പ്രത്യാശ നമ്മെ ദൈവത്തിങ്കലേക്കു അടുപ്പിക്കുന്നു: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻസഭയുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ, മെത്രാന്മാരും, ദൈവശാസ്ത്രജ്ഞരും, അജപാലന ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരും, യുവജനങ്ങളും, അത്മായരും ഒത്തുകൂടുന്ന മൂന്നാമത് വിശാല- ആഫ്രിക്കൻ കത്തോലിക്കാ സമാജത്തിൽ പങ്കെടുക്കുന്നവരെ സംബോധന ചെയ്തു കൊണ്ട് ലിയോ പതിനാലാമൻ പാപ്പാ വീഡിയോ സന്ദേശം അയച്ചു. ദൈവശാസ്ത്രം, സമൂഹം, അജപാലന ജീവിതം എന്നീ വിഷയങ്ങളിന്മേലാണ് ചർച്ചകൾ നടക്കുന്നത്. ജൂബിലി വർഷം ആയതിനാൽ പ്രത്യാശ എന്ന ദൈവീക പുണ്യത്തെ അടിസ്ഥാനമാക്കിയാണ് പാപ്പാ സന്ദേശത്തിൽ സംസാരിച്ചത്. ഭൗമീക തീർത്ഥാടനത്തിൽ പ്രത്യാശയെന്ന പുണ്യം വഹിക്കുന്ന പ്രധാന പങ്കിനെ പാപ്പാ എടുത്തു പറഞ്ഞു.
വിശ്വാസവും ദൈവശാസ്ത്രവും ദൈവത്തെ അറിയുന്നതിനുള്ള അടിസ്ഥാനം നൽകുന്നുവെന്നും, സ്നേഹം നാം ദൈവവവുമായി ആസ്വദിക്കുന്ന ജീവിതത്തെ ത്വരിതപ്പെടുത്തുന്നുവെന്നും പറഞ്ഞ പാപ്പാ, പ്രത്യാശയിലൂടെയാണ് സ്വർഗീയ സന്തോഷത്തിന്റെ പൂർണ്ണ കൈവരിക്കുവാനുള്ള നമ്മുടെ ആഗ്രഹം ജനിക്കുന്നതെന്നും അടിവരയിട്ടു. നാം ജീവിതത്തിലെ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുമ്പോഴും ദൈവത്തോട് കൂടുതൽ അടുക്കാൻ പ്രത്യാശ നമ്മെ പ്രചോദിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ നിലനിൽക്കുന്ന വെല്ലുവിളികൾ ആഫ്രിക്കൻ രാഷ്ട്രത്തെയും ബാധിച്ചിട്ടുണ്ടെന്നും, എന്നാൽ നിരുത്സാഹപ്പെടുത്താതെ, ലോകത്തിന്റെ വെളിച്ചമാകുവാനും, പ്രത്യാശയുടെ കിരണം ആകുക എന്നതാണ് സഭയുടെ കടമയെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. "സഭയെന്ന നിലയിൽ പ്രത്യാശയിൽ ഒരുമിച്ച് നടക്കുവാനും, ആഫ്രിക്കയിലെ ദൈവത്തിന്റെ കുടുംബം" അപ്രകാരം കെട്ടിപ്പടുക്കുവാനും സാധിക്കണമെന്നും പാപ്പാ പറഞ്ഞു. ഓരോരുത്തരും ദൈവവുമായുള്ള വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കാൻ വിളിക്കപ്പെടുമ്പോൾ, ജ്ഞാനസ്നാനത്തിലൂടെ നാം സർഗീയ പിതാവിന്റെ മക്കളെന്ന കൂട്ടായ്മയിലേക്ക് വരുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഇത് പരസ്പരം പിന്തുണയ്ക്കുന്നതിനും, ഒരു കുടുംബമായി മുൻപോട്ട് പോകുന്നതിനും ആഫ്രിക്കയിലെ വിശ്വാസികളെ സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
ദൈവശാസ്ത്രവും, അജപലനശുശ്രൂഷയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും പാപ്പാ ചൂണ്ടിക്കാണിച്ചു. നാം വിശ്വസിക്കുന്നത് ജീവിക്കുവാൻ നമുക്ക് കടമയുണ്ടെന്നും, ദൈവത്തിന്റെ സത്യത്തിലേക്കും, സ് നേഹത്തിലേക്കും ആളുകളുടെ ഹൃദയവും, മനസ്സും തുറക്കാൻ സഭയുടെ പഠനങ്ങൾ എപ്രകാരം സാധ്യകരമാകുന്നുവെന്നുള്ള അജപാലന പരിപാടികൾ ഒരുമിച്ചു നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: