സമൂഹത്തിലെ അധഃസ്ഥിതരായ സഹോദരങ്ങൾക്കൊപ്പം വിശുദ്ധ ബലിയർപ്പിക്കുവാൻ ഒരുങ്ങി ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പാപ്പായുടെ വേനൽക്കാല വസതി സ്ഥിതി ചെയ്യുന്ന കാസ്ൽ ഗന്ധോൽഫോ പട്ടണത്തിലെ, അൽബാനോ രൂപതയിൽ പെട്ട സാന്താ മരിയ ദെല്ല റൊത്തോന്ദ തീർത്ഥാടന ദേവാലയത്തിൽ, സമൂഹത്തിലെ പാവപ്പെട്ടവരും, കാരിത്താസ് സംഘടനയുടെ പ്രവർത്തകരും ഉൾപ്പെടുന്ന സമൂഹത്തിനായി ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ബലിയർപ്പിക്കും.
ആഗസ്റ്റ് മാസം പതിനേഴാം തീയതി ഞായറാഴ്ച്ച, പ്രാദേശിക സമയം രാവിലെ 9. 30 നാണ് വിശുദ്ധ കുർബാന. കുർബാനയ്‌ക്കുശേഷം, മധ്യാഹ്നത്തിൽ, പട്ടണത്തിലെ ലിബെർത്ത ചത്വരത്തിൽ വിശ്വാസികളോടൊപ്പം, പരിശുദ്ധ പിതാവ് മധ്യാഹ്നപ്രാർത്ഥനയർപ്പിക്കുമെന്നും പേപ്പൽഭവന പ്രിഫെക്ചർ അറിയിച്ചു.
ഫ്രാൻസിസ് പാപ്പായെപ്പോലെ, സമൂഹത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന സഹോദരങ്ങളോട് ഏറെ അടുപ്പം പുലർത്തുന്ന പാപ്പായാണ് ലിയോ പതിനാലാമൻ. പെറുവിലെ ചിക്ലായോ രൂപതയുടെ അധ്യക്ഷനായി സേവനം അനുഷ്ഠിക്കുമ്പോഴും, അഗസ്റ്റീനിയൻ സഭയുടെ ജനറലായിരിക്കുമ്പോഴും, പാവപ്പെട്ടവർക്കുവേണ്ടി ഏറെ പ്രവർത്തനങ്ങൾ, അന്നത്തെ മോൺസിഞ്ഞോർ പ്രെവോസ്റ്റ് ചെയ്തിരുന്നതായി ആളുകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി, സ്വർഗ്ഗാരോപണ ദിനത്തിലും, അൽബാനോ രൂപതയുടെ വില്ലനോവ ദേവാലയത്തിലാണ് പാപ്പാ വിശുദ്ധ ബലിയർപ്പിക്കുന്നത്. തുടർന്ന് ലിബെർത്ത ചത്വരത്തിൽ മധ്യാഹ്നപ്രാർത്ഥനയർപ്പിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: