MAP

കർദ്ദിനാൾ മാരിയോ ഗ്രെച്ച്  കർദ്ദിനാൾ മാരിയോ ഗ്രെച്ച്  

പരിശുദ്ധ അമ്മയോടുള്ള വണക്കം സുവിശേഷാനന്ദത്തിൽ ഒന്നുചേരുന്നതിനു നമ്മെ സഹായിക്കണം: പാപ്പാ

മാൾട്ടയിലെ ദ്വീപസമൂഹത്തിലെ രണ്ടാമത്തെ വലിയ ദ്വീപായ ഗോറ്റ്സോ കത്തീഡ്രൽ ദേവാലയത്തിൽ വണങ്ങപ്പെടുന്ന സ്വർഗ്ഗാരോപണ മാതാവിന്റെ കിരീട ധാരണത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, കർദ്ദിനാൾ മാരിയോ ഗ്രെച്ചിനെ പ്രത്യേകപ്രതിനിധിയായി ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി    

മാൾട്ടയിലെ ഗോസോ കത്തീഡ്രലിൽ, പരിശുദ്ധ സ്വർഗ്ഗാരോപിത അമ്മയുടെ കിരീട ധാരണത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക ആഘോഷങ്ങൾക്ക്, മെത്രാൻ സിനഡിന്റെ സെക്രട്ടറി ജനറലായ കർദ്ദിനാൾ മാരിയോ ഗ്രെച്ചിനെ,  ലിയോ പതിനാലാമൻ പാപ്പാ  തന്റെ പ്രത്യേക ദൂതനായി നിയമിച്ചു.

കത്തീഡ്രൽ  ദേവാലയത്തിന്റെ പ്രധാന അൾത്താരയ്ക്ക് മുകളിലായിട്ടാണ്, പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. 1971 ലാണ് പ്രതിഷ്ഠ നടന്നത്. 2025 ഓഗസ്റ്റ് 15 ന്, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ ദിനത്തിലാണ് പ്രധാന ആഘോഷങ്ങൾ നടക്കുന്നത്.

ആഗസ്റ്റ് മാസം ഒൻപതാം തീയ്യതി, ലിയോ പതിനാലാമൻ പാപ്പാ, കർദിനാളിനയച്ച കത്തിൽ, രക്ഷാകര ചരിത്രത്തിൽ പരിശുദ്ധ അമ്മ വഹിച്ച പങ്കിനെ പ്രത്യേകം അനുസ്മരിക്കുകയും, മാതാവിനോടുള്ള ഭക്തി ക്രൈസ്തവജീവിതത്തിൽ ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറയുകയും ചെയ്തു. "കൃപയുടെ വക്താവും വിശുദ്ധിയുടെ മാതൃകയുമായി എല്ലാ സൃഷ്ടികൾക്കും മുൻപേ  ദൈവം മുൻകൂട്ടി നിശ്ചയിച്ചതും നിയമിച്ചതുമായ മനുഷ്യവ്യക്തിയാണ് പരിശുദ്ധ അമ്മയെന്നാണ്" കത്തിൽ പ്രത്യേകം അടിവരയിടുന്നത്.

മാതാവിന്റെ സ്വർഗ്ഗാരോപണത്തെക്കുറിച്ചു ചിന്തിക്കുവാനും, ദൈവത്തോടുള്ള വിശ്വാസത്തിന്റെയും, സ്നേഹത്തിന്റെയും അടയാളമായ സ്വർണ്ണകിരീടത്താലും, വിലയേറിയ കല്ലുകളാൽ അലംകൃതമായ പരിശുദ്ധ അമ്മയുടെ ചിത്രത്തെ ധ്യാനിക്കുവാനും ഈ തിരുനാൾ സഹായകരമാകട്ടെയെന്നും പാപ്പാ കത്തിൽ ആശംസിച്ചു. ഈ തിരുനാൾ പരിശുദ്ധ അമ്മയെ ആദരിക്കുന്നതിനു മാത്രമല്ല, സുവിശേഷ ആനന്ദത്തിൽ നമ്മുടെ വിശ്വാസത്തിൽ വളരുന്നതിനും ഇടയാകട്ടെയെന്നും പാപ്പാ കൂട്ടിച്ചേർത്തു.

"ഈ സംഭവത്തിന്റെ പ്രാധാന്യവും സന്തോഷവും കൂടുതൽ യോഗ്യമായ രീതിയിൽ എടുത്തുകാണിക്കുന്നതിനാണ്" താൻ ഈ ദൗത്യം കർദ്ദിനാൾ ഗ്രെച്ചിനെ ഏൽപ്പിച്ചതെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. ഈ വിശുദ്ധ ജൂബിലി വർഷത്തിൽ വിശ്വാസം, പ്രത്യാശ, പരസ്നേഹം എന്നിവയ്ക്ക് സാക്ഷ്യം വഹിക്കാൻ ഏവരെയും ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ തന്റെ കത്ത് ഉപസംഹരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ഓഗസ്റ്റ് 2025, 11:26