ആരെയും നിർബന്ധിച്ച് നാടുകടത്താൻ കഴിയില്ല: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഇന്ത്യൻ മഹാസമുദ്രത്തിൽ മാലിദ്വീപിന് തെക്കും മൗറീഷ്യസിന് വടക്കുകിഴക്കുമായി സ്ഥിതി ചെയ്യുന്ന, ഷഗോസ് ദ്വീപിൽ നിന്നുമുള്ള അഭയാർഥികളുടെ പ്രതിനിധിസംഘത്തെ, ആഗസ്റ്റ് മാസം ഇരുപത്തിമൂന്നാം തീയതി, വത്തിക്കാനിൽ, ഒരു സ്വകാര്യസദസിൽ, ലിയോ പതിനാലാമൻ പാപ്പാ സ്വീകരിച്ചു. ദ്വീപിന്റെ സ്വാതന്ത്ര്യത്തിനും, ഇംഗ്ലീഷ് ആധിപത്യത്തിൽ നിന്നും, മൗറീഷ്യസിലേക്ക് തിരികെ പോകുവാനുമുള്ള ആളുകളുടെ നിശ്ചയദാർഢ്യത്തെ, പാപ്പാ പ്രത്യേകം അഭിനന്ദിച്ചു.
2023 ൽ ഫ്രാൻസിസ് പാപ്പായുമായി, ഈ സമൂഹം നടത്തിയ കൂടികാഴ്ച്ചയെയും പാപ്പാ അനുസ്മരിച്ചു. 2024 ഒക്ടോബർ 3-ന്, യുണൈറ്റഡ് കിംഗ്ഡത്തിലെയും മൗറീഷ്യസിലെയും സർക്കാരുകൾ നടത്തിയ സംയുക്ത പ്രഖ്യാപനം, പാപ്പായുമായുള്ള കൂടിക്കാഴ്ചയിൽ, പറഞ്ഞ വാക്കുകൾക്ക് സാക്ഷാത്‌കരണം നൽകുന്നതാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. "നിങ്ങളുടെ സന്തോഷത്തിലും, പ്രത്യാശയിലും ഞാൻ നിങ്ങളോടൊപ്പമുണ്ട്.", പാപ്പാ പറഞ്ഞു.
ഹൃദയം തുറന്ന്, ജനങ്ങളുടെ കഷ്ടപ്പാടുകൾ മനസിലാക്കിക്കൊണ്ട് , ഈ ഒരു കരാറിൽ എത്തിച്ചേർന്ന എല്ലാവരെയും പാപ്പാ പ്രത്യേകം അഭിനന്ദിച്ചു. തങ്ങളുടെ അവകാശങ്ങളുടെ സമാധാനപരമായ വീണ്ടെടുപ്പിനു നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ച ദ്വീപു നിവാസികളെ, പ്രത്യേകമായും സ്ത്രീജനങ്ങളെ പാപ്പാ പ്രത്യേകം അനുമോദിച്ചു. മാതൃ ദ്വീപസമൂഹത്തിലേക്കുള്ള ജനങ്ങളുടെ തിരിച്ചുവരവ്, അന്താരാഷ്ട്ര രംഗത്ത് പ്രതീകാത്മകമായി പ്രോത്സാഹനജനകമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
"എല്ലാ ജനങ്ങളും, ഏറ്റവും ചെറിയവരും, ദുർബലവുമായവർ പോലും, അവരുടെ സ്വത്വത്തിലും അവകാശങ്ങളിലും, പ്രത്യേകിച്ച് സ്വന്തം നാട്ടിൽ ജീവിക്കാനുള്ള അവരുടെ അവകാശം ശക്തരായവരാൽ ബഹുമാനിക്കപ്പെടണം; ആർക്കും അവരെ നിർബന്ധിത നാടുകടത്തലിനായി ബലം പ്രയോഗിക്കാനാവില്ല", പാപ്പാ പറഞ്ഞു. മൗറീഷ്യസിലെ അധികാരികളും അന്താരാഷ്ട്ര സമൂഹവും 60 വർഷത്തിനുശേഷം ഷഗോസ് സമൂഹത്തിന്റെ തിരിച്ചുവരവ് സാധ്യക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമ്പോൾ, പ്രാദേശിക സഭയും, പ്രത്യേകമായി ആത്മീയതയിൽ ഒപ്പമുണ്ടായിരിക്കുമെന്നും, പാപ്പാ ഉറപ്പു നൽകി. അനീതി കാണിച്ചവരോട് ക്ഷമിക്കുവാനും, ഭാവിയിലേക്ക് ദൃഢനിശ്ചയത്തോടെ നോക്കാനും ക്ഷണിച്ചുകൊണ്ട്, പാപ്പാ അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: