MAP

കൂടിക്കാഴ്ച്ചയിൽ സംബന്ധിക്കുന്നവർക്കൊപ്പം കൂടിക്കാഴ്ച്ചയിൽ സംബന്ധിക്കുന്നവർക്കൊപ്പം   (@Vatican Media)

അൾത്താര ശുശ്രൂഷയിൽ ദൈവീക മഹത്വം തിരിച്ചറിയണം: പാപ്പാ

ഫ്രാൻസിലെ വിവിധ ദേവാലയങ്ങളിൽ, അൾത്താര ശുശ്രൂഷ ചെയ്യുന്നവരുടെ, റോമിലേക്കുള്ള ദേശീയ തീർത്ഥാടനത്തിൽ സംബന്ധിക്കുന്നവരുമായി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച നടത്തി. സന്ദേശത്തിൽ യേശുവിനെ ജീവിതത്തിന്റെ കേന്ദ്രമായി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ അടിവരയിട്ടു പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജൂബിലി വർഷത്തോടനുബന്ധിച്ച്, റോമിലേക്ക് തീർത്ഥാടനം നടത്തുന്ന ഫ്രാൻസിലെ അൾത്താര ശുശ്രൂഷകരുടെ ദേശീയ സംഘത്തെ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു. സന്ദർശനവേളയിൽ, വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുമ്പോൾ, യേശുവിലേക്ക് നമ്മുടെ ദൃഷ്ടികൾ ഉറപ്പിക്കുവാനും, വിശ്വാസത്തിലും, സ്നേഹത്തിലും  വളരുവാനും, അപ്രകാരം മികച്ച ശിഷ്യഗണമായി മാറി പരിവർത്തനത്തിലേക്ക് കടന്നുവരുവാൻ സാധിക്കണെമന്നു, പാപ്പാ, ആമുഖമായി സന്ദേശത്തിൽ  പറഞ്ഞു. ഇങ്ങനെ മാത്രമേ, നിത്യജീവിതത്തെ ലക്‌ഷ്യം  വച്ചുകൊണ്ട്, നമ്മുടെ ജീവിതങ്ങളെ മനോഹരമാക്കുവാൻ സാധിക്കുകയുള്ളൂ എന്നും പാപ്പാ പറഞ്ഞു.

 ഹൃദയത്തിന്റെ രഹസ്യത്തിൽ യേശുവിനോട് സംസാരിക്കാനും അവനെ കൂടുതൽ  സ്നേഹിക്കാനും സമയം ചിലവഴിക്കണമെന്നു പാപ്പാ ആഹ്വാനം ചെയ്തു. നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുക എന്നതാണ് കർത്താവിന്റെ ആഗ്രഹമെന്നും, അതിനാൽ, യേശുവിന്റെ വിശ്വസ്തതയുള്ള സുഹൃത്തുക്കളായി മാറുക എന്നത് പ്രധാനമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഇതിനായി കർത്താവ് നമ്മുടെ ജീവിതത്തിന്റെ വാതിലുകളിൽ നിരന്തരം മുട്ടിവിളിക്കുന്നുണ്ടെന്നും, അവന്റെ സ്വരം ശ്രവിച്ചുകൊണ്ട് അവനായി വാതിലുകൾ തുറന്നുകൊടുക്കണമെന്നും പാപ്പാ അൾത്താര ശുശ്രൂഷകരെ ക്ഷണിച്ചു.

തുടർന്ന്, വിശുദ്ധ വർഷത്തിന്റെ പ്രധാന പ്രമേയമായ പ്രത്യാശയിലേക്ക് ജീവിതങ്ങളെ ക്രമപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും  പാപ്പാ എടുത്തു പറഞ്ഞു. ലോകം മോശമായി പോകുന്നുവെന്നും കൂടുതൽ ഗൗരവമേറിയതും അസ്വസ്ഥപ്പെടുത്തുന്നതുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുവെന്നും എന്നുള്ളത് യാഥാർഥ്യമായി മനസിലാകുമ്പോൾ, ആരു നമ്മുടെ രക്ഷയ്ക്കായി എത്തുമെന്നതിനു, കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി ചരിത്രത്തിൽ പ്രതിധ്വനിക്കുന്ന ഉത്തരം, യേശു മാത്രമെന്നതും പാപ്പാ അടിവരയിട്ടു പറഞ്ഞു. നമ്മുടെ രക്ഷയ്ക്കായി സ്വർഗ്ഗത്തിൻ കീഴിൽ മനുഷ്യർക്കു നൽകപ്പെട്ട മറ്റൊരു നാമമില്ല; അത് യേശു മാത്രമാണെന്നും പാപ്പാ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. "യേശുവിനെ നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് നിർത്തുക. അവനെ സ്നേഹിക്കാനും അനുഗമിക്കാനും മുമ്പെന്നത്തേക്കാളും ദൃഢനിശ്ചയത്തോടെ മുൻപിട്ടു വരിക", പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ക്രൂശിൽ സ്വയം അർപ്പിച്ചുകൊണ്ട് അവൻ തന്റെ ജീവൻ നമുക്കായി നൽകി എന്നതാണ് അവന്റെ സ്നേഹത്തിന്റെ മഹത്തായ വെളിപ്പെടുത്തലെന്നും, ഇതാണ് രക്ഷയ്ക്കുള്ള അടയാളമെന്നും പാപ്പാ പറഞ്ഞു. നമ്മെ ഇത്രയധികം സ്നേഹിച്ച ഒരു ദൈവത്തെ നാം എന്തിനു  ഭയപ്പെടണം? എന്ന് ചോദിച്ച പാപ്പാ, നമ്മെ പരിപാലിക്കുകയും, നിത്യജീവിതത്തെ നമുക്ക് സമ്മാനമായി നൽകുകയും ചെയ്തുവെന്നും പറഞ്ഞു.

കർത്താവിന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും ഓർമകൾ സഭ, തലമുറകളായി ശ്രദ്ധാപൂർവ്വം കാത്തുസൂക്ഷിക്കുന്നുവെന്നും, ഇതിന്റെ ആഘോഷമാണ് വിശുദ്ധ കുർബാനയെന്നും പാപ്പാ ഓർമ്മപെടുത്തി. പുരോഹിതന്റെ കയ്യിൽ, "ഇത് എന്റെ ശരീരം, ഇത് എന്റെ രക്തം" എന്ന അവന്റെ വാക്കുകളിൽ, യേശു ഇപ്പോഴും യാഗപീഠത്തിൽ തന്റെ ജീവൻ അർപ്പിക്കുന്നുവെന്നും, അവൻ ഇന്നും നമുക്കായി തന്റെ രക്തം ചൊരിയുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അതിനാൽ ക്രൈസ്തവ ജീവിതത്തിൽ, സ്നേഹത്തിൽ യേശുവിനെ കണ്ടുമുട്ടുന്നതാണ് ഓരോ വിശുദ്ധ കുർബാനയാചരണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. ക്രിസ്ത്യാനി കുർബാനയ്ക്ക് പോകുന്നത് കർത്തവ്യം നിമിത്തമല്ല, മറിച്ച് അവന് അത് തികച്ചും ആവശ്യമുള്ളതുകൊണ്ടാണെന്നും, പ്രതിഫലമായി ഒന്നും ചോദിക്കാതെ തന്നെത്തന്നെ നല്കുന്ന യേശുവിനെയാണ് നാം സ്വീകരിക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ഇത് സന്തോഷം അനുഭവിക്കുന്നതിനുള്ള അവസരമാണെന്നും, അൾത്താര ശുശ്രൂഷകരുടെ മനോഭാവം,  നിശബ്ദത, സേവനത്തിന്റെ അന്തസ്സ്, ആരാധനാ സൗന്ദര്യം എന്നിവ വിശ്വാസികളെ കൂടുതൽ ദൈവത്തിങ്കലേക്കു അടുപ്പിക്കുവാൻ ഇടയാകട്ടെയെന്നും പാപ്പാ ആശംസിച്ചു. ഫ്രാൻസിൽ പുരോഹിതരുടെ അഭാവം ഒരു വലിയ നിർഭാഗ്യമാണെന്നും, അതിനാൽ പൗരോഹിത്യത്തിൽ അവനെ കൂടുതൽ അടുത്ത് അനുഗമിക്കാനുള്ള യേശുവിന്റെ ആഹ്വാനത്തിന് നിങ്ങൾ ശ്രദ്ധ നൽകുമെന്നു താൻ പ്രതീക്ഷിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. തന്റെ ദൈനംദിന ജീവിതത്തിന്റെ കേന്ദ്രത്തിൽ, യേശുവിനെ അസാധാരണമായ രീതിയിൽ കണ്ടുമുട്ടുകയും ലോകത്തിന് നൽകുകയും ചെയ്യുന്ന പുരോഹിതന്റെ ജീവിതം എത്ര അത്ഭുതകരമായ ജീവിതമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ഓഗസ്റ്റ് 2025, 12:19