വാക്കുകളിലൂടെ മാത്രമല്ല, ജീവിതം കൊണ്ടും വിശ്വാസം പ്രഘോഷിക്കുക: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലിയോ പതിനാലാമൻ പാപ്പാ, ഓഗസ്റ്റ് ഇരുപത്തിനാല് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 3.30-ന്, വത്തിക്കാനിലെ അപ്പസ്തോലികകൊട്ടാരത്തിന്റെ ജാലകത്തിൽ എത്തുകയും, തന്നെ കാത്തുനിന്നിരുന്ന വിശ്വാസികളെയും സന്ദർശകരേയും അഭിവാദ്യം ചെയ്യുകയും ത്രികാലജപപ്രാർത്ഥന നയിക്കുകയും ചെയ്തു. പാപ്പായെ കാണാനും, പാപ്പായ്‌ക്കൊപ്പം പ്രാർത്ഥനയിൽ പങ്കുകൊള്ളാനും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനകത്തും പുറത്തുമായി ഇറ്റലിക്കാരും മറ്റു രാജ്യക്കാരുമായ പതിനായിരക്കണക്കിന് ആളുകൾ സന്നിഹിതരായിരുന്നു. അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിങ്കൽ പാപ്പാ എത്തിയപ്പോൾ ജനസമൂഹം ആനന്ദാരവങ്ങൾ ഉയർത്തി. ലത്തീൻ ആരാധനാക്രമപ്രകാരം ഈ ഞായറാഴ്ചയിൽ വിശുദ്ധബലിമധ്യേ വായിക്കപ്പെട്ട, വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായം ഇരുപത്തിരണ്ട് മുതൽ മുപ്പത് വരെയുള്ള ഭാഗത്ത് നാം കാണുന്ന, രക്ഷപ്രാപിക്കാനായി ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ ഉദ്ബോധിപ്പിക്കുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള തിരുവചനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഇറ്റാലിയൻ ഭാഷയിൽ ത്രികാലജപപ്രാർത്ഥനയ്ക്ക് മുൻപേയുള്ള തന്റെ ഉദ്‌ബോധനം പാപ്പാ നടത്തിയത്.
ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ
പ്രിയ സഹോദരീ സഹോദരന്മാരെ, ശുഭഞായർ!
രക്ഷപെടുന്നവർ ചുരുക്കമാണോ എന്ന ഒരുവന്റെ ചോദ്യത്തിന് മറുപടി നൽകാനായി, "ഇടുങ്ങിയ വാതിലിന്റെ" രൂപകം ഉപയോഗിക്കുന്ന യേശുവിനെ ഇന്നത്തെ സുവിശേഷത്തിൽ (ലൂക്കാ 13, 22-30) നമുക്ക് കാണാം. യേശു പറയുന്നു: "ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. ഞാൻ നിങ്ങളോടു പറയുന്നു, അനേകർ പ്രവേശിക്കാൻ ശ്രമിക്കും എന്നാൽ അവർക്കു സാധിക്കുകയില്ല" (വ. 24).
ആദ്യനോട്ടത്തിൽ ഈയൊരു രൂപകം നമ്മിൽ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്: എല്ലായ്പ്പോഴും തന്റെ കരങ്ങൾ വിരിച്ചുകൊണ്ട് നമ്മെ സ്വീകരിക്കുവാനായി കാത്തിരിക്കുന്ന സ്നേഹവും കരുണയുമുള്ള പിതാവാണ് ദൈവമെങ്കിൽ, എന്തുകൊണ്ടാണ് രക്ഷയുടെ വാതിൽ ചുരുങ്ങിയതാണെന്ന് യേശു പറയുന്നത്?
വാക്കുകളിൽ മാത്രമല്ല ജീവിതം കൊണ്ടും വിശ്വാസം പ്രഘോഷിക്കുക
തീർച്ചയായും കർത്താവ് നമ്മെ നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. തങ്ങൾ രക്ഷിക്കപ്പെട്ടവരാണെന്ന് കരുതുന്നവരുടെയും, മതം ജീവിക്കുന്നതുകൊണ്ട് മാത്രം എല്ലാമായി എന്ന് കരുതുന്നവരുടെയും മുൻവിധിയെ ഒന്ന് പിടിച്ചു കുലുക്കാൻവേണ്ടിയുള്ളവയാണ് അവന്റെ വചനങ്ങൾ. തങ്ങൾ പ്രവർത്തിക്കുന്ന മതപരമായ കാര്യങ്ങൾ തങ്ങളുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നില്ലെങ്കിൽ അത്തരം പ്രവൃത്തികളിൽ മുഴുകുന്നത് മാത്രം മതിയാകുന്നില്ല എന്ന് ഇത്തരക്കാർ മനസ്സിലാക്കുന്നില്ല. ജീവിതത്തിൽനിന്ന് വേറിട്ട ഒരു മതം കർത്താവ് ആഗ്രഹിക്കുന്നില്ല; സഹോദരങ്ങളോടുള്ള സ്നേഹത്തിൽ ജീവിക്കാനും, നീതി പ്രവർത്തിക്കാനും സഹായിക്കാത്ത ബലികളും പ്രാർത്ഥനകളും കർത്താവിന് സ്വീകാര്യമല്ല. അതുകൊണ്ടുതന്നെയാണ്, തങ്ങൾ അവനോടൊത്ത് ഭക്ഷിച്ചിട്ടുണ്ടെന്നും പാനം ചെയ്തിട്ടുണ്ടെന്നും, അവന്റെ ഉദ്ബോധനങ്ങൾ ശ്രവിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടുകൊണ്ട് കർത്താവിന് മുന്നിൽ ചെല്ലുമ്പോൾ, "നിങ്ങൾ എവിടെനിന്നാണെന്ന് ഞാൻ അറിയുന്നില്ല. അനീതി പ്രവർത്തിക്കുന്ന നിങ്ങൾ എന്നിൽനിന്ന് അകന്നുപോകുവിൻ" (വ. 27) എന്ന് അവർ കേൾക്കേണ്ടിവരുന്നത്.
കുരിശാകുന്ന ഇടുങ്ങിയ വഴിയിലൂടെ കടന്നുപോകുന്ന യേശു
സഹോദരീസഹോദരന്മാരെ, സുവിശേഷം നമുക്ക് മുന്നിൽ വയ്ക്കുന്ന ഈ പ്രകോപനം മനോഹരമായ ഒന്നാണ്: വിശ്വാസത്തിൽനിന്ന് അകലെയായിരിക്കുന്നവരെ നാം ചിലപ്പോഴൊക്കെ വിധിക്കുമ്പോൾ, യേശു ഇന്ന് "വിശ്വാസികളുടെ" ഉറപ്പിനെ പ്രതിസന്ധിയിലാക്കുന്നു. വിശ്വാസം വാക്കുകളിലൂടെ പ്രഖ്യാപിക്കുകയോ, വിശുദ്ധ കുർബാനയർപ്പിച്ചുകൊണ്ട് അവനോടൊപ്പം ഭക്ഷിക്കുകയോ പാനം ചെയ്യുകയോ, ക്രൈസ്തവ ഉദ്ബോധനങ്ങൾ നന്നായി മനസ്സിലാക്കുകയോ മാത്രം പോരെന്ന് അവൻ ഇന്ന് നമ്മോട് പറയുന്നു. നമ്മുടെ വിശ്വാസം അധികാരികമാകുന്നത്, അത് നമ്മുടെ ജീവിതത്തെ മുഴുവൻ ആശ്ലേഷിക്കുകയും, നമ്മുടെ തിരഞ്ഞെടുപ്പുകളുടെ മാനദണ്ഡമായി മാറുകയും, യേശു ചെയ്തതുപോലെ, നന്മയ്ക്കായി സ്വയം സമർപ്പിക്കുകയും സ്നേഹത്തിനായി വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാകുകയും ചെയ്യുന്ന സ്ത്രീപുരുഷന്മാരാക്കി അത് നമ്മെ മാറ്റുകയും ചെയ്യുമ്പോഴാണ്; അവൻ വിജയത്തിന്റെയോ അധികാരത്തിന്റെയോ ആയ മാർഗ്ഗം തിരഞ്ഞെടുക്കുകയല്ല ചെയ്തത്, മറിച്ച്, നമ്മെ രക്ഷിക്കാനായി കുരിശാകുന്ന "ഇടുങ്ങിയ വഴിയിലൂടെ" കടന്നുപോകത്തക്കവിധം നമ്മെ സ്നേഹിക്കുകയാണ് ചെയ്തത്. അവനാണ് നമ്മുടെ വിശ്വാസത്തിന്റെ മാനദന്ധം. അവന്റെ അതേ സ്നേഹം ജീവിച്ചുകൊണ്ടും, നമ്മുടെ ജീവിതം വഴി നീതിയുടെയും സമാധാനത്തിന്റെയും വർത്തകരായിക്കൊണ്ടും, രക്ഷിക്കപ്പെടാനായി നാം കടന്നുപോകേണ്ട വാതിൽ അവനാണ് (യോഹന്നാൻ 10, 9).
സ്വാർത്ഥത വെടിയുക, മറ്റുള്ളവർക്കായി പ്രവർത്തിക്കുക
ചിലപ്പോഴൊക്കെ ഇതിനർത്ഥം, ബുദ്ധിമുട്ടേറിയതും, ജനപ്രീതിയില്ലാത്തതുമായ ചില തിരഞ്ഞെടുപ്പുകൾ നടത്തുക, സ്വന്തം സ്വാർത്ഥതയ്ക്കെതിരെ പോരാടുക, മറ്റുളളവർക്കായി സ്വയം വ്യയം ചെയ്യുക, തിന്മയുടെ യുക്തിക്ക് മുൻകൈയുണ്ടെന്ന് കരുത്തപ്പെടുന്നയിടങ്ങളിൽപ്പോലും നന്മയിൽ നിലനിൽക്കുക തുടങ്ങിയവയാണ്. ഇത്തരത്തിലുള്ള പരിധികളെ മറികടക്കുന്നതിലൂടെ, പുതിയൊരു രീതിയിൽ ജീവിതം നമുക്ക് മുന്നിൽ തുറക്കപ്പെടുന്നത് നാം കാണുകയും, ദൈവത്തിന്റെ വിശാലമായ ഹൃദയത്തിലേക്കും, അവൻ നമുക്കായി ഒരുക്കിയിരിക്കുന്ന നിത്യവിരുന്നിന്റെ സന്തോഷത്തിലേക്കും ഇപ്പോൾത്തന്നെ നാം പ്രവേശിക്കുകയും ചെയ്യും.
സുവിശേഷത്തിലെ "ഇടുങ്ങിയ വാതിൽ" ധൈര്യപൂർവ്വം കടക്കാനും, അതുവഴി ദൈവപിതാവിന്റെ സ്നേഹത്തിന്റെ വിശാലതയിലേക്ക് സന്തോഷപൂർവ്വം നമ്മെത്തന്നെ തുറക്കാൻ സാധിക്കുന്നതിനുമായി നമ്മെ സഹായിക്കാൻ പരിശുദ്ധ കന്യകാമറിയത്തോട് നമുക്ക് അപേക്ഷിക്കാം.
എന്ന ആശംസയോടെ പാപ്പാ, ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവാദത്തിനു ശേഷം തന്റെ വാക്കുകൾ തുടർന്ന പാപ്പാ, വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന, റോമിലും വിവിധ രാജ്യങ്ങളിലും നിന്നുവന്ന തീർത്ഥാടകവിശ്വാസികളെ വീണ്ടും അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.
മൊസാംബിക്കിലെ സാമൂഹികപ്രശ്നങ്ങൾ
മൊസാമ്പിക്കിലെ കാബോ ദെൽഗാദോയിൽ നിലനിൽക്കുന്ന സംഘർഷത്തെയും അതുമൂലം അവിടെയുള്ള സാധാരണജനം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെയും പാപ്പാ പ്രത്യേകമായി അനുസ്മരിക്കുകയും അവർക്ക് തന്റെ സാമീപ്യം ഉറപ്പുനൽകുകയും, അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ഏവരോടും ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്ത് സുരക്ഷയും സമാധാനവും തിരികെ കൊണ്ടുവരാനായി രാജ്യത്തെ അധികാരികൾ നടത്തുന്ന ശ്രമങ്ങൾ വിജയിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.
ഉക്രൈനുവേണ്ടിയുള്ള പ്രാർത്ഥനകൾ
ഉക്രൈനിലെ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന സഹോദരീസഹോദരങ്ങൾക്കുവേണ്ടി ഓഗസ്റ്റ് 22 വെള്ളിയാഴ്ച്ച പ്രാർത്ഥനയും ഉപവാസവും നടത്തിയത് ഓർമ്മിപ്പിച്ച പാപ്പാ, ഓഗസ്റ്റ് 24 ഞായറാഴ്ച, "ഉക്രൈനുവേണ്ടിയുള്ള ആഗോള പ്രാർത്ഥന" എന്ന പേരിൽ, പീഡിപ്പിക്കപ്പെടുന്ന തങ്ങളുടെ രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്ന ഉക്രൈനിലെ ജനങ്ങൾക്കൊപ്പം നമുക്കും പ്രാർത്ഥനയിൽ പങ്കുചേരാമെന്ന് ആഹ്വാനം ചെയ്തു.
പൊതുവായ ആശംസകൾ
ഖസാക്കിസ്ഥാനിലെ കരഗാന്താ എന്നയിടത്തുനിന്നും, ഹങ്കേറിയയിലെ ബുഡാപെസ്റ്റിൽനിന്നും വന്ന തീർത്ഥാടകരെയും, റോമിലെ വടക്കേ അമേരിക്കൻ പൊന്തിഫിക്കൽ കോളേജിലെ അംഗങ്ങളെയും ഗൊസ്സാനോയിൽനിന്നെത്തിയ സംഗീതട്രൂപ്പിനെയും വിവിധയിടങ്ങളിൽനിന്നുമെത്തിയ തീർത്ഥാടകരെയും സന്ദർശകരെയും അഭിവാദ്യം ചെയ്ത പാപ്പാ, ഏവർക്കും നല്ലൊരു ഞായർ ആശംസിച്ചുകൊണ്ടാണ് ജാലകത്തിൽനിന്നും പിൻവാങ്ങിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: