പുനരുത്ഥാനമാണ് നമ്മുടെ പ്രത്യാശയുടെ ഉറവിടം: ഈജിപ്ഷ്യൻ യുവാക്കളോട് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പാസ്കേൽ റാഫിച്ചിന്റെ പെട്ടെന്നുള്ള മരണം, മാനുഷികമായി നമ്മെ എല്ലാവരെയും സങ്കടത്തിൽ ആഴ്ത്തിയെന്നു പറഞ്ഞുകൊണ്ട്, മരണത്തിൽ അനുശോചനം അറിയിച്ചും, ആശ്വാസ വാക്കുകൾ പറഞ്ഞുകൊണ്ടും ലിയോ പതിനാലാമൻ പാപ്പാ, ഈജിപ്ഷ്യൻ യുവാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. യുവജന ജൂബിലിക്കായി റോമിൽ എത്തിയ പാസ്കൽ ആഗസ്റ്റ് ഒന്നാം തീയതിയാണ് കർത്താവിൽ നിദ്ര പ്രാപിച്ചത്.
നമ്മുടെ ജീവിതത്തിന്മേൽ നമുക്ക് നിയന്ത്രണമില്ല എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ മരണം നമുക്ക് വെളിപ്പെടുത്തുന്നതെന്നും പാപ്പാ എടുത്തു പറഞ്ഞു. തങ്ങളുടെ സഹോദരനായ ലാസറിന്റെ മരണത്തിൽ, വേദനയോടുകൂടി സഹോദരിമാരായ മർത്തായും മറിയവും "യേശു ജീവനും പുനരുത്ഥാനവുമാണെന്ന്" വിശ്വസിച്ചതുപോലെ, പ്രത്യാശയുടെ ഈ ജൂബിലി വർഷത്തിൽ, നമ്മുടെ പ്രത്യാശയുടെ ആത്യന്തിക ഉറവിടം ഉയിർത്തെഴുന്നേറ്റ ക്രിസ്‌തുവിൽ ആണെന്നത് നമ്മെ ആശ്വസിപ്പിക്കട്ടെയെന്നും പാപ്പാ പറഞ്ഞു.
"പ്രത്യാശയുടെ ഈ ജൂബിലി വർഷം ആഘോഷിക്കുമ്പോൾ, യേശുക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ നാം ആരാണെന്നും, എങ്ങനെ ജീവിക്കുന്നുവെന്നും, പരസ്പരം എങ്ങനെ വിലമതിക്കുന്നുവെന്നും, ബഹുമാനിക്കുന്നുവെന്നും, എല്ലാറ്റിനുമുപരി, ഇത്തരം വേദനാജനകമായ അനുഭവങ്ങൾക്കിടയിലും നാം എങ്ങനെ മുന്നോട്ട് പോകുന്നുവെന്നു ബോധ്യപ്പെടണമെന്നും പാപ്പാ പറഞ്ഞു. മരണമെന്ന യാഥാർഥ്യം മാനുഷികമായി നമ്മിൽ വേദന അവശേഷിപ്പിക്കുന്നുവെന്നും, എങ്കിലും കർത്താവിന്റെ ഉത്ഥാനത്തിനു സാക്ഷികളെന്ന നിലയിൽ, പുറജാതികളെ പോലെ നാം കരയരുതെന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു.
നിങ്ങളുടെ സുഹൃത്തിന്റെ വേർപാടിൽ നിങ്ങൾ അനുഭവിക്കുന്ന ഈ ദുഃഖത്തിൽ, ഒത്തുചേരാനും, പ്രാർത്ഥിക്കാനും, നമ്മുടെ വിശ്വാസം പുതുക്കാനും, നമ്മുടെ സഹോദരിക്ക് നിത്യ വിശ്രമത്തിനായി ദൈവത്തോട് അപേക്ഷിക്കാനുമാണ് നാം ഒത്തുചേർന്നിരിക്കുന്നതെന്നു പറഞ്ഞ പാപ്പാ, ഈ തീർത്ഥാടന ദിവസങ്ങളിൽ ദൈവസാന്നിധ്യത്തിനായി പ്രാർത്ഥിക്കാമെന്നും എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: