ദൈവവുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ച് സാക്ഷ്യം നൽകലാണ് സുവിശേഷവത്കരണം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സുവിശേഷപ്രഘോഷകരുടെ ദൗത്യത്തിൽ സ്നാപകയോഹന്നാന്റെ വ്യക്തിത്വവും ജീവിതജീവിതമാതൃകയും ഏറെ സഹായകരമാണെന്നും, തങ്ങൾ വിചിന്തനം ചെയ്ത കാര്യങ്ങളെക്കുറിച്ചും ജീവന്റെ നാഥനായ ദൈവവുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ചും ഉള്ള സാക്ഷ്യപ്പെടുത്തലാണ് എല്ലാ സുവിശേഷവത്കരണപ്രവർത്തനത്തിന്റെയും അടിസ്ഥാനമെന്നും ലിയോ പതിനാലാമൻ പാപ്പാ. ഓഗസ്റ്റ് 29 വെളളിയാഴ്ച, വിശുദ്ധ സ്നാപകയോഹന്നാന്റെ രക്തസാക്ഷിത്വദിനവുമായി ബന്ധപ്പെട്ട്, സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ആഗോളസഭയുടെ വിശ്വാസസാക്ഷ്യപ്രഖ്യാപനത്തിൽ സ്നാപകനുള്ള പ്രാധാന്യം പാപ്പാ ഉയർത്തിക്കാട്ടിയത്.
"ഇന്ന് സ്നാപകയോഹന്നാന്റെ രക്തസാക്ഷിത്വത്തിന്റെ ആരാധനക്രമ അനുസ്മരണമാണ് ആഗോളസഭ ആഘോഷിക്കുന്നത്. ഇന്നത്തെ സുവിശേഷപ്രഘോഷകരുടെ നിയോഗത്തെക്കുറിച്ച് ചിന്തിക്കാൻ അദ്ദേഹത്തിന്റെ വ്യക്തിത്വം നമ്മെ ഏറെ സഹായിക്കും. നമ്മൾ ധ്യാനിച്ചവയെക്കുറിച്ചും, ജീവന്റെ നാഥനായ ദൈവവുമായുള്ള നമ്മുടെ കണ്ടുമുട്ടലിനെക്കുറിച്ചും സാക്ഷ്യം നൽകുക എന്നതാണ് ഓരോ സുവിശേഷപ്രഘോഷണ സ്‌കൂളിനും പ്രധാനപ്പെട്ടത്" എന്നായിരുന്നു പാപ്പാ എക്‌സിൽ കുറിച്ചത്.
EN: Today, the universal Church celebrates the liturgical memorial of the martyrdom of Saint John the Baptist. His example can help us reflect on the mission of modern evangelizers. The key to every school of evangelization is to bear witness to what we contemplate and our encounter with the God of life.
IT: Oggi, nella Chiesa universale, si celebra la memoria liturgica del martirio di San Giovanni Battista. La sua figura può aiutarci molto a riflettere sulla missione degli evangelizzatori oggi. La chiave di ogni scuola di evangelizzazione è rendere testimonianza di ciò che si è contemplato, dell’incontro che si è avuto con il Dio della vita.
മെക്സിക്കോയിൽ ആരംഭിച്ച, സെന്റ് ആൻഡ്രൂസ് സുവിശേഷവത്ക്കരണ വിദ്യാലയത്തിലെ അംഗങ്ങൾക്ക്, ഓഗസ്റ്റ് മാസം ഇരുപത്തിയൊൻപതാം തീയതി, സ്വകാര്യകൂടിക്കാഴ്ച അനുവദിച്ച അവസരത്തിൽ, സുവിശേഷത്തിന് സാക്ഷ്യം നൽകാൻ ഓരോ ക്രൈസ്തവർക്കുമുള്ള കടമയെക്കുറിച്ച് ഓർമ്മിപ്പിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു സന്ദേശം പാപ്പാ എക്‌സിൽ കുറിച്ചത്.
5 കോടിയിലേറെ വരുന്ന എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: