MAP

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

പ്രാർത്ഥനയിലും ശുശ്രൂഷയിലും ഒരുമിച്ച് മുന്നേറി ക്രൈസ്തവഐക്യത്തിലേക്ക് വളരാൻ ലിയോ പാപ്പായുടെ ആഹ്വാനം

ഒന്നാം നിഖ്യ എക്യൂമെനിക്കൽ സൂനഹദോസിന്റെയും 1925-ൽ സ്വീഡനിൽ നടന്ന ആഗോള ക്രൈസ്തവ കോൺഫറൻസിന്റെയും, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെയും വെളിച്ചത്തിൽ ക്രൈസ്തവവിശ്വാസത്തിൽ കൂടുതൽ ഐക്യത്തോടെ വളരാനും ശുശ്രൂഷ ചെയ്യാനും എല്ലാ ക്രൈസ്തവരോടും ലിയോ പാപ്പായുടെ ആഹ്വാനം. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിൽ ഓഗസ്റ്റ് 18 മുതൽ 24 വരെ തീയതികളിലായി നടന്നുവരുന്ന എക്യൂമെനിക്കൽ വാരാഘോഷത്തിലേക്കയച്ച തന്റെ സന്ദേശത്തിലാണ് ക്രൈസ്തവർക്കിടയിൽ ഉണ്ടാകേണ്ട ഐക്യത്തിന്റെ പ്രാധാന്യത്തിലേക്ക് പാപ്പാ വിരൽ ചൂണ്ടിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കത്തോലിക്കരും ലൂഥറൻ സഭയുമുൾപ്പെടെ, ക്രൈസ്തവർ എല്ലാവരും സമാധാനവും നീതിയും പൊതുനന്മയും മുന്നിൽക്കണ്ട്, പ്രവർത്തിക്കാൻ ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനം. 325-ൽ നടന്ന നിഖ്യ ഒന്നാം എക്യൂമെനിക്കൽ സൂനഹദോസിന്റെ ആയിരത്തി എഴുനൂറാം വാർഷികത്തിന്റെയും, 1925-ൽ സ്വീഡനിൽ നടന്ന ആഗോള ക്രൈസ്തവ കോൺഫറൻസിന്റെ നൂറാം വാർഷികത്തിന്റെയും പശ്ചാത്തലത്തിൽ, സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിൽ ഓഗസ്റ്റ് 18 മുതൽ 24 വരെ തീയതികളിലായി സംഘടിപ്പിക്കപ്പെട്ട "എക്യൂമെനിക്കൽ വാരാഘോഷം" എന്ന സമ്മേളനത്തിലേക്കയച്ച സന്ദേശത്തിലാണ് ക്രൈസ്തവഐക്യത്തിന്റെ പ്രാധാന്യത്തിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.

യേശു ക്രിസ്തു സത്യദൈവവും സത്യമനുഷ്യനുമാണെന്നും, പിതാവുമായി ഏകസത്ത പങ്കിടുന്നവനുമാണെന്നും പ്രഖ്യാപിച്ച ഒന്നാം നിഖ്യാ എക്യൂമെനിക്കൽ സൂനഹദോസിന്, വ്യത്യസ്തതകൾക്കിടയിലും ഐക്യത്തിന്റെ ശക്തമായ അടയാളമായി മാറാൻ സാധിച്ചിരുന്നുവെന്ന് ഓർമ്മിപ്പിച്ച പാപ്പാ, സഭകൾക്കിടയിലെ ഭിന്നതകൾ അതിജീവിക്കാനും ഐക്യം ശക്തിപ്പെടുത്താനും നമ്മുടെ ക്രൈസ്തവ വിശ്വാസപ്രഖ്യാപനത്തിന് സാധിക്കുമെന്നാണ് കൗൺസിൽ നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പ്രസ്താവിച്ചു.

അറുനൂറോളം ഓർത്തഡോക്സ്, ആംഗ്ലിക്കൻ, പ്രോട്ടെസ്ന്റന്റ് നേതൃത്വങ്ങൾ പങ്കെടുത്ത 1925-ലെ സ്റ്റോക്ക്‌ഹോം കോൺഫറൻസും ഇത്തരമൊരു ആഗ്രഹത്താലാണ് പ്രേരിതമായിരുന്നതെന്ന് പാപ്പാ അനുസ്മരിച്ചു. അന്ന് ലൂഥറൻ സഭയിൽ ആർച്ബിഷപ്പായിരുന്ന അഭി. നാഥാൻ സോഡർബ്ലോം, ക്രൈസ്തവരെ ഒരുമിപ്പിക്കാൻ ക്രൈസ്തവമായ ശുശ്രൂഷയ്ക്ക് സാധിക്കുമെന്ന ബോധ്യത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്നുവെന്നും, സമാധാനവും നീതിയും മാനവികാന്തസ്സും തേടിക്കൊണ്ട് ഒരുമിച്ച് ക്രൈസ്തവികത ഐക്യത്തോടെ ജീവിക്കുന്നതിനായി, എല്ലാ ദൈവശാസ്ത്ര മേഖലകളിലും ഐക്യത്തിലെത്തുന്നതിനായി കാത്തിരിക്കേണ്ടതില്ലെന്ന ചിന്ത മുന്നോട്ടു വച്ചിരുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

സ്റ്റോക്ക്‌ഹോം കോൺഫറൻസിൽ കത്തോലിക്കാസഭ നേരിട്ട് പങ്കെടുത്തിരുന്നില്ലെങ്കിലും, നമ്മെ ഒരുമിപ്പിക്കുന്നവയാണ് നമ്മെ വേർതിരിച്ചുനിറുത്തുന്നവയെക്കാൾ വലുതെന്ന് എളിമയോടും സന്തോഷത്തോടും കൂടി തിരിച്ചറിയാൻ സഭയ്ക്ക് ഇന്ന് സാധിക്കുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. പ്രത്യേകമായി രണ്ടാം വത്തിക്കാൻ കൗൺസിലോടെ എക്യൂമെനിക്കൽ മാർഗ്ഗത്തിലേക്ക് കത്തോലിക്കാസഭ കൂടുതലായി കടന്നുവന്നിട്ടുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. മാമ്മോദീസായിലും സഭയുടെ ശുശ്രൂഷാനിയോഗത്തിലും അടിസ്ഥാനമിട്ട് എളിമയും സഹോദര്യസ്നേഹവും ഒന്നുചേർന്ന സംവാദങ്ങളിലൂടെ മുന്നോട്ട് പോകാനാണ് യൂണിത്താത്തിസ് റെദിന്തെഗ്രാസ്സിയോ (Unitatis Redintegratio) എന്ന കൗൺസിൽ രേഖ നമ്മെ ക്ഷണിക്കുന്നതെന്ന് പാപ്പാ വിശദീകരിച്ചു.

"ദൈവത്തിന്റെ സമാധാനത്തിനായുള്ള സമയം" എന്ന സ്റ്റോക്ക്ഹോം എക്യൂമെനിക്കൽ വാരത്തിന്റെ പ്രമേയം ഇന്നിന്റെ പ്രത്യേകതകളെ ഉൾക്കൊള്ളുന്നവയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സംഘർഷങ്ങളുടെയും പാരിസ്ഥിതികച്യുതിയുടെയും ആദ്ധ്യാത്മിക അകൽച്ചയുടെയും മുറിവുകൾ പേറുന്ന ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. ഇതിനിടയിൽ സമാധാനമെന്നത് മാനവികമായ ഒരു നേട്ടമല്ലെന്നും, അത് നമുക്കിടയിലെ ദൈവത്തിന്റെ സാന്നിദ്ധ്യത്തിന്റെ അടയാളമാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ടെന്ന് പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ക്രിസ്ത്യാനികൾ അനുരഞ്ജനത്തിന്റെ സൃഷ്ടാക്കളായി, ഭിന്നതയെ ധൈര്യത്തോടെയും, നിസ്സംഗതയെ സഹാനുഭൂതിയോടെയും അഭിമുഖീകരിക്കാനും, മുറിവേറ്റയിടങ്ങളിൽ സൗഖ്യം പകരാനും വിളിക്കപ്പെട്ടവരാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

1989-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ സ്വീഡനിൽ ഉപ്പ്സാല കത്തീഡ്രലിൽ എത്തിയതും, 2016-ൽ ഫ്രാൻസിസ് പാപ്പാ ലണ്ടിലെ (Lund) നവീകരണവുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്തതും, നിലവിൽ സ്റ്റോക്ഹോമിലെ സമ്മേളനത്തിൽ പരിശുദ്ധ സിംഹാസനത്തിൽനിന്നുള്ള പ്രതിനിധി സംഘം പങ്കെടുക്കുന്നതും കത്തോലിക്കാ-ലൂഥറൻ സഭകൾ തമ്മിലുള്ള വളർന്നുവരുന്ന ഐക്യത്തിന്റെ അടയാളമായി പാപ്പാ എടുത്തുകാട്ടി. സമാധാനത്തിനും, നീതിക്കും പൊതുനന്മയ്ക്കുമായി ഒരുമിച്ച് പ്രാർത്ഥിച്ചും പ്രവർത്തിച്ചും മുന്നോട്ടുപോകാനുള്ള കത്തോലിക്കാസഭയുടെ പ്രതിജ്ഞാബദ്ധതയുടെ അടയാളം കൂടിയാണിതെന്ന് പാപ്പാ വിശദീകരിച്ചു.

കർത്താവ് തീവ്രമായി ആഗ്രഹിച്ച ഐക്യം സാധ്യമാക്കാൻ വേണ്ടി പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെയെന്ന പ്രാർത്ഥനയോടെയും സമാധാനാശംസയോടെയുമാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഓഗസ്റ്റ് 2025, 14:47