MAP

ലിയോ പതിനാലാമൻ പാപ്പാ, കസ്തേൽ ഗാന്തോൾഫോയിലുള്ള വേനൽക്കാലവസതിക്ക് മുന്നിൽനിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ, കസ്തേൽ ഗാന്തോൾഫോയിലുള്ള വേനൽക്കാലവസതിക്ക് മുന്നിൽനിന്നുള്ള ഒരു ദൃശ്യം 

വത്തിക്കാനിലേക്കുള്ള മടക്കത്തിന് മുൻപ് സമാധാനശ്രമങ്ങളുടെ പ്രാധാന്യം അനുസ്മരിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ

ഉക്രൈൻ-റഷ്യ പ്രശ്നപരിഹാരത്തിനായി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും ആത്മാർത്ഥമായി പരിശ്രമിക്കേണ്ടതുണ്ടെന്ന് ലിയോ പതിനാലാമൻ പാപ്പാ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കസ്തേൽ ഗാന്തോൾഫോയിലുള്ള വേനൽക്കാലവസതിയിലായിരുന്ന പാപ്പാ ഓഗസ്റ്റ് 19 ചൊവ്വാഴ്ച വൈകുന്നേരം തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപായി വാർത്താറിപ്പോർട്ടർമാരുമായി സംസാരിച്ച അവസരത്തിലാണ് ഉക്രൈനിലെ സമാധാനശ്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്.

തിസ്സ്യാന കംപീസി, ദാനിയേലേ പിച്ചീനീ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാൻ ന്യൂസ്

ഉക്രൈനിൽ സമാധാനം സ്ഥാപിക്കപ്പെടണമെങ്കിൽ അതിനായി തീവ്രമായി പ്രവർത്തിക്കുകയും, ഏറെ പ്രാർത്ഥിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ലിയോ പതിനാലാമൻ പാപ്പാ. ഉക്രൈനിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനായി നടന്നുവരുന്ന ചർച്ചകളെക്കുറിച്ച് ഉയർന്ന വാർത്താറിപ്പോർട്ടർമാരുടെ ചോദ്യത്തിന് മറുപടി നൽകവെ, ഈയൊരു ലക്ഷ്യത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പാ ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കസ്തേൽ ഗാന്തോൾഫോയിലുള്ള വില്ല ബാർബരീനി എന്ന വേനൽക്കാലവസതിയിലായിരുന്ന പാപ്പാ ഓഗസ്റ്റ് 19 ചൊവ്വാഴ്ച വൈകുന്നേരം ഒൻപത് മണിയോടെ തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപായാണ് റിപ്പോർട്ടർമാരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.

ഉക്രൈനിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കവെ, ഇതിനായി ചില നേതാക്കളുമായി താൻ സ്ഥിരമായി സംസാരിക്കുന്നുണ്ടെന്ന് പാപ്പാ വ്യക്തമാക്കി. എന്നാൽ സമാധാനസ്ഥാപനത്തിനായി നാം ഏറെ പ്രാർത്ഥിക്കുകയും പ്രയത്നിക്കുകയും ചെയ്യേണ്ടതുണ്ടെന്നും, എങ്ങനെയാണ് ഇതിനായി മുന്നോട്ട് പോകേണ്ടതെന്ന് ആരായുകയും ചെയ്യേണ്ടതുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

റഷ്യ-ഉക്രൈൻ പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ദീർഘനാളുകളായി സമാധാനചർച്ചകൾ നടന്നുവരുന്നതിനിടെയാണ് ഇതിന്റെ വിജയത്തിനായി ശരിയായ മാർഗ്ഗം തേടേണ്ടതിന്റെയും പ്രാർത്ഥിക്കേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി പാപ്പാ ഓർമ്മിപ്പിച്ചത്.

ലോകസമാധാനത്തിനും, നീതിക്കും, യുദ്ധക്കെടുതിയാൽ ദുരിതമനുഭവിക്കുന്നവർക്കും വേണ്ടിയും ഓഗസ്റ്റ് 22-ആം തീയതി പ്രത്യേകമായി പ്രാർത്ഥിക്കാനും ഉപവസിക്കാനും ഓഗസ്റ്റ് 20 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ പാപ്പാ ആഹ്വാനം ചെയ്തു.

പത്രോസിന്റെ പിൻഗാമിയായതിന്റെ നൂറ് ദിനങ്ങൾ

താൻ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആദ്യ നൂറ് ദിനങ്ങളെക്കുറിച്ച് പ്രതികരണം ആവശ്യപ്പെട്ട ഒരു റിപ്പോർട്ടറോട്, ഈ ദിനങ്ങൾ ദൈവാനുഗ്രഹത്തിന്റെ ദിനങ്ങളായിരുന്നുവെന്നും, താൻ ഈ ദിവസങ്ങളിൽ ഏറെക്കാര്യങ്ങൾ നേടാനായെന്നും വ്യക്തമാക്കിയ പാപ്പാ, കസ്തേൽ ഗാന്തോൾഫോയിൽ തനിക്ക് കിട്ടിയ സ്വീകരണത്തിനും സ്നേഹത്തിനും ഏവർക്കും നന്ദി പറഞ്ഞു.

ഇത് രണ്ടാം തവണയാണ് ലിയോ പതിനാലാമൻ പാപ്പാ കസ്തേൽ ഗാന്തോൾഫോയിലെ വേനൽക്കാലവസതിയിൽ വിശ്രമത്തിനായെത്തിയത്. ജൂലൈ മാസത്തിൽ രണ്ടാഴ്ചയിലധികം ഇവിടെ ചിലവഴിച്ച പാപ്പാ, ഓഗസ്റ്റ് പതിമൂന്നാം തീയതിയായിരുന്നു വീണ്ടും ഇങ്ങോട്ടെത്തിയത്. അവധിക്കാലത്തിന്റെ ഈ രണ്ടാം പകുതിയിലും പാപ്പാ ഭക്തജനങ്ങൾക്ക് കൂടിക്കാഴ്ച അനുവദിക്കുകയും, പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുനാൾ ആഘോഷിക്കുന്ന ഓഗസ്റ്റ് 15-ന് വില്ല ബാർബരീനിക്ക് അടുത്ത് വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള ഇടവകദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് 17 ഞായറാഴ്ച അൽബാനോയിൽ പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ദേവാലയത്തിൽ പാവപ്പെട്ടവർക്കും ഭവനരഹിതർക്കും സാമൂഹ്യസേവകർക്കും ഉൾപ്പെടെയുള്ളവർക്കുവേണ്ടി പരിശുദ്ധ പിതാവ് വിശുദ്ധ ബലിയർപ്പിച്ചിരുന്നു.

ഓഗസ്റ്റ് 19 ചൊവ്വാഴ്ച രാവിലെ പാപ്പാ മെന്തൊരെല്ലയിൽ പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ദേവാലയത്തിലെത്തി ലോകസമാധാനത്തിനായുൾപ്പെടെ പ്രാർത്ഥിച്ചിരുന്നു. പാലെസ്ത്രീന രൂപതയുടെ കീഴിലാണ് ഈ ദേവാലയം. അവിടെയുള്ള സന്ന്യസ്തർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് പാപ്പാ വില്ല ബാർബരീനിയിലേക്ക് മടങ്ങിയത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ഓഗസ്റ്റ് 2025, 14:31