാക്കി, ജീവനുള്ള, തുടിക്കുന്ന മൂലധനമാക്കി, മാറ്റുന്ന സകലവും സംവർദ്ധകമാകുന്നുതിനു വേണ്ടി വളർത്തിയെടുക്കുകയും നിക്ഷേപിക്കുകയും ചെയ്യണം; അല്ലാത്തപക്ഷം, അത് വാടിപ്പോകുകയും അതിന് മൂല്യശോഷണം സംഭവിക്കുകയും ചെയ്യും. അതുമല്ലെങ്കിൽ, അതിനെ ഒരു ഉപഭോഗവസ്തുവായിമാത്രം കാണുന്നവരായ, കള്ളന്മാരെപ്പോലുള്ള ആളുകൾ അത് എടുത്തുകൊണ്ടുപോകും.

സ്നേഹം അനിവാര്യ വ്യവസ്ഥ

ദൈവത്തിൻറെ ദാനമാകുന്ന നമ്മൾ ഈ രീതിയിൽ അവസാനിക്കേണ്ടവരല്ല. അതിന് സാക്ഷാത്ക്കരിക്കപ്പെടാനും ആവിഷ്കൃതമാകാനും  ഇടവും സ്വാതന്ത്ര്യവും ബന്ധവും ആവശ്യമാണ്: നമ്മുടെ അസ്തിത്വത്തിൻറെ എല്ലാ മാനങ്ങളെയും രൂപാന്തരപ്പെടുത്തുകയും മഹത്വീകരിക്കുകയും ചെയ്തുകൊണ്ട്, നമ്മെ, കൂടുതൽ ദൈവത്തെപ്പോലെയാക്കുന്ന സ്നേഹമാണ് അതിന് വേണ്ടത്. നമ്മുടെ രക്ഷയ്ക്കായി കുരിശിൽ സ്വയം സമർപ്പിക്കുന്ന വേദിയായ ജറുസലേമിലേക്കുള്ള യാത്രാമദ്ധ്യേ യേശു ഈ വാക്കുകൾ ഉച്ചരിക്കുന്നത് യാദൃശ്ചികമല്ല.

കാരുണ്യപ്രവർത്തികളിൽ നിക്ഷേപിക്കുക

നമ്മുടെ അസ്തിത്വത്തിൻറെ നിധി ഭരമേൽപ്പിക്കാൻ ഏറ്റവും സുരക്ഷിതവും ലാഭകരവുമായ ബാങ്കാണ് കാരുണ്യപ്രവൃത്തികൾ, കാരണം സുവിശേഷം നമ്മെ പഠിപ്പിക്കുന്നതുപോലെ, അവിടെ "രണ്ട് ചില്ലിക്കാശുകൾ" ഉപയോഗിച്ച്, ഒരു ദരിദ്ര വിധവ പോലും ലോകത്തിലെ ഏറ്റവും ധനികയായ വ്യക്തിയായി മാറുന്നു (മർക്കോസ് 12:41-44 കാണുക).

ഇതിനെക്കുറിച്ച് വിശുദ്ധ അഗസ്റ്റിൻ പറയുന്നു: "ഒരുവന് ഒരു ചെമ്പു നാണയംകൊണ്ട് ഒരു വെള്ളി നാണയം നേടാൻ കഴിഞ്ഞാൽത്തന്നെ അവന് സംതൃപ്തിയുണ്ടാകും; എന്നാൽ ഒരാൾ നൽകുന്നതിൽ നിന്ന് യഥാർത്ഥത്തിൽ വിഭിന്നമായ ഒന്ന് ലഭിക്കുന്നു, സ്വർണ്ണമോ വെള്ളിയോ അല്ല, നിത്യജീവൻ" (പ്രസംഗം 390, 2). അത് എന്തുകൊണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു: "കൊടുത്തത് മാറും, കാരണം കൊടുക്കുന്നവൻ മാറും" (ibid).

ഇതിൻറെ അർത്ഥം മനസ്സിലാക്കാൻ കഴിയുന്നതിന്, നമുക്ക്, ഒരു അമ്മ തൻറെ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുന്നത് സങ്കൽപ്പിക്കാം: ലോകത്തിലെ ഏറ്റവും സുന്ദരിയും ധനികയുമായ വ്യക്തിയല്ലേ അവൾ? അല്ലെങ്കിൽ ഒരുമിച്ചായിരിക്കുന്ന പ്രണയജോഡികൾ: അപ്പോൾ തങ്ങൾ രാജാവും രാജ്ഞിയുമാണെന്ന പ്രതീതി അവർക്കുണ്ടാകില്ലേ? നമുക്ക് മറ്റ് നിരവധി ഉദാഹരണങ്ങൾ നിരത്താൻ കഴിയും.

സ്നേഹിക്കാനുള്ള അവസരം കൈവിട്ടുകളയരുത്

അതിനാൽ, നമ്മുടെ കുടുംബങ്ങളിലും, നമ്മുടെ ഇടവകകളിലും, വിദ്യാലയങ്ങളിലും, നമ്മുടെ തൊഴിലിടങ്ങളിലും, നമ്മൾ എവിടെയായിരുന്നാലും അവിടെ, സ്നേഹിക്കാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്താതിരിക്കാൻ നമുക്ക് പരിശ്രമിക്കാം. ഈ ജാഗ്രതയാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്: ഓരോ നിമിഷവും അവൻ നമ്മോട് ചെയ്യുന്നതുപോലെ, പരസ്പരം ശ്രദ്ധയും, ഒരുക്കവും, സംവേദനക്ഷമതയും ഉള്ളവരായിരിക്കുകയെന്നത് ഒരു ശീലമാക്കാം.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടുക

സഹോദരീ സഹോദരന്മാരേ, ഈ അഭിവാഞ്ഛയും ഈ പ്രതിബദ്ധതയും നമുക്ക് മറിയത്തെ ഭരമേൽപ്പിക്കാം: വിശുദ്ധ ജോൺ പോൾ രണ്ടാമൻ നമ്മെ പഠിപ്പിക്കുകയും (15-ാം ലോക യുവജന ദിനത്തിനായുള്ള പ്രാർത്ഥനാ ജാഗരണവും, 2000 ഓഗസ്റ്റ് 19 കാണുക), ജൂബിലിക്കായി റോമിലെത്തിയ യുവജനം അതിമനോഹരമായ രീതിയിൽ നമുക്കു കാണിച്ചുതരുകയും ചെയ്തതുപോലെ, നിരവധിയായ പിളർപ്പുകളാൽ മുദ്രിതമായ ഒരു ലോകത്ത്, കരുണയുടെയും സമാധാനത്തിൻറെയും കാവൽക്കാരായിരിക്കുന്നതിന് ഉഷകാലനക്ഷത്രമായ അവൾ നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന പ്രാർത്ഥന നയിച്ച പാപ്പാ തദ്ദനന്തരം ആശീർവ്വാദം നല്കുകയും എല്ലാവരെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ: യുദ്ധവിരാമത്തിനായി പ്രാർത്ഥിക്കാം

യുദ്ധങ്ങൾ അവസാനിക്കുന്നതിനായുള്ള പ്രാർത്ഥന തുടരാൻ പാപ്പാ ആശീർവ്വാദത്തിനു ശേഷം തീർത്ഥാടകരെയും സന്ദർശകരെയും അഭിവാദ്യം ചെയ്യവേ ക്ഷണിച്ചു. ജപ്പാൻ നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായ അണുബോംബാക്രമണങ്ങളുടെ 80-ാം വാർഷികം, സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി യുദ്ധത്തെ നിരസിക്കേണ്ടതിൻറെ ആവശ്യകത ലോകമെമ്പാടും വീണ്ടും ഉണർത്തിയിരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. തങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ജനങ്ങളുടെ മേൽ ഉളവാക്കുന്ന അനന്തരഫലങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള അവബോധം ആ തീരുമാനങ്ങളെടുത്തവർ എപ്പോഴും പുലർത്തണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഏറ്റവും ദുർബ്ബലരുടെ ആവശ്യങ്ങളും സമാധാനത്തിനായുള്ള സാർവ്വത്രികാഭിവാഞ്ഛയും അവർ അവഗണിക്കാതിരിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

അർമേനിയ-അസെർബൈജാൻ സമാധന ഉടമ്പടി

അർമേനിയയും അസർബൈജാനും സംയുക്ത സമാധാന പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിൽ തൻറെ അഭിനന്ദനം പാപ്പാ അറിയിച്ചു. ദക്ഷിണ കൗക്കാസസിൽ സുസ്ഥിരവും നീണ്ടുനിൽക്കുന്നതുമായ സമാധാനത്തിന് ഇതു സംഭാവനയേകുമെന്ന തൻറെ പ്രത്യാശ പാപ്പാ പ്രകടിപ്പിക്കുകയും ചെയ്തു.

ഹൈറ്റിയിൽ സമാധാനം ഉണ്ടാകട്ടെ

ഹൈറ്റിയിലെ ജനങ്ങളുടെ നിരാശാജനകമായ അവസ്ഥ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നതിൽ പാപ്പാ ത്രികാലപ്രാർത്ഥനാവേളയിൽ ആശങ്ക പ്രകടിപ്പിച്ചു.  കൊലപാതകങ്ങൾ ഉൾപ്പടെ എല്ലാത്തരം അക്രമങ്ങളും, മനുഷ്യക്കടത്ത്, നിർബന്ധിത നാടുകടത്തലുകൾ, തട്ടിക്കൊണ്ടുപോകലുകൾ എന്നിവയും അന്നാട്ടിൽക് പതിവു വാർത്തയായിരിക്കയാണെന്ന ഖേദകരമായ വസ്തുത പാപ്പാ അനുസ്മരിക്കുകയും ബന്ദികളെ ഉടൻ മോചിപ്പിക്കുന്നതിന് ഉത്തരവാദികളായ എല്ലാവരോടും ഹൃദയംഗമമായി അഭ്യർത്ഥിക്കുകയും ചെയ്തു. ഹെയ്റ്റിയിലെ ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന സാമൂഹികവും സ്ഥാപനപരവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് മൂർത്തമായ പിന്തുണയേകാൻ പാപ്പാ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.  ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ, ഇറ്റലിയിൽ നിന്നും ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുമുള്ള എല്ലാവരെയും അഭിവാദ്യം ചെയ്യുകയും അവരുടെ സാന്നിദ്ധ്യത്തിനും പ്രാർത്ഥനയ്ക്കും നന്ദി പ്രകാശിപ്പിക്കു കയും എല്ലാവർക്കും  ശുഭ ഞായർ നേരുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ഓഗസ്റ്റ് 2025, 11:14

ത്രികാലപ്രാര്čത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്čത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്čത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്čത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >