സ്നേഹം വെറുപ്പിനെക്കാൾ ശക്തമാണ്: ലിയോ പതിനാലാമൻ പാപ്പാ
വിവർത്തനം: ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പ്രിയ സഹോദരീ സഹോദരന്മാരെ,
സുവിശേഷത്തിലെ ആശ്ചര്യമാർന്നതും, എന്നാൽ വെളിച്ചം പകരുന്നതുമായ അടയാളങ്ങളിൽ ഒന്നിനെ കുറിച്ചാണ് നാം ഇന്ന് ചിന്തിക്കുന്നത്. അന്ത്യ അത്താഴ വേളയിൽ, യേശു തന്നെ ഒറ്റിക്കൊടുക്കാൻ പോകുന്നയാൾക്ക് ഭക്ഷണപാത്രം നീട്ടുന്ന നിമിഷം. ഇത് വെറുമൊരു പങ്കുവയ്ക്കലിന്റെ ആംഗ്യമല്ല, മറിച്ച് അതിനും മേലെ കൈവിടപ്പെടാതിരിക്കുവാൻ സ്നേഹം നിറച്ച ഒരു ശ്രമമാണ്.
വിശുദ്ധ യോഹന്നാൻ തന്റെ അഗാധമായ ആത്മീയ സംവേദനക്ഷമതയോടെ ആ നിമിഷത്തെക്കുറിച്ച് ഇപ്രകാരമാണ് നമ്മെ ഉദ്ബോധിപ്പിക്കുന്നത്: "ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു. അത്താഴ സമയത്ത് പിശാച് ശിമയോന്റെ പുത്രനായ യൂദാസ് സ്‌കറിയോത്തായുടെ മനസ്‌സില്‍ യേശു വിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു." (യോഹ 13, 1- 2). അവസാനം വരെ സ്നേഹിക്കുക: ഇതാണ് ക്രിസ്തുവിന്റെ ഹൃദയത്തെ ഗ്രഹിക്കുന്നതിനുള്ള താക്കോൽ. തിരസ്കരണത്തിനും, നിരാശയ്ക്കും, നന്ദികേടിനും മുൻപിൽ തളച്ചിടപ്പെടാത്ത സ്നേഹമാണ് അവന്റേത്.
യേശുവിനു തന്റെ സമയം അറിയാം, അത് അവനെ ഭാരപ്പെടുത്തുകയല്ല, മറിച്ച് അവൻ തന്നെ അത് തിരഞ്ഞെടുക്കുന്നു. തന്റെ സ്നേഹം ഏറ്റവും വേദനാജനകമായ മുറിവിലൂടെയും , വഞ്ചനയിലൂടെയും കടന്നുപോകേണ്ടിവരുന്ന നിമിഷം യേശു തന്നെ തിരിച്ചറിയുന്നു. എന്നാൽ പിൻവാങ്ങുന്നതിനും, കുറ്റപ്പെടുത്തുന്നതിനും, സ്വയം പ്രതിരോധിക്കുന്നതിനും പകരം യേശു തുടർന്നും തന്റെ സ്‌നേഹം നല്കിക്കൊണ്ടേയിരിക്കുന്നു: പാദങ്ങൾ കഴുകുകയും, അപ്പം മുക്കി, ഒറ്റിക്കൊടുക്കുന്നവനു നൽകുന്നു.
"അപ്പക്കഷണം മുക്കി ഞാന്‍ ആര്‍ക്കു കൊടുക്കുന്നുവോ അവന്‍ തന്നെ."(യോഹ 13, 26). ലളിതവും എളിമയാർന്നതുമായ ഈ ആഗ്യത്തിലൂടെ, യേശു തന്റെ സ്നേഹത്തെ അതിന്റെ മൂർദ്ധന്യതയിലേക്ക് എത്തിക്കുന്നു. നടക്കുവാൻ പോകുന്നതിനെ കണ്ടില്ലെന്നു നടിക്കുന്നതല്ല, മറിച്ച് വ്യക്തമായി കാണുന്നതുകൊണ്ടാണ് ഈ ഭാവം കർത്താവ് പ്രാവർത്തികമാക്കുന്നത്. അപരന്റെ സ്വാതന്ത്ര്യം, തിന്മയിൽ മാർഗം നഷ്ടപ്പെടുന്ന അവസ്ഥയിലും, തന്റെ ഈ ലളിതമായ പ്രവൃത്തി വഴിയായി, തേജസിലേക്ക് തിരികെ വരുമെന്ന ബോധ്യം അവനുണ്ടായിരുന്നു. യഥാർത്ഥ ക്ഷമ അപരന്റെ പശ്ചാത്താപം കാത്തിരിക്കുന്നതിലല്ല, മറിച്ച് പ്രതീക്ഷിക്കാതെയും ലാഭേച്ഛയില്ലാതെയും സ്വീകരിക്കപ്പെടുന്നതിനു മുമ്പുതന്നെ, നൽകുന്ന ഒരു ദാനമാണെന്നു യേശുവിനു അറിയാം.
എന്നാൽ ഇത് നിർഭാഗ്യവശാൽ യൂദാസിന് മനസിലാകുന്നില്ല. ഭക്ഷണപാനീയങ്ങൾ ഉൾക്കൊണ്ട ശേഷം, വചനം പറയുന്നത്," സാത്താൻ അവന്റെ ഉള്ളിൽ പ്രവേശിച്ചു എന്നാണ്" (യോഹ 13, 27). ഈ വചനം ഏറെ ഹൃദയസ്പര്ശിയാണ്. സ്നേഹം അതിന്റെ ഏറ്റവും നിരായുധമായ ഭാവം പ്രകടമാക്കിയതിനു ശേഷം, ഇതുവരെ മറഞ്ഞു നിന്നിരുന്നുവെന്നു തോന്നിയിരുന്ന തിന്മ എപ്രകാരമാണ് വെളിപ്പെടുത്തുന്നത്. സഹോദരീ സഹോദരങ്ങളെ, ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതായത്, അവൻ നമുക്ക് നൽകുന്ന അപ്പത്തിന്റെ കഷണമാണ് നമ്മുടെ രക്ഷ. നാം യേശുവിനെ തള്ളിപ്പറയുമ്പോഴും, നമ്മുടെ ഉള്ളിലേക്ക് വരുവാനുള്ള അവന്റെ അദമ്യമായ ആഗ്രഹമാണിത്.
ഇവിടെയാണ് ക്ഷമ അതിന്റെ എല്ലാ ശക്തിയിലും വെളിപ്പെടുകയും പ്രത്യാശയുടെ മൂർത്തമായ മുഖം പ്രകടമാക്കുകയും ചെയ്യുന്നത്. ഇത് ഒരു മറവിയോ ബലഹീനതയോ അല്ല, മറിച്ച് അവസാനം വരെ അപരനെ സ്നേഹിച്ചുകൊണ്ട് അവനെ സ്വതന്ത്രനാക്കുവാനുള്ള പരിശ്രമമാണ്. യേശുവിന്റെ സ്നേഹം, വേദനയുടെ യാഥാർഥ്യത്തെ നിഷേധിക്കുന്നില്ല, എന്നാൽ തിന്മയാണ് ജീവിതത്തിന്റെ അവസാന വാക്കെന്നു സ്ഥാപിക്കുവാൻ ഈ സ്നേഹം അനുവദിക്കുകയില്ല. ഇതാണ് നമുക്ക് വേണ്ടി യേശു പ്രവർത്തിക്കുന്ന രഹസ്യാത്മകമായ കാര്യം, ഇതിൽ ഭാഗഭാക്കുകൾ ആകുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതും.
എത്രയോ ബന്ധങ്ങൾ തകരുന്നു, എത്രയോ ജീവിതകഥകൾ സങ്കീർണമാകുന്നു, പറയപ്പെടാത്ത എത്രയോ വാക്കുകൾ താത്കാലികമായി തടഞ്ഞുവച്ചിരിക്കുന്നു. എന്നിരുന്നാലും, എല്ലാം അപരിഹാര്യമായി വിട്ടുവീഴ്ച്ച ചെയ്തു എന്ന് തോന്നുമെങ്കിലും, തുടർന്നും സ്നേഹിക്കുവാൻ ഒരു വഴിയുണ്ടെന്നു സുവിശേഷം നമ്മെ ഉദ്ബോധിപ്പിക്കുന്നു. ക്ഷമിക്കുക എന്നതിനർത്ഥം തിന്മയെ നിഷേധിക്കുക എന്നല്ല, മറിച്ച് കൂടുതൽ തിന്മ സൃഷ്ടിക്കുന്നതിൽ നിന്ന് തടയുക എന്നതാണ്. ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറയുകയല്ല, മറിച്ച് നീരസമല്ല ഭാവിയെ നിർണ്ണയിക്കുന്നതെന്നു തെളിയിക്കുന്നതാണ്.
യൂദാസ് മുറി വിട്ടിറങ്ങുമ്പോൾ വചനം പറയുന്നത്, " രാത്രിയായിരുന്നു" (യോഹ 13, 30). എന്നാണ്. അതിനുശേഷം യേശു പറയുന്നത് ഇപ്രകാരമാണ്: "ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു"(യോഹ 13, 31). രാത്രി ഇപ്പോഴും അവിടെ തുടരുകയാണെങ്കിലും, ഒരു വെളിച്ചം ഇതിനകം അവിടെ പ്രകാശിക്കാൻ തുടങ്ങിയിരിക്കുന്നു. ക്രിസ്തു അവസാനം വരെ വിശ്വസ്തനായി തുടരുന്നതിനാലാണ് അവിടം പ്രകാശത്താൽ നിറയുന്നത്. കാരണം അവന്റെ സ്നേഹം വെറുപ്പിനെക്കാൾ ശക്തമാണ്.
പ്രിയ സഹോദരീ സഹോദരങ്ങളെ, നാമും, ഈ വേദനയുടെയും, കഷ്ടപ്പാടിന്റെയും രാത്രികളിലൂടെ ജീവിക്കുന്നുണ്ട്: ആത്മാവിന്റെ രാത്രികൾ, നിരാശയുടെ രാത്രികൾ, ആരെങ്കിലും നമ്മെ ഉപദ്രവിക്കുകയോ വഞ്ചിക്കുകയോ ചെയ്ത രാത്രികൾ. ആ നിമിഷങ്ങളിൽ, നമ്മിൽ തന്നെ ഒതുങ്ങികൂടുവാനും, സ്വയം സംരക്ഷിക്കുവാനും, തിരിച്ചടിക്കുവാനും തോന്നുന്നതാണ് പ്രലോഭനം. എന്നാൽ എല്ലായ്പ്പോഴും മറ്റൊരു വഴിയുണ്ടെന്ന പ്രത്യാശ കർത്താവ് നമുക്ക് നൽകുന്നു. നമ്മോടു പുറം തിരിഞ്ഞു നിൽക്കുന്നവർക്കുപോലും, ഒരു അപ്പക്കഷണം നൽകുവാൻ നമുക്ക് സാധിക്കുമെന്ന് യേശു നമ്മെ പഠിപ്പിക്കുന്നു. വിശ്വസ്തതയുടെ നിശബ്ദഭാവത്തിൽ പ്രതികരിക്കുവാൻ സാധിക്കുമെന്നും, സ്നേഹം കൈവിടാതെ അന്തസ്സോടെ മുന്നോട്ട് പോകാമെന്നും അവൻ നമ്മെ പഠിപ്പിക്കുന്നു.
നാം മനസിലാക്കപ്പെടാതെ വരുമ്പോഴും, നാം ഉപേക്ഷിക്കപെട്ടുവെന്നു തോന്നുമ്പോഴും, ക്ഷമിക്കുവാനുള്ള കൃപയ്ക്കുവേണ്ടി നമുക്ക് അപേക്ഷിക്കാം. കാരണം ആ മണിക്കൂറുകളിലാണ് പ്രണയം അതിന്റെ ഉച്ചസ്ഥായിയിലെത്തുക. യേശു നമ്മെ പഠിപ്പിക്കുന്നതുപോലെ, മുറിവേറ്റതും നഷ്ടപ്പെട്ടതുമായ സ്വാതന്ത്ര്യം പോലും വഞ്ചന നിറഞ്ഞ ഇരുട്ടിൽ നിന്നും നന്മയുടെ വെളിച്ചത്തിലേക്ക് മടക്കിക്കൊണ്ടുവരുവാൻ കഴിയുമെന്ന് വിശ്വസിക്കാൻ, ഒറ്റികൊടുക്കുവാൻ പോലും, മറ്റുള്ളവരെ സ്വതന്ത്രരായി വിടുക എന്നതാണ് സ്നേഹം.
ക്ഷമയുടെ വെളിച്ചം ഹൃദയത്തിന്റെ ആഴമേറിയ വിള്ളലുകളിലൂടെ അരിച്ചിറങ്ങുമ്പോൾ, അത് ഒരിക്കലും ഉപയോഗശൂന്യമല്ലെന്ന് നാം മനസ്സിലാക്കുന്നു. അപരൻ അതിനെ ഉൾക്കൊള്ളുന്നില്ലെങ്കിലും, അത് നിരർത്ഥകമായി തോന്നിയാലും, ക്ഷമ അത് നൽകുന്നവനെ സ്വതന്ത്രമാക്കുന്നു: അത് നീരസത്തെ ഇല്ലാതാക്കുന്നു, സമാധാനം പുനഃസ്ഥാപിക്കുന്നു, നമ്മുടെ സ്വത്വബോധം ഊട്ടിയുറപ്പിക്കുന്നു.
ഏതൊരു വഞ്ചനയും കൂടുതൽ വലിയ സ്നേഹത്തിനുള്ള ഇടമായി തിരഞ്ഞെടുക്കപ്പെട്ടാൽ, അത് രക്ഷയ്ക്കുള്ള അവസരമായി മാറുമെന്ന്, 'അപ്പക്കഷണം നൽകി' എന്ന ലളിതമായ ആംഗ്യത്തിലൂടെ യേശു കാണിച്ചുതരുന്നു. അവൻ തിന്മയ്ക്ക് വഴങ്ങുന്നില്ല, മറിച്ച് നന്മയാൽ അതിനെ വിജയിക്കുന്നു. നമ്മുടെ ഉള്ളിലെ ഏറ്റവും സത്യമായതിനെയും, സ്നേഹിക്കാനുള്ള കഴിവിനെയും കെടുത്തിക്കളയുന്നതിൽ നിന്ന് തിന്മയെ തടയുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: