ഹിരോഷിമ അണുബോംബാക്രമണത്തിന്റെ എൺപതാം വാർഷികത്തിൽ ലിയോ പതിനാലാമൻ പാപ്പാ സന്ദേശമയച്ചു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഹിരോഷിമ - നാഗസാക്കി അണുബോംബാക്രമണത്തിൽ അതിജീവിച്ചവർ, സുരക്ഷിതമായ ഒരു ലോകം കെട്ടിപ്പടുക്കാനും സമാധാനത്തിന്റെ അന്തരീക്ഷം പരിപോഷിപ്പിക്കാനും നമുക്ക് സമയോചിതമായ ആഹ്വാനം നൽകുന്നു എന്ന വാക്കുകളോടയാണ്, 1945 ഓഗസ്റ്റ് 6 നു ജാപ്പനീസ് നഗരമായ ഹിരോഷിമയിൽ അമേരിക്ക നടത്തിയ അണുബോംബാക്രമണത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച്, ഹിരോഷിമ മെത്രാൻ അലക്‌സിസ് മിത്സുരു ഷിരഹാമയ്ക്ക് ലിയോ പതിനാലാമൻ പാപ്പാ സന്ദേശമയച്ചത്. ആഗസ്റ്റ് മാസം അഞ്ചാം തീയതി ആഘോഷിച്ച അനുസ്മരണ ദിവ്യബലി മദ്ധ്യേ, ജപ്പാനിലെ അപ്പസ്തോലിക നുൺഷ്യോ ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ എസ്കലാന്തെ മോളിന സന്ദേശം വായിച്ചു.
വർഷങ്ങൾ ഏറെ കടന്നുപോയെങ്കിലും, ആണവായുധങ്ങൾ സൃഷ്ടിക്കുന്ന അഗാധമായ ഭീകരത നമ്മെ അനുസ്മരിപ്പിക്കുന്നതാണ് ഈ രണ്ടു നഗരങ്ങളും എന്നത് പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു. ആ നഗരങ്ങളിലെ തെരുവുകളിലും, വിദ്യാലയങ്ങളിലും, ഭവനങ്ങളിലും 1945 ആഗസ്റ്റ് മാസത്തിന്റെ നിർഭാഗ്യകരമായ സംഭവത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും ഉണ്ടെന്നത് വേദനയോടെ അനുസ്മരിച്ച പാപ്പാ, ഫ്രാൻസിസ് പാപ്പാ ആവർത്തിച്ചു പറയുന്ന, "യുദ്ധം എല്ലായ്പ്പോഴും മനുഷ്യരാശിയുടെ പരാജയമാണ്" എന്ന വാചകവും കൂട്ടിച്ചേർത്തു.
നാഗസാക്കിയിലെ സ്‌ഫോടനത്തിൽ നിന്നും അതിജീവിച്ച ഡോക്ടർ തകാഷി നാഗായി തൻെ ഗ്രന്ഥത്തിൽ എടുത്തു പറഞ്ഞിട്ടുള്ളതുപോലെ, "സ്‌നേഹിക്കുന്ന വ്യക്തി യഥാർത്ഥത്തിൽ ആയുധങ്ങൾ വഹിക്കാത്ത ധീരനായ വ്യക്തിയാണെന്ന്" പാപ്പാ എടുത്തു പറഞ്ഞു. ആണവായുധങ്ങൾ നമ്മുടെ മാനവികതയെ വ്രണപ്പെടുത്തുന്നുവെന്നും, സൃഷ്ടിയുടെ അന്തസ്സിനെ ഹനിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വർദ്ധിച്ചുവരുന്ന ആഗോള പിരിമുറുക്കങ്ങളുടെയും സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ, ഹിരോഷിമയും നാഗസാക്കിയും "ഓർമ്മയുടെ പ്രതീകങ്ങളായി" നിലകൊള്ളുന്നുവെന്നാണ് ഫ്രാൻസിസ് പാപ്പാ പറഞ്ഞിട്ടുള്ളതെന്നും, ലിയ പതിനാലാമൻ പാപ്പാ ഓർമ്മപ്പെടുത്തി. അതിനാൽ ഈ ഓർമ്മദിനം, ശാശ്വത സമാധാനം ഉറപ്പുവരുത്തുവാനുള്ള ഒരു ആഹ്വാനമായി അന്താരാഷ്‌ട്ര സമൂഹം സ്വീകരിക്കണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: