MAP

ലിയൊ പതിനാലാമൻ പാപ്പാ, കാസ്തൽ ഗന്തോൾഫൊയിൽ , സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനമായ വെള്ളിയാഴ്ച ത്രികാലപ്രാർത്ഥനാ വേളയിൽ, 15/08/25 ലിയൊ പതിനാലാമൻ പാപ്പാ, കാസ്തൽ ഗന്തോൾഫൊയിൽ , സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനമായ വെള്ളിയാഴ്ച ത്രികാലപ്രാർത്ഥനാ വേളയിൽ, 15/08/25  (ANSA)

പാപ്പാ: സമാധാനത്തിനായി സ്വർഗ്ഗാരോപിതനാഥയുടെ മാദ്ധ്യസ്ഥ്യം തേടുക!

ലിയൊ പതിനാലാമൻ പാപ്പായുടെ സ്വർഗ്ഗാരോപിതനാഥയുടെ തിരുന്നാൾ ദിനത്തിലെ ത്രികാലപ്രാർത്ഥനാശീർവ്വാദനന്തര സമാധാനാഭ്യർത്ഥന.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തനയരുടെ ക്ലേശങ്ങളിൽ വേദനിക്കുന്ന അമ്മയായ പരിശുദ്ധ കന്യകാമറിയത്തോടു സമാധാനത്തിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

ആഗസ്റ്റ് 15-ന് വെള്ളിയാഴ്ച, സ്വർഗ്ഗാരോപിത നാഥയുടെ തിരുന്നാൾദിനത്തിൽ കാസ്തെൽ ഗന്തോൾഫൊയിലെ വേനൽക്കാല അരമനയുടെ അങ്കണത്തിൽ സമ്മേളിച്ചിരുന്ന വിശ്വാസികളുമൊത്ത് മദ്ധ്യാഹ്ന പ്രാർത്ഥന ചൊല്ലിയ ലിയൊ പതിനാലാമൻ പാപ്പാ ആശീർവ്വാദാന്തരം അവരെ അഭിവാദ്യം ചെയ്യവെ യുദ്ധദുരന്തത്തെക്കുറിച്ച് പരാമർശിക്കുകയായിരുന്നു.

പരിശുദ്ധ മറിയത്തിൻറെ മഹത്തായ മാതൃകകളെക്കുറിച്ച് ധ്യാനിക്കുന്ന എല്ലാവർക്കും മനുഷ്യജീവൻറെ മൂല്യത്തെക്കുറിച്ച് കൂടുതൽ ബോധ്യപ്പെടുമെന്ന പന്ത്രണ്ടാം പീയൂസ് പാപ്പായുടെ വാക്കുകൾ പാപ്പാ അനുസ്മരിച്ചു. മനുഷ്യജീവനുകളെ കുട്ടക്കുരുതികഴിക്കുന്ന യുദ്ധങ്ങൾ ഇനിയൊരിക്കലും ഉണ്ടാകാതിരിക്കട്ടെ എന്ന പന്ത്രണ്ടാം പീയൂസ് പാപ്പായുടെ വാക്കുകൾ ലിയൊ പതിനാലാമൻ പാപ്പാ ആവർത്തിച്ചു.

ഈ വാക്കുകൾ എത്രയോ കാലോചിതമാണെന്നും നിർഭാഗ്യവശാൽ, ഇന്നും, ലോകമെമ്പാടും പടരുന്ന അക്രമത്തിനു മുന്നിൽ നാം നിസ്സഹായരായി നിന്നുപോകുന്നുവെന്നും ഈ അതിക്രമങ്ങൾ നരുകുലത്തിൻറെ എല്ലാ നീക്കങ്ങൾക്കും മുന്നിൽ ബധിരത കാട്ടുകയും നിർവ്വികാരത പുലർത്തുകയും ചെയ്യുന്നുവെന്നു  പാപ്പാ പറഞ്ഞു. എന്നിരുന്നാലും നാം പ്രതീക്ഷ കൈവിടരുതെന്ന് പാപ്പാ പ്രചോദനം പകർന്നു.

മനുഷ്യൻറെ പാപങ്ങളെ കവച്ചുവയ്ക്കുന്നവനാണ് ദൈവം എന്ന് ഉദ്ബോധിപ്പിച്ച പാപ്പാ സംഘർഷത്തിൻറെയും ആയുധങ്ങളുടെയും യുക്തി പ്രബലപ്പെടുന്നതിന് നാം അനുവദിച്ചുകൊടുക്കരുത് എന്നു പറഞ്ഞു. കരുണയുള്ള കർത്താവ് സ്വന്തം മക്കളെ തുടർന്നും സഹായിക്കുന്നുവെന്ന വിശ്വാസം പുലർത്തണമെന്നു പറഞ്ഞ പാപ്പാ അതിലൂടെ മാത്രമേ സമാധാനത്തിലേക്കുള്ള പാത വീണ്ടും കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്ന് പ്രസ്താവിച്ചു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 ഓഗസ്റ്റ് 2025, 12:20