MAP

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ   (ANSA)

സമാധാനത്തിനും നീതിക്കും ആശ്വാസത്തിനുമായി ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ

പരിശുദ്ധ കന്യകാമറിയത്തിന്റെ രാജ്ഞിത്വത്തിരുനാൾ ആഘോഷിക്കുന്ന ഓഗസ്റ്റ് 22-ന്, ലോകസമാധാനത്തിനും നീതിക്കും, സായുധസംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസത്തിനുമായി സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി ഉപവാസവും പ്രാർത്ഥനയും നടത്താമെന്ന് ലിയോ പതിനാലാമൻ പാപ്പാ. ഓഗസ്റ്റ് 20 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് വിശുദ്ധനാട്ടിലെയും ഉക്രൈനിലേയും ദുരിതങ്ങളെക്കുറിച്ച് പാപ്പാ അനുസ്മരിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സമാധാനത്തിനും നീതിക്കും ആശ്വാസത്തിനുമായി ഓഗസ്റ്റ് 22 വെള്ളിയാഴ്ച ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. പരിശുദ്ധ കന്യകാമറിയത്തിന്റെ രാജ്ഞിത്വത്തിരുനാൾ ആഘോഷിക്കുന്ന ഈ ദിവസം, സമാധാനത്തിന്റെ രാജ്ഞികൂടിയായി നാം വണങ്ങുന്ന പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടാമെന്ന് ഓഗസ്റ്റ് 20 ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ പാപ്പാ ആഹ്വാനം ചെയ്തു.

വിശുദ്ധനാട്ടിലും ഉക്രൈനിലും നടന്നുവരുന്ന യുദ്ധങ്ങൾ മൂലം നമ്മുടെ ഈ ഭൂമി തുടർച്ചയായി മുറിവേൽപ്പിക്കപ്പെടുകയാണെന്ന് പ്രസ്താവിച്ച പാപ്പാ, കർത്താവ് നമുക്ക് സമാധാനവും നീതിയും നൽകുന്നതിനായും, ലോകത്ത് നിലവിൽ നടന്നുവരുന്ന സായുധസംഘർഷങ്ങൾ മൂലം സഹിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിനായും ഓഗസ്റ്റ് 22-ആം തീയതി പ്രത്യേകമായി ഉപവാസവും പ്രാർത്ഥനയും നടത്താമെന്നും, പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ്യം തേടാമെന്നും ഓർമ്മിപ്പിച്ചു.

സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മ, എല്ലാ ജനതകളും സമാധാനത്തിന്റെ മാർഗ്ഗം കണ്ടെത്തുന്നതിനായി മാദ്ധ്യസ്ഥ്യം വഹിക്കട്ടെയെന്ന് ലിയോ പതിനാലാമൻ പാപ്പാ ആശംസിച്ചു.

ഓഗസ്റ്റ് 19 ചൊവ്വാഴ്ച കസ്തേൽ ഗാന്തോൾഫോയിലുള്ള വില്ല ബാർബരീനി എന്ന പാപ്പായുടെ വേനൽക്കാലവസതിക്ക് മുന്നിൽ വച്ച് റിപ്പോർട്ടർമാർക്ക് കൂടിക്കാഴ്ച അനുവദിച്ച വേളയിലും ലോകത്തെങ്ങും, പ്രത്യേകിച്ച് ഉക്രൈനിൽ സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചിരുന്നു.

പൊതുകൂടിക്കാഴ്ചയുടെ അവസാനഭാഗത്ത് വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്യുന്ന അവസരത്തിൽ, ഓഗസ്റ്റ് 20-ന് അനുസ്മരിക്കപ്പെടുന്ന ക്യാരവാല്ലേയിലെ വിശുദ്ധ ബെർണാർഡിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, പരിശുദ്ധ അമ്മയെക്കുറിച്ചുള്ള നിരവധി ഗീതങ്ങൾ രചിച്ച അദ്ദേഹം, സുവിശേഷമനുസരിച്ച് എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് കാണിച്ചുകൊടുത്തുകൊണ്ട്, തനിക്ക് ചുറ്റും സമാധാനത്തിന്റെ അന്തരീക്ഷം ഉണ്ടാക്കിയെടുത്ത ഒരു വ്യക്തിയായിരുന്നുവെന്നും, നമ്മുടെ അനുദിനജീവിതത്തിന് അദ്ദേഹത്തിന്റെ ജീവിതം ഒരു മാതൃകയാണെന്നും പ്രസ്താവിച്ചിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ഓഗസ്റ്റ് 2025, 14:41