ഭീഷണി, നീതിക്കും സംഭാഷണത്തിനും വഴിമാറട്ടെ, പാപ്പാ.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ശക്തമായ പിരിമുറുക്കങ്ങളാലും രക്തരൂക്ഷിത സംഘർഷങ്ങളാലും മുദ്രിതമായ ഇന്നത്തെ ലോകത്തിൽ, പരസ്പരം നശിപ്പിക്കുമെന്ന ഭീഷണിയിൽ അധിഷ്ഠിതമായ മിഥ്യാധാരണയായ സുരക്ഷ, നീതിയുടെ ഉപകരണങ്ങൾക്കും സംഭാഷണത്തിനും സാഹോദര്യത്തിലുള്ള വിശ്വാസത്തിനും വഴിമാറട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.
അമേരിക്കൻ ഐക്യനാടുകൾ ജപ്പാൻ നഗരങ്ങളിൽ, 1945 ആഗസ്റ്റ് 6-ന് ഹിരോഷിമയിലും 9-ന് നാഗസാക്കിയിലും, അണുബോംബാക്രമണം നടത്തിയിട്ട് 80 വർഷം പിന്നിടുന്നത് ആഗസ്റ്റ് 6-ന് ബുധനാഴ്ച അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ അനുസ്മരിക്കുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.
ഈ അണുബോംബാക്രമണങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ അനുഭവിച്ച എല്ലാവർക്കും പാപ്പാ തൻറെ പ്രാർത്ഥനകൾ തദ്ദവസരത്തിൽ ഉറപ്പേകി. വർഷങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും, യുദ്ധങ്ങൾ, പ്രത്യേകിച്ച് ആണവായുധങ്ങൾ മൂലമുണ്ടാകുന്ന നാശത്തിനെതിരായ ഒരു സാർവ്വത്രിക മുന്നറിയിപ്പാണ് ആ അണുബോംബാക്രമണ ദുരന്തങ്ങൾ എന്ന് പാപ്പാ പ്രസ്താവിച്ചു.
1945 ആഗസ്റ്റ് 6-ന് രാവിലെ 8.15-ന് അമേരിക്കൻ ഐക്യനാടുകളുടെ “ലിറ്റിൽ ബോയ്” എന്ന അണുബോംബ് ഹിരോഷിമാ നഗരത്തെ ചാമ്പലാക്കിയപ്പോൾ പൊലിഞ്ഞത് ഒന്നരലക്ഷത്തിലേറെ ജീവനുകളാണ്. ലോകത്തിൽ ആദ്യമായി അണുബോംബാക്രമണമുണ്ടായ ഹിരോഷിമ നഗരത്തിനു ശേഷം അമേരിക്കൻ സൈന്യം ലക്ഷ്യമിട്ടത് നാഗസാക്കി നഗരത്തെയാണ്.
ഹിരോഷിമാക്രമണത്തിനു ശേഷം ആഗസ്റ്റ് 9-ന് “ഫാറ്റ്മാൻ” അണുബോംബ് നാഗസാക്കിയെ അഗ്നിക്കിരയാക്കി. അവിടെ 80000-ത്തോളം പേർക്ക് ജീവൻ നഷ്ടമായി. അണുപ്രസരണത്തിൻറെ ഫലമായി പീന്നീട് ഒന്നരലക്ഷത്തോളം പേർ മരണമടഞ്ഞിട്ടുണ്ട്. ഈ ആക്രമണത്തിൻറെ തിക്തഫലമായി രോഗംബാധിച്ച് ദുരിതജീവിതം നയിക്കുന്നവർ ഇന്നും നിരവധിയാണ്.
ലോകത്തെ ഞെട്ടിച്ച ഈ അണുബോംബാക്രമണത്തിൻറെ വേദനനിറഞ്ഞ എൺപതാം ഓർമ്മദിനത്തോടനുബന്ധിച്ച് പാപ്പാ ഒരു സന്ദേശം ഹിരോഷിമ രൂപതയുടെ മെത്രാൻ അലേക്സിസ് മിത്സുറു ഷിരഹാമയ്ക്ക് (Alexis Mitsuru Shirahama) ആറാം തീയതി ബുധനാഴ്ച അയച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: