ഘാനയിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവർക്ക് പാപ്പാ അനുശോചനം രേഖപ്പെടുത്തി.
ഫാ. ജിനു തെക്കെത്തലക്കൽ, വത്തിക്കാൻ സിറ്റി
ഓഗസ്റ്റ് 6 ബുധനാഴ്ച പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയിൽ നടന്ന സൈനിക ഹെലികോപ്റ്റർ അപകടത്തിൽ, മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുടെ മരണത്തിൽ ലിയോ പതിനാലാമൻ പാപ്പാ അഗാധദുഃഖം രേഖപ്പെടുത്തി.
ഘാന മെത്രാൻസമിതിയുടെ പ്രസിഡന്റും സുയാനി രൂപതയുടെ മെത്രാനുമായ മാത്യു കെ. ഗ്യാംഫിയെ അഭിസംബോധന ചെയ്ത് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ ഒപ്പിട്ട ഒരു ടെലിഗ്രാംസന്ദേശത്തിലാണ് അനുശോചനം രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 7 വ്യാഴാഴ്ച വൈകുന്നേരം വത്തിക്കാൻ വാർത്താകാര്യാലയം ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടു.
മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തനായ ദൈവത്തിന്റെ കാരുണ്യത്തിന് സമർപ്പിക്കുകയും, അവരുടെ വേർപാടിൽ ദുഃഖിക്കുന്നവർക്ക്, പ്രത്യേകിച്ച് അവരുടെ കുടുബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യന്നുവെന്നു സന്ദേശത്തിൽ പ്രത്യേകം പറയുന്നു.
വേദന നിറഞ്ഞ ഈ നിമിഷങ്ങളിൽ രാഷ്ട്രത്തിനു തന്റെ ആത്മീയ സമീപ്യവും പാപ്പാ ഉറപ്പു നൽകി.
മൂന്ന് ജീവനക്കാരെയും അഞ്ച് യാത്രക്കാരെയും വഹിച്ചുകൊണ്ട് ഹെലികോപ്റ്റർ മധ്യ മേഖലയിലെ കനത്ത വനപ്രദേശത്താണ് തകർന്നുവീണത്. ഘാനയുടെ പ്രതിരോധ മന്ത്രി എഡ്വേർഡ് ഒമാനെ ബോമാ, പരിസ്ഥിതി മന്ത്രി ഇബ്രാഹിം മുർത്തല മുഹമ്മദ്, ആറ് ജീവനക്കാർ, അവരോടൊപ്പം ഉണ്ടായിരുന്ന മറ്റ് യാത്രക്കാർ എന്നിവരാണ് മരണപ്പെട്ടത്. അനധികൃത ഖനനം തടയുന്നതുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഒബുവാസി പട്ടണത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
ഈ ആളുകളുടെ പൊടുന്നനെയുള്ളതും, അകാലവുമായ വിയോഗം അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രമല്ല, രാഷ്ട്രത്തിനും വലിയ ഒരു നഷ്ടമാണെന്നു ഘാന മെത്രാൻ സമിതി പറഞ്ഞു. സംഭവത്തിൽ ഘാന പ്രസിഡന്റ് ജോൺ ഡ്രമാനി മഹാമ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: