പാപ്പാ:കൂടിക്കാഴ്ചയ്ക്കും സംഘാത യാത്രയ്ക്കും സൃഷ്ടിക്കപ്പെട്ടവർ നമ്മൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരസ്പരം കണ്ടുമുട്ടാനും ഒത്തൊരുമിച്ചു ചരിക്കാനും ലക്ഷ്യം ഒരുമിച്ചു കണ്ടെത്താനും സൃഷ്ടിക്കപ്പെട്ടവരാണ് നമ്മളെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
ബോസ്നിയ ഹെർസഗൊവീനയിലെ മരിയൻ തീർത്ഥാടനകേന്ദ്രമായ മെജുഗോറിയെയിൽ ആഗസ്റ്റ് 4 മുതൽ 8 വരെ നടക്കുന്ന മുപ്പത്തിയാറാം യുവജനോത്സവത്തിൽ സംബന്ധിക്കുന്നവർക്കായി ഈ ആഘോഷത്തിൻറെ ആരംഭദിനത്തിൽ, തിങ്കളാഴ്ച നല്കിയ സന്ദേശത്തിലാണ് ലിയൊ പതിനാലാമൻ പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.
“കർത്താവിൻറെ ആലയത്തിലേക്കു നമുക്കു പോകാം” എന്ന നൂറ്റിയിരുപത്തിരണ്ടാം സങ്കീർത്തനത്തിലെ ആദ്യവാക്യം ഈ യുവജനോത്സവത്തിൻറെ വിചിന്തനപ്രമേയമായി സ്വീകരിച്ചിരിക്കുന്നത് തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്ന പാപ്പാ ഈ വാക്യം നമ്മോടു പറയുന്നത് ദൈവോന്മുഖമായ ഒരു യാത്രയെ, ദൈവത്തിങ്കലേക്കു നീങ്ങാനുള്ള അഭിലാഷത്തെ, നാം യഥാർത്ഥ ഭവനത്തിലാണെന്ന അനുഭവം ഉളവാക്കുന്ന അവിടത്തെ വാസസ്ഥലത്തേക്കുള്ള യാത്രയെ കുറിച്ചാണെന്നും അവിടെ അവിടത്തെ സ്നേഹമാണ് നമ്മെ കാത്തിരിക്കുന്നതെന്നും എഴുതുന്നു.
വിശുദ്ധ അഗസ്റ്റിൻ കർത്താവിൻറെ ആലയത്തെ വിദൂരസ്ഥമായ ഒന്നായിട്ടാല്ല, പ്രത്യുത, പരസ്പരം ദീപംകൊളുത്തുകയും ഹൃദയങ്ങളിൽ കത്തുന്ന അഗ്നി ഒരു ജ്വാലയായി മാറുകയും എല്ലാവരും ഒന്നിച്ചു നീങ്ങുകയും ചെയ്യുന്ന അനുഭവമായി അവതരിപ്പിക്കുന്നത് പാപ്പാ അനുസ്മരിക്കുന്നു. ദൈനംദിന കൂടിക്കാഴ്ചകളിലൂടെ നമുക്ക് കർത്താവിൻറെ ആലയത്തിലേക്കുള്ള തീർത്ഥാടനം ഒരുമിച്ചു നടത്താൻ കഴിയുമെന്ന് പാപ്പാ പറയുന്നു.
ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ആമഗ്നമായതും നിർമ്മിതബുദ്ധിയുൾപ്പടെയുള്ള സാങ്കേതികവിദ്യകൾ അസംഖ്യം അവസരങ്ങൾ പ്രദാനം ചെയ്യുന്നുതുമായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നതെന്ന വസ്തുതയെക്കുറിച്ചു പരാമർശിക്കുന്ന പാപ്പാ, ഒരു അൽഗോരിതത്തിനും അഥവാ, നർദ്ധരണിക്കും ദൈവവുമായോ, നമ്മുടെ സുഹൃത്തുക്കളുമായോ, നമ്മുടെ കുടുംബവുമായോ ഉള്ള ആലിംഗനത്തിനോ, നോട്ടത്തിനോ, യഥാർത്ഥ കൂടിക്കാഴ്ചക്കോ പകരം വയ്ക്കാൻ ആവില്ല എന്നത് മനസ്സിൽ സൂക്ഷിക്കണമെന്ന് പറയുന്നു.
തൻറെ ചാർച്ചക്കാരിയായ, ഗർഭിണിയായ എലിസബത്തിനെ സന്ദർശിക്കാൻ മംഗളവാർത്തയ്ക്കു ശേഷം മറിയം ആയാസകരമായ യാത്ര നടത്തുന്നത് പാപ്പാ കൂടിക്കാഴ്ചയുടെ മഹത്വം എടുത്തുകാട്ടുന്നതിന് ഉദാഹരിച്ചു. ഭിന്ന ദേശങ്ങളിൽ നിന്ന് മെജഗോറിയെയിൽ എത്തിയവർക്ക് ഭാഷയോ സംസ്കാരമോ കൂടിക്കാഴ്ചയ്ക്ക് ഒരു വിഘാതമല്ലെന്നു പറയുന്ന പാപ്പാ ധൈര്യമുള്ളവരായിരിക്കാൻ പ്രചോദനം പകരുകയും ദൈവസ്നേഹത്താൽ പോഷിതമായ വിശ്വാസം എന്ന ഭാഷ എല്ലാ പ്രതിന്ധങ്ങളെയും മറികടക്കുന്നതാണെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: