പാപ്പാ: ക്രിസ്തുസന്ദേശ പ്രഘോഷണം സഭയുടെ സാമൂഹ്യ പ്രവർത്തനത്തിൻറെ കാതൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സഭയുടെ സകല സാമൂഹ്യപ്രവർത്തനങ്ങളുടെയും ലക്ഷ്യവും കേന്ദ്രവും ക്രിസ്തുവിൻറെ സുവിശേഷം പ്രഘോഷിക്കലായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
തൻറെ പ്രേഷിതപ്രവർത്തന വേദിയായിരുന്ന തെക്കെ അമേരിക്കൻ രാജ്യമായ പെറുവിലെ സഭ ആചരിക്കുന്ന സാമൂഹ്യവാരത്തിനു നല്കിയ സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ സഭയുടെ സാമൂഹ്യപ്രബോധനത്തിൻറെ കാതലായിരിക്കേണ്ട ഈ മാനം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ക്രിസ്തുവിനെ അവിടത്തെ പൂർണ്ണതയിൽ നല്കുകയെന്ന ആവശ്യകതയെക്കുറിച്ചും പാപ്പാ ആഗസ്റ്റ് 14-16 വരെയുള്ള ഈ ആചരണത്തിനായുള്ള സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു.
നമ്മൾ സുവിശേഷത്തിൽ നിന്ന് അകന്നു പോകുകയോ ഉപരിനീതി അന്വേഷിച്ച് അക്രമാസക്തമായ മാഗ്ഗങ്ങളിലൂടെ ചരിച്ചുകൊണ്ട് ഉപവിയുടെ നിയമങ്ങൾ നാം ലംഘിക്കുകയോ ചെയ്യരുതെന്ന് ഉദ്ബോധിപ്പിക്കുന്ന പാപ്പാ ആവശ്യമായ നവീകരണശക്തി ഉളവാക്കാനുള്ള കഴിവ് സുവിശേഷത്തിനുണ്ടെന്ന് വിശദീകരിക്കുന്നു.
സുവിശേഷത്തിൻറെ ഈ നവീകരണ ശക്തി മനുഷ്യവ്യക്തിയെ അവൻറെ ഉള്ളിൽ നിന്ന് രൂപാന്തരപ്പെടുത്തുകയും കൂടുതൽ നീതിയുക്തവും മാനുഷികവും ആക്കിത്തീർക്കുന്നതിന് പര്യാപ്തമായി രീതിയിൽ മാറുന്നതിന് ഘടനകളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നുവെന്ന് പാപ്പാ പറയുന്നു. നൂറ്റാണ്ടുകളായി പെറുവിൽ വിളങ്ങുന്ന വിശുദ്ധിയുടെ സാക്ഷ്യങ്ങളെക്കുറിച്ചും പാപ്പാ തൻറെ സന്ദേശത്തിൽ പരാമർശിക്കുന്നു. വിശുദ്ധർ ഗതകാലത്തിലെ ബറോക്ക് വാസ്തുകലാ ശൈലിയിലുള്ള അലങ്കാരങ്ങളല്ലെന്നും അവർ ജന്മംകൊണ്ടത് മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാനുള്ള ദൈവത്തിൻറെ വിളിയിൽ നിന്നാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
നമ്മുടെ സഹോദരീസഹോദരന്മാരിൽ പലരും അനുഭവിക്കുന്ന അനീതിയുടെയും അവഗണനയുടെയും വേദന, സുവിശേഷത്തിൻറെ ആഴങ്ങളിൽ നിന്ന് കാലത്തിൻറെ അടയാളങ്ങളോട്,ഏക സഭ എന്ന നിലയിൽ, പ്രതികരിക്കാൻ സ്നാനമേറ്റ സകലരെയും പ്രേരിപ്പിക്കുന്നുവെന്നും ഇതി നിർവ്വഹിക്കുന്നതിന്, വിശുദ്ധരുടെ, അതായത്, മുന്തിരിവള്ളിയുടെ ശാഖകൾ പോലെ കർത്താവിനോട് ഐക്യപ്പെട്ടിരിക്കുന്ന ആളുകളുടെ, സാക്ഷ്യം നമുക്ക് അടിയന്തിരമായി ആവശ്യമായിരിക്കുന്നുവെന്നും പാപ്പാ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: