MAP

ഉക്രൈൻ സഹോദരങ്ങൾ ഉക്രൈൻ സഹോദരങ്ങൾ   (ANSA)

ഉക്രൈനിൽ സംഭാഷണത്തിനുള്ള മാർഗ്ഗങ്ങൾ തുറക്കപ്പെടട്ടെ: ലിയോ പതിനാലാമൻ പാപ്പാ

ഉക്രൈൻ രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ മുപ്പത്തിനാലാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ലിയോ പതിനാലാമൻ പാപ്പാ, രാഷ്ട്രത്തലവൻ വ്ലോദിമിർ സെലിൻസ്കിക്ക് ആശംസകൾ അയച്ചു.

വത്തിക്കാൻ ന്യൂസ്

ആഗസ്റ്റ് മാസം ഇരുപത്തിനാലാം തീയതി, സ്വാതന്ത്ര്യത്തിന്റെ മുപ്പത്തിനാലാം വാർഷികം ആഘോഷിച്ച ഉക്രൈൻ ജനതയ്ക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട്, രാഷ്ട്രത്തലവൻ വ്ലോദിമിർ സെലിൻസ്കിക്ക്  പാപ്പാ ആശംസകൾ അർപ്പിച്ചു. യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഉക്രേനിയൻ ജനതയ്‌ക്കായി, പ്രത്യേകിച്ച് ശാരീരികമായി പരിക്കേറ്റ എല്ലാവർക്കും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും, വീടുകൾ നഷ്ടപ്പെട്ടവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നു പാപ്പാ ആശംസയിൽ എടുത്തു പറഞ്ഞു.

"നിങ്ങളുടെ നാടിനെ നശിപ്പിച്ച അക്രമത്താൽ മുറിവേറ്റ ഹൃദയത്തോടെ ഞാൻ നിങ്ങളിലേക്ക് തിരിയുന്നു", എന്ന് പറഞ്ഞ പാപ്പാ,  സംഘർഷത്തിന്റെ അനന്തരഫലങ്ങളാൽ ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാനും, മരിച്ചവർക്ക് നിത്യ വിശ്രമം നൽകാനും ദൈവവത്തോട് പ്രത്യേകമായി അപേക്ഷിക്കുകയും ചെയ്തു. 

തുടർന്ന്, "ആയുധങ്ങളുടെ ആരവം നിശബ്ദമാക്കുവാനും, സംവാദത്തിന് വഴിയൊരുക്കാനും, എല്ലാവരുടെയും നന്മയ്ക്കായി സമാധാനത്തിന്റെ പാത തുറക്കാനും സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നുവെന്നും, ആശംസിക്കുന്നുവെന്നും" പാപ്പാ പറഞ്ഞു. രാജ്യത്തെ സമാധാന രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കുന്നു എന്ന വാക്കുകളോടെയാണ്, പാപ്പാ ആശംസ ഉപസംഹരിക്കുന്നത്. പാപ്പായുടെ ആശംസാസന്ദേശം, പ്രസിഡന്റ്  സമൂഹമാധ്യമമായ 'എക്സിൽ' പ്രസിദ്ധീകരിച്ചു.

"ഉക്രേനിയൻ ജനതയോടുള്ള അദ്ദേഹത്തിന്റെ ആഴമേറിയ വാക്കുകൾക്കും പ്രാർത്ഥനകൾക്കും ശ്രദ്ധയ്ക്കും താൻ ഏറെ നന്ദിയുള്ളവനാണെന്നു", പ്രസിഡന്റ് മറുപടിയായി മാധ്യമത്തിൽ കുറിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ഓഗസ്റ്റ് 2025, 12:14