MAP

ലിയോ പതിനാലാമൻ പാപ്പായും സേഷെൽസ് പ്രസിഡന്റ് വാവേൽ രാംകലവാനും ലിയോ പതിനാലാമൻ പാപ്പായും സേഷെൽസ് പ്രസിഡന്റ് വാവേൽ രാംകലവാനും  (ANSA)

ലിയോ പതിനാലാമൻ പാപ്പാ സേഷെൽസ് പ്രസിഡന്റ് വാവേൽ രാംകലവാന് കൂടിക്കാഴ്ച അനുവദിച്ചു

റിപ്പബ്ലിക്ക് ഓഫ് സേഷെൽസ് പ്രസിഡന്റ് വാവേൽ രാംകലവാന് ലിയോ പതിനാലാമൻ പാപ്പാ ഓഗസ്റ്റ് 22 വെള്ളിയാഴ്‌ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം, രാജ്യത്ത് സഭ നൽകിവരുന്ന സേവനങ്ങൾ, ദേശീയ, അന്തർദേശീയ വിഷയങ്ങൾ തുടങ്ങിയവ ചർച്ചകളിൽ ഇടം പിടിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സേഷെൽസ് (Seychelles) പ്രസിഡന്റ് വാവേൽ രാംകലവാന് (Wavel Ramkalawan) ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് വ്യക്തമാക്കി. മുൻ കൂട്ടി തീരുമാനിച്ചതനുസരിച്ച് ഓഗസ്റ്റ് 22 വെള്ളിയാഴ്ച രാവിലെ വത്തിക്കാനിലെത്തിയ പ്രെസിഡന്റ് രാംകലവാനെ അപ്പസ്തോലികകൊട്ടാരത്തിലാണ് പാപ്പാ സ്വീകരിച്ചത്. പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനുമായും സേഷെൽസ് സംസാരിച്ചു. വത്തിക്കാനും മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിനായുള്ള വിഭാഗത്തിന്റെ ഉപസെക്രെട്ടറി മോൺ. മീറോസ്ളാവ് വാഹോവിസ്കിയും സ്റ്റേറ്റ് സെക്രെട്ടറിക്കൊപ്പമുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇരുനേതൃത്വങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചകളിൽ, പരിശുദ്ധ സിംഹാസനവും സേഷെൽസും തമ്മിലുള്ള സുദൃഢമായ ബന്ധവും, സേഷെൽസിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ടുവെന്നും രാജ്യത്ത് പ്രകൃതിപരിപാലനം, ആരോഗ്യ, വിദ്യാഭ്യാസമേഖലകൾ എന്നിവിടങ്ങളിൽ കത്തോലിക്കാസഭയുടെ സഹകരണം സംബന്ധിച്ചുള്ള ആശയങ്ങളും കൂടിക്കാഴ്ചകളിൽ പരാമർശിക്കപ്പെട്ടുവെന്നും പ്രെസ് ഓഫീസ് അറിയിച്ചു.

ദേശീയ, അന്താരാഷ്ട്ര തലങ്ങളിലുള്ള കാര്യങ്ങൾ സംബന്ധിച്ചും ചർച്ചകൾ നടന്നതായി അറിയിച്ച വത്തിക്കാൻ പ്രെസ് ഓഫീസ്, രാജ്യങ്ങൾ തമ്മിൽ ചർച്ചകളും സഹകരണവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പ്രത്യേകമായി പരാമർശിക്കപ്പെട്ടുവെന്നും വ്യക്തമാക്കി.

"ദൈവികമായ കാര്യങ്ങളെക്കുറിച്ചുള്ള വെളിപാടാണ്" ദൈവശാസ്ത്രമെന്ന ചിന്ത പകരുന്ന റാഫായെല്ലോ സാൻസിയോയുടെ ഒരു ചിത്രവും, അപ്പസ്തോലികകൊട്ടാരത്തെക്കുറിച്ചുള്ള ഒരു പ്രസിദ്ധീകരണവും, 2025-ലെ ആഗോളസമാധാനദിനത്തിലേക്കുള്ള സന്ദേശവും ലിയോ പതിനാലാമൻ പാപ്പാ സേഷെൽസ് പ്രസിഡന്റിന് നൽകിയതായും, മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വള്ളത്തിന്റെ ചെറുരൂപം പ്രെസിഡന്റ് രാംകലാവാൻ പാപ്പായ്ക്ക് നൽകിയതായും പ്രെസ് ഓഫീസ് അറിയിച്ചു.

ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമാണ് സേഷെൽസ്. 1976 വരെ ബ്രിട്ടന്റെ കോളനിയായിരുന്ന ഈ ദ്വീപസമൂഹാരാജ്യത്തെ ജനസംഖ്യ ഏതാണ്ട് എൺപത്തിനായിരത്തോളമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഓഗസ്റ്റ് 2025, 14:43