കൂദാശകളിൽ കർത്താവിന്റെ സാന്നിധ്യം കണ്ടെത്തണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
"അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ആരാധനക്രമം: ധ്യാനാത്മകതയിൽ നിന്നും കർമ്മപഥത്തിലേക്ക്" എന്ന പ്രമേയത്തിൽ, ആഗസ്റ്റ് മാസം 25 മുതൽ ഇരുപത്തിയെട്ടു വരെ ഇറ്റലിയിലെ നേപ്പിൾസിൽ വച്ചു നടക്കുന്ന എഴുപത്തിയഞ്ചാമത്, ദേശീയ ആരാധനക്രമ വാരത്തിൽ പങ്കെടുക്കുന്നവർക്ക് ലിയോ പതിനാലാമൻ പാപ്പാ ആശംസകൾ അർപ്പിച്ചു. പ്രത്യാശയുടെ ജൂബിലി വർഷമായതിനാലാണ്, ഈ പ്രത്യേകമായ പ്രമേയം പഠനത്തിനും, ചിന്തകൾക്കുമായി എടുത്തിരിക്കുന്നത്. ആരാധനക്രമ ആഘോഷത്തിൽ 'വിശ്വാസത്തിന്റെ ജീവനുള്ള ഹൃദയം വീണ്ടും കണ്ടെത്താൻ' ഇറ്റലിയിലെ സഭയെ ക്ഷണിക്കുന്നതാണ് ഇത്തവണത്തെ പഠന വാരത്തിന്റെ ലക്‌ഷ്യം.
ആരാധനാക്രമത്തിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട്, വിശ്വാസികളെ പ്രാർത്ഥനയുടെ തീക്ഷ്ണതയിലേക്ക് നയിക്കുന്ന എല്ലാവരോടുമുള്ള അഗാധമായ കൃതജ്ഞത പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു. പഠന വാരത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന എല്ലാവർക്കും ആശംസകൾ അർപ്പിച്ച പാപ്പാ, അവരുടെ അവതരണങ്ങൾ, സഭയിൽ വിശ്വാസികൾക്ക്, ആരാധനക്രമ ആഘോഷങ്ങൾക്ക്, സുവിശേഷവത്ക്കരണത്തിൽ പുതിയ ഉണർവ് നല്കട്ടെയെന്നും പറഞ്ഞു.
ഈ പഠനവാരം, വിപുലമായ അജപാലനമാർഗനിർദേശങ്ങൾക്കും, ചിന്തകൾക്കും വഴിയൊരുക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. അപ്രകാരം, ദേവാലയങ്ങൾ വിശ്വാസികൾക്ക് അവരുടെ വിശ്വാസം ആഘോഷിക്കുവാനും, കൂദാശകളിൽ കർത്താവിന്റെ സജീവമായ സാന്നിധ്യം അനുഭവിക്കുവാനും, സാഹോദര്യ കൂട്ടായ്‌മയിൽ ജീവിക്കാനുമുള്ള ഇടങ്ങളായി മാറട്ടെയെന്നും പാപ്പാ പറഞ്ഞു. തന്റെ അപ്പസ്തോലിക ആശിർവാദവും പാപ്പാ നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: