ക്രിസ്തീയ പ്രത്യാശ എന്നത്, ഒളിച്ചോട്ടമല്ല, മറിച്ച് തീരുമാനമെടുക്കലാണ് : ലിയോ പതിനാലാമൻ പാപ്പാ
വിവർത്തനം: ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പ്രിയ സഹോദരീ സഹോദരങ്ങളെ,
യേശുവിന്റെ പീഡാസഹനങ്ങളുടെ ആരംഭത്തെ എടുത്തുകാണിക്കുന്ന രംഗത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ഒലിവുതോട്ടത്തിൽ അവൻ ബന്ധനസ്ഥനാക്കപ്പെടുന്ന നിമിഷം. സുവിശേഷകനായ യോഹന്നാൻ, പതിവുപോലെ ഗഹനമായ തന്റെ വിവരണത്തിൽ, ഓടിപ്പോകുകയോ ഒളിക്കുകയോ ചെയ്യുന്ന ഭയചകിതനായ ഒരു യേശുവിനെ നമുക്ക് പരിചയപ്പെടുത്തുന്നില്ല. നേരെമറിച്ച്, തികച്ചും സ്വതന്ത്രനായ ഒരു വ്യക്തി, തുറന്ന മുഖത്തോടെ സ്നേഹത്തിന്റെ മൂർത്തീമത് ശോഭയെ വെളിപ്പെടുത്തും വിധം, മുൻപോട്ടു കടന്നുവരികയും, സംസാരിക്കുകയും ചെയ്യുന്നു.
"തനിക്കു സംഭവിക്കുവാൻ പോകുന്നതൊക്കെയും യേശു അറിഞ്ഞ സമയം, അവൻ മുന്നോട്ട് വന്ന് അവരോടു ചോദിച്ചു: നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?" (യോഹ 18:4). യേശുവിനു അറിയാമായിരുന്നു. എന്നാൽ പിന്മാറരുതെന്നു അവൻ തീരുമാനിച്ചിരുന്നു. സ്വയം കൈയാളിക്കുന്നു. എന്നാൽ ഇത് ബലഹീനതയാലല്ല, മറിച്ച് സ്നേഹത്താലായിരുന്നു. പൂർണ്ണമായതും, പക്വതയാർന്നതുമായ പ്രണയം തിരസ്കരണത്തെ ഭയപ്പെടുന്നില്ല. യേശു ബന്ധിക്കപ്പെടുകയായിരുന്നില്ല, മറിച്ച് ബന്ധിക്കുവാൻ അവൻ സ്വയം വിട്ടുകൊടുത്തു. അവൻ ബന്ധനത്തിന്റെ ഇരയായിരുന്നില്ല, മറിച്ച് ഒരു സ്വയദാനത്തിന്റെ രചയിതാവാണ്. യേശുവിന്റെ ഈ അടയാളം, മാനവരക്ഷയുടെ പ്രത്യാശയെ എടുത്തു കാണിക്കുന്നു: നമ്മുടെ ഇരുണ്ട മണിക്കൂറുകളിൽ പോലും, അവസാനം വരെ സ്‌നേഹിക്കുവാൻ, സ്വാതന്ത്ര്യത്തോടെ ചരിക്കുവാൻ നമുക്ക് സാധിക്കും.
യേശു "ഞാനാണ് " എന്നു മറുപടി പറയുമ്പോൾ പടയാളികൾ നിലത്തു വീഴുന്നു. ഇത് വചനത്തിൽ നിഗൂഢമായ ഒരു ഭാഗമാണ്. കാരണം ഈ പദപ്രയോഗം, വചനവെളിപാടിൽ, "ഞാൻ ആകുന്നു" എന്ന ദൈവത്തിന്റെ നാമത്തെ അനുസ്മരിപ്പിക്കുന്നു. മനുഷ്യവർഗം അനീതിയും, ഭയവും, ഏകാന്തതയും അനുഭവിക്കുന്നിടത്ത് കൃത്യമായി ദൈവത്തിന്റെ സാന്നിദ്ധ്യം പ്രകടമാണെന്ന് യേശു ഇതിലൂടെ വെളിപ്പെടുത്തുന്നു. അന്ധകാരത്താൽ മൂടപ്പെടുമെന്ന ഭയമില്ലാതെ യഥാർത്ഥ വെളിച്ചം ഇവിടെ കത്തിജ്വലിക്കുന്നു.
രാത്രിയുടെ യാമങ്ങളിൽ, എല്ലാം അവസാനിച്ചു എന്ന് കരുതുമ്പോൾ, ക്രിസ്തീയ പ്രത്യാശ എന്നത്, ഒളിച്ചോട്ടമല്ല, മറിച്ച് തീരുമാനമെടുക്കലാണെന്ന് യേശു നമുക്ക് കാണിച്ചു തരുന്നു. ഈ മനോഭാവം ഒരു അഗാധമായ പ്രാർത്ഥനയുടെ ഫലമാണ്. നാം ദൈവത്തോട് കഷ്ടപ്പാടുകളിൽ നിന്ന് രക്ഷപ്പെടാൻ അഭ്യർത്ഥിക്കുന്നില്ല, മറിച്ച്, സ്നേഹത്താൽ സ്വതന്ത്രമായി അർപ്പിക്കപ്പെടുന്ന ജീവിതം നമ്മിൽ നിന്ന് ആർക്കും എടുത്തുകളയാൻ കഴിയില്ലെന്ന് മനസ്സിലാക്കികൊണ്ട്, സ്നേഹത്തിൽ സ്ഥിരോത്സാഹം പുലർത്താനുള്ള ശക്തി ലഭിക്കുവാനുള്ള അഭ്യർത്ഥനയാണ്.
"നിങ്ങൾ എന്നെയാണ് അന്വേഷിക്കുന്നതെങ്കിൽ അവരെ വിട്ടേക്കുക" (യോഹ 18:8). താൻ ബന്ധിക്കപ്പെടുന്ന നിമിഷത്തിൽ യേശു സ്വയം രക്ഷയ്ക്ക് മുതിരുന്നില്ല, മറിച്ച് തന്റെ സുഹൃത്തുക്കൾ സ്വതന്ത്രരായിരിക്കണം എന്നത് മാത്രമാണ് അവന്റെ ആഗ്രഹം. യേശുവിന്റെ ത്യാഗം ഒരു യഥാർത്ഥ സ്നേഹപ്രവൃത്തിയാണെന്ന് ഇതു പ്രകടമാക്കുന്നു. തന്റെ ശിഷ്യന്മാരെ സ്വതന്ത്രരാക്കാൻ വേണ്ടി മാത്രമാണ് കാവൽക്കാർ തന്നെ പിടിച്ചുകൊണ്ടുപോകാനും, തടവിലാക്കാനും യേശു സ്വയം അനുവദിക്കുന്നത് .
അത്യന്തം നാടകീയവും എന്നാൽ മഹത്തായതുമായ ഈ മണിക്കൂറിനായുള്ള തയാറെടുപ്പാണ് യേശു തന്റെ ജീവിതത്തിലെ ഓരോ ദിവസവും നടത്തിയത്. അതിനാൽ ഈ മണിക്കൂർ എത്തിയപ്പോൾ, അതിൽ നിന്നും ഒളിച്ചോടാതിരിക്കുവാനുള്ള ശക്തിയും അവൻ ആർജ്ജിച്ചു. നിലത്തുവീണ ഗോതമ്പുമണി അതേപടിയിരിക്കാതെ, അഴിഞ്ഞുകൊണ്ട് ഫലം പുറപ്പെടുവിക്കുന്നതുപോലെ, പ്രണയത്തിനുവേണ്ടി ഒരാളുടെ ജീവൻ നഷ്ടപ്പെടുന്നത് ഒരു പരാജയമല്ലെന്നും, മറിച്ച് അവിടെ രഹസ്യാത്മകമായ ഒരു ഫലമുണ്ടെന്നും അവൻ ഹൃദയത്തിൽ അറിഞ്ഞിരുന്നു.
മരണത്തിലേക്കും, അന്ത്യത്തിലേക്കും മാത്രം നയിക്കുന്നതായി തോന്നുന്ന പാതയിൽ യേശുവും അസ്വസ്ഥപ്പെടുന്നുണ്ട്. എന്നാൽ സ്നേഹത്തിനുവേണ്ടി നഷ്ടപ്പെടുത്തുന്ന ഒരു ജീവിതം മാത്രമേ അവസാനം കണ്ടെത്തുവാൻ സാധിക്കുകയുള്ളൂവെന്ന് അവനു ബോധ്യമുണ്ട്. വേദന ഒഴിവാക്കാൻ ശ്രമിക്കുന്നതിലല്ല, മറിച്ച്, അന്യായമായ കഷ്ടപ്പാടുകളുടെ നടുവിൽ പോലും, നവമായ ഒരു ജീവന്റെ വിത്ത് മറഞ്ഞിരിക്കുന്നുവെന്നു വിശ്വസിക്കുന്നതിലാണ് യഥാർത്ഥ പ്രത്യാശ അടങ്ങിയിരിക്കുന്നത്.
എന്നാൽ നമ്മളോ? അവസാനം നമ്മൾ ഒറ്റയ്ക്കായി പോകും എന്ന് തിരിച്ചറിയാതെ, എത്രയോ തവണ നമ്മുടെ ജീവിതങ്ങളെ, നമ്മുടെ പദ്ധതികളെ, നമ്മുടെ സുരക്ഷിതത്വത്തെ, പ്രതിരോധിക്കുവാൻ പരിശ്രമിച്ചിട്ടുണ്ട്? സുവിശേഷത്തിന്റെ യുക്തി ഏറെ വ്യത്യസ്തമാണ്. ദാനമായി നല്കപ്പെടുന്നത് മാത്രമേ ഫലം ചൂടുകയുള്ളൂ. എല്ലാം നഷ്ടപ്പെട്ടതായി തോന്നുന്നിടത്തുപോലും, ആശ്രയയോഗ്യമായിത്തീരുന്ന സ്നേഹത്തിനു മാത്രമേ വിശ്വസ്തത പുനഃസ്ഥാപിക്കാൻ കഴിയൂ.
വിശുദ്ധ മാർക്കോസിന്റെ സുവിശേഷം, യേശു ബന്ധനസ്ഥനാകുന്ന നിമിഷത്തിൽ, നഗ്നനായി കടന്നു പോകുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചു വിവരിക്കുന്നുണ്ട്. (മാർക്കോസ് 14, 51) ആഴത്തിൽ ഉൾവിളി നൽകുന്നതും, നിഗൂഢവുമായ ഒരു ചിത്രമാണിത്. യേശുവിനെ പിഞ്ചെല്ലുവാൻ പരിശ്രമിക്കുമ്പോഴും, നാം സ്വയംജാഗ്രത പാലിക്കുന്നതും, നമ്മുടെ ഉറപ്പുകളിൽ നിന്ന് അകന്നുപോകുന്നതുമായ നിമിഷങ്ങൾ ഉണ്ടാകാറുണ്ട്. സുവിശേഷത്തിന്റെ പാത ഉപേക്ഷിക്കുന്നതിനും, സ്നേഹത്തിന്റെ പാതയിലേക്കുള്ള യാത്ര നമുക്ക് സാധ്യമാവുകയില്ല എന്ന് തോന്നുന്നതുമായ, ബുദ്ധിമുട്ടേറിയ നിമിഷങ്ങളാണിവ. എന്നിരുന്നാലും, സുവിശേഷത്തിന്റെ അവസാനത്തിൽ, നഗ്നനല്ലാത്ത, ശുഭ്ര വസ്ത്ര ധാരിയായ ഒരു യുവാവാണ്, യേശുവിന്റെ ഉത്ഥാന സന്ദേശം സ്ത്രീകൾക്ക് നൽകുന്നത്.
ഇതാണ് നമ്മുടെ വിശ്വാസത്തിന്റെ പ്രത്യാശ. നമ്മുടെ പാപങ്ങളോ, സങ്കുചിത ചിന്തകളോ, നമ്മോട് ക്ഷമിക്കുന്നതിൽ നിന്നും, ശിഷ്യത്വം പുനരാരംഭിക്കുന്നതിനും, മറ്റുള്ളവർക്കായി നമ്മുടെ ജീവൻ നൽകാൻ നമ്മെ പ്രാപ്തരാക്കുന്നതിനുമുള്ള ആഗ്രഹം പുനഃസ്ഥാപിക്കുന്നതിൽ നിന്നും, ദൈവത്തെ തടയുന്നില്ല.
പ്രിയ സഹോദരീ സഹോദരങ്ങളെ, നമുക്കു ലഭിച്ച നന്മകൾക്ക് പ്രതിഫലമായി നമ്മുടെ ജീവിതത്തെ നൽകിക്കൊണ്ട്, സ്വർഗീയപിതാവിന്റെ നല്ല ഇച്ഛയ്ക്കു നമ്മെത്തന്നെ സമർപ്പിക്കുവാൻ നമുക്ക് പഠിക്കാം. ജീവിതത്തിൽ എല്ലാം നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരേണ്ട ആവശ്യമില്ല. മറിച്ച്, സ്വതന്ത്രമായി സ്നേഹിക്കാൻ ഓരോ ദിവസവും തിരഞ്ഞെടുത്താൽ മതി. പരീക്ഷണത്തിന്റെ കൂരിരുട്ടിൽ പോലും, ദൈവസ്നേഹം നമ്മെ താങ്ങിനിർത്തുവെന്നും, നിത്യജീവന്റെ ഫലം നമ്മിൽ പക്വത പ്രാപിക്കുകയും ചെയ്യുന്നുവെന്ന് അറിയുന്നതുമാണ് യഥാർത്ഥ പ്രത്യാശ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: