കാലം ചെയ്ത കർദ്ദിനാൾ കാർലിക്കിനെ ലിയോ പതിനാലാമൻ പാപ്പാ അനുസ്മരിച്ചു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
അർജന്റീനയിലെ പരാന അതിരൂപതയുടെ മുൻ അധ്യക്ഷൻ കർദ്ദിനാൾ എസ്റ്റാനിസ്ലാവോ എസ്റ്റെബാൻ കാർലിക്കിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്, ആർച്ച് ബിഷപ്പ് റൗൾ മാർട്ടിന് പാപ്പാ ടെലിഗ്രാം സന്ദേശം അയച്ചു. ഏറെ ഉദാരമതിയും, സത്യസന്ധനും, ഏവരോടും അടുപ്പം പുലർത്തിയിരുന്നതുമായ ആർച്ചുബിഷപ്പിനെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം, അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന സഭാംഗങ്ങളോടുള്ള തന്റെ അടുപ്പവും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.
കർദ്ദിനാൾ എസ്റ്റാനിസ്ലാവോ, പരാന അതിരൂപതയിലും കൊർദോബ അതിരൂപതയിലുമായിട്ടാണ് തന്റെ പൗരോഹിത്യസേവനവും, മെത്രാനടുത്ത ശുശ്രൂഷയും പൂർത്തിയാക്കിയത്. "വർഷങ്ങളോളം, വളരെ വിശ്വസ്തതയോടെ, ദൈവത്തിന്റെയും സഭയുടെയും സേവനത്തിനായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചുവെന്നും, വളരെയധികം ആളുകളുടെ ജീവിതങ്ങളിലേക്കും, സംസ്കാരങ്ങളിലേക്കും, ഇടങ്ങളിലേക്കും സുവിശേഷത്തിന്റെ വെളിച്ചം കൊണ്ടുവരുവാൻ അദ്ദേഹം തന്റെ സേവനങ്ങളിലൂടെ പരിശ്രമിച്ചുവെന്നും", പാപ്പാ സന്ദേശത്തിൽ അനുസ്മരിച്ചു.
പ്രാദേശിക, ദേശീയ, ഭൂഖണ്ഡ തലങ്ങളിലെ നിരവധി ഉത്തരവാദിത്തങ്ങളിലും അജപാലന സംരംഭങ്ങളിലും, കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിന്റെ കരട് രൂപം തയ്യാറാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്കും പാപ്പാ എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ വിശ്വാസജീവിതത്തിനും സഭയോടുള്ള ആഴമായ സ്നേഹത്തിനും ദൈവത്തിന് നന്ദി പറഞ്ഞ പാപ്പാ, കർദിനാളിന്റെ ആത്മനിത്യശാന്തിക്കായി പ്രാർത്ഥനകളും അറിയിച്ചു.
മരിക്കുമ്പോൾ കർദ്ദിനാൾ എസ്റ്റാനിസ്ലാവോയ്ക്ക് 99 വയസായിരുന്നു. തുടർച്ചയായി രണ്ടു തവണ അർജന്റീനിയയിലെ മെത്രാൻ സമിതിയെ നയിച്ചിട്ടുണ്ട്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ സന്ദർശനവേളയിൽ അദ്ദേഹത്തെ സ്വാഗതം ചെയ്തതും, കർദ്ദിനാൾ എസ്റ്റാനിസ്ലാവോ എസ്റ്റെബാൻ കാർലിക്ക് ആയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: