സുവിശേഷത്തിനു സാക്ഷ്യം നൽകുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും കടമ: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ജൂബിലി തീർത്ഥാടനത്തിനായി റോമിൽ എത്തിച്ചേർന്ന, സെന്റ് ആൻഡ്രൂസ് അന്താരാഷ്ട്ര സുവിശേഷവത്ക്കരണ വിദ്യാലയത്തിലെ അംഗങ്ങൾ ലിയോ പതിനാലാമൻ പാപ്പായെ സന്ദർശിച്ചു. തദവസരത്തിൽ നൽകിയ സന്ദേശത്തിൽ, ആഗസ്റ്റ് ഇരുപത്തിയൊമ്പതാം തീയതി സഭ ഓർമ്മിക്കുന്ന സ്നാപകയോഹന്നാന്റെ രക്തസാക്ഷിത്വം, പ്രേഷിതപ്രവർത്തനത്തിൽ ഏവർക്കും മാതൃകയാണെന്നും, അതേദിവസം സെന്റ് ആൻഡ്രൂസ് അംഗങ്ങളെ സ്വീകരിക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പാപ്പാ പറഞ്ഞു. കേബേക് അതിരൂപതയുടെ മെത്രാപ്പോലീത്ത, കർദിനാൾ ജറാൾഡ് സിപ്രിയാൻ ലാക്രൂവ്വ, ശ്രീ ഹോസെ പ്രാദോ ഫ്ളോറെസ് എന്നിവരുടെ നേതൃത്വത്തിലാണ്, സംഘം റോമിൽ തീർത്ഥാടനത്തിനായെത്തിയത്.
ഇന്നത്തെ ലോകത്തിലെ സുവിശേഷകരുടെ ദൌത്യത്തെക്കുറിച്ച് ചിന്തിക്കാൻ വിശുദ്ധ സ്നാപകയോഹന്നാന്റെ ജീവിതം നമ്മെ ഏറെ സഹായിക്കുമെന്നു പാപ്പാ പറഞ്ഞു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, " വചനം മാംസമാകുകയും, നമ്മുടെ ഇടയിൽ വസിക്കുകയും ചെയ്തുവെന്നും" തുടർന്ന് വിശുദ്ധ സ്നാപകയോഹന്നാൻ ഈ സത്യത്തിനു സാക്ഷ്യം വഹിച്ചുവെന്നും പാപ്പാ പറഞ്ഞു. സുവിശേഷകന്റെ ആദ്യ അധ്യായങ്ങൾ, സൂക്ഷ്മതയോടെ വീക്ഷിച്ചാൽ, സുവിശേഷവൽക്കരണ പഠനത്തിന്റെ പ്രാധാന്യം മനസിലാക്കുവാൻ സാധിക്കുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
നാം ധ്യാനിച്ച കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനും, ജീവന്റെ ദൈവവുമായി നാം കണ്ടുമുട്ടിയതിന് സാക്ഷ്യം നൽകുന്നതിനുമുള്ള വിളിയാണിതെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ഇതാണ് യോഹന്നാന്റെ ലേഖനത്തിൽ നാം കണ്ടെത്തുന്നതെന്നും പാപ്പാ പറഞ്ഞു: "ഞങ്ങള്‍ കാണുകയുംകേള്‍ക്കുകയും ചെയ്‌തതു നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്‌മ ഉണ്ടാകേണ്ടതിനാണ് ഞങ്ങള്‍ ഇതു പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്‌മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവിനോടുമാണ്." (1 യോഹന്നാന്‍ 1 : 3).
മാമോദീസ സ്വീകരിക്കുന്ന ഏതൊരു വ്യക്തിയിലും നിക്ഷിപ്തമായിരിക്കുന്ന കടമയും, ക്രിസ്തുവിൽ ഒന്നായിത്തീരേണ്ടതിന്, നാം ദാനമായി സ്വീകരിച്ചവ മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നതാണെന്നും പാപ്പാ പറഞ്ഞു. പ്രത്യാശയോടെ തുടർന്നും സുവിശേഷവേള ചെയ്യുവാൻ ഏവരെയും ആഹ്വാനം ചെയ്ത പാപ്പാ, ഗ്വാഡലൂപ്പ മാതാവിന്റെ സംരക്ഷണത്തിന് ഏവരെയും സമർപ്പിച്ചു പ്രാർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: