സഭ പ്രത്യാശയുടെ അടയാളമാകണം: ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സാർവത്രിക സഭയെയും, ലോകം മുഴുവനെയും പ്രോത്സാഹിപ്പിക്കുന്ന പ്രത്യാശയുടെ ജൂബിലി വർഷത്തിൽ, “കൊളംബസിന്‍റെ യോദ്ധാക്കള്‍” നൈറ്റ്സ് ഓഫ് കൊളംബസ് എന്ന അല്മായ കത്തോലിക്കാ പ്രസ്ഥാനത്തിന്റെ 143-ാമത് അത്യുച്ചകോടി വാഷിംഗ്ടണിൽ വച്ച് നടക്കുന്നു. തദവസരത്തിൽ ഉച്ചകോടിയിൽ സംബന്ധിക്കുന്നവരെ സംബോധന ചെയ്തുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ വീഡിയോ സന്ദേശമയച്ചു. "നാളത്തെ ദിനം എന്ത് കൊണ്ടുവരുമെന്ന് തീർച്ചയില്ലാത്തപ്പോഴും, നന്മയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പാണ് പ്രത്യാശ" എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ, തന്റെ സന്ദേശം ആരംഭിച്ചത്.
കത്തോലിക്കരെന്ന നിലയിൽ, നമ്മുടെ പ്രത്യാശയുടെ ഉറവിടം യേശുക്രിസ്തുവാണെന്നും, രക്ഷയെക്കുറിച്ചുള്ള തന്റെ പെസഹാരഹസ്യം ലോകമെമ്പാടും എത്തിക്കുവാൻ അവൻ തന്റെ അനുഗാമികളെ അയച്ചിട്ടുണ്ടെന്നതും നമുക്ക് അറിവുള്ളതിനാൽ, നമ്മുടെ വാക്കിലൂടെയും, പ്രവൃത്തികളിലൂടെയും പ്രത്യാശയുടെ അടയാളമാകാൻ നമ്മെ സഭ ക്ഷണിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന നമ്മുടെ സഹോദരീസഹോദരന്മാർക്ക് പ്രത്യാശയുടെ വെളിപ്പെടുത്തപ്പെട്ട അടയാളങ്ങൾ ആകുന്നതാണ് ജൂവിളി വർഷത്തിന്റെ പ്രത്യേകതയെന്നും പാപ്പാ ഓർമ്മപ്പെടുത്തി.
നൈറ്റ്സ് ഓഫ് കൊളംബസ് സ്ഥാപകനായ വാഴ്ത്തപ്പെട്ട മൈക്കൽ മക്ഗിവ്‌നി, സഭയുടെ ഈ ദൗത്യം മനസിലാക്കിയതുകൊണ്ടാണ് കുടിയേറ്റക്കാരുടെ വിവിധങ്ങളായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനും, പാവപ്പെട്ടവർക്കും വേദന അനുഭവിക്കുന്നവർക്കും തന്റെ കൗദാശികപരികർമ്മത്തിലൂടെയും, സഹോദരസേവനത്തിലൂടെയും സഹായം നൽകിയതും, ഇന്നും ആ സഹായം നൽകുവാൻ പ്രേരിപ്പിക്കുന്നതെന്നും പാപ്പാ പറഞ്ഞു.
ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയം, 'പ്രത്യാശയുടെ പ്രഘോഷകർ'എന്നുള്ളത്, പ്രാദേശിക സമൂഹങ്ങളിലും ഇടവകകളിലും കുടുംബങ്ങളിലും പ്രത്യാശയുടെ അടയാളങ്ങളാകാനുള്ള ക്ഷണത്തെ ഓർമ്മപെടുത്തുന്നുവെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു. സംഘടനാ ചെയുന്ന വിലമതിക്കാനാവാത്ത സേവനങ്ങളെ പാപ്പാ അഭിനന്ദിക്കുകയും, അവർക്ക് നന്ദിയർപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: