മരണത്തെ അഭിമുഖീകരിക്കുന്ന പ്രത്യാശ വിശ്വാസത്തിന്റെ വെളിച്ചമാണ്: ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
2020 ഓഗസ്റ്റ് 4 ന്, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഉണ്ടായ ഭീമാകാരമായ സ്ഫോടനത്തിൽ നിരവധിപേർ കൊല്ലപ്പെടുകയും ആറായിരത്തിനു മുകളിൽ ആളുകൾക്ക് സാരമായ പരിക്കുകൾ ഏൽക്കുകയും ചെയ്തിരുന്നു. അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്. ദാരുണമായ സ്ഫോടനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്, ബെയ്റൂട്ടിലെ വിശ്വാസികൾക്കും, ഇരകളായ സഹോദരങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനാസമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി, ലിയോ പതിനാലാമൻ പാപ്പാ സന്ദേശം അയച്ചു. തന്റെ സ്നേഹിതനായ ലാസറിന്റെ മരണത്തെ അഭിമുഖീകരിക്കുന്ന ക്രിസ്തുവിന്റെ മനോഭാവത്തെയും വാക്കുകളെയും കുറിച്ചു ധ്യാനിക്കാൻ സന്ദേശത്തിൽ പാപ്പാ ഏവരെയും ക്ഷണിക്കുന്നു.
മരണമെന്ന യാഥാർഥ്യത്തിനു മുൻപിൽ കണ്ണുനീർ പൊഴിക്കുന്ന യേശുവിനെ പരിചയപ്പെടുത്തിക്കൊണ്ട്, നമ്മുടെ വേദനകളിലും, കഷ്ടപ്പാടുകളിലും, നഷ്ട്ടങ്ങളിലും യേശു നമ്മോട് അടുത്തിരിക്കുന്നുവെന്നു പറഞ്ഞു. തുടർന്ന് ലാസറിനെ ഉയിർപ്പിക്കുന്നതിലൂടെ, ക്രിസ്തു ജീവന്റെ ദൈവമാണെന്നും, അവസാന വചനം മരണം ആയിരിക്കുകയുമില്ല എന്ന ഉറപ്പ് നൽകുകയും ചെയ്യുന്നു.
മരണത്തിന്റെ ഇരുൾമൂടിയ നിമിഷങ്ങളിൽ, കർത്താവ് നമുക്ക് വിശ്വാസത്തിന്റെ വെളിച്ചം പ്രദാനം ചെയ്യുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. ഇതാണ് മരണത്തെ അഭിമുഖീകരിക്കുന്ന നമ്മുടെ പ്രതീക്ഷയെന്നും പാപ്പാ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ പ്രതീകമായ ലെബനോനിലെ ദേവദാരുക്കളെപ്പോലെ, സ്വർഗ്ഗത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുന്നതിനും സ്വർഗീയ പിതാവിന്റെ പക്കൽ എത്തിച്ചേരുന്നതിനു സാധിക്കട്ടെയെന്നും പാപ്പാ പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിൽ ഹൃദയം തകർന്നവരോടും, പരിക്കേറ്റവരോടും പാപ്പായ്ക്കുള്ള അടുപ്പവും സന്ദേശത്തിൽ എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: