MAP

ലിയോ പതിനാലാമൻ പാപ്പാ മെന്തൊറെല്ലയിലെ കൃപയുടെ മാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിൽ ലിയോ പതിനാലാമൻ പാപ്പാ മെന്തൊറെല്ലയിലെ കൃപയുടെ മാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിൽ  (ANSA)

മെന്തൊറെല്ലയിലെ കൃപയുടെ മാതാവിന്റെ സന്നിധിയിൽ പ്രാർത്ഥനയോടെ ലിയോ പതിനാലാമൻ പാപ്പാ

ലിയോ പതിനാലാമൻ പാപ്പാ റോമിന് തെക്കുള്ള മെന്തൊറെല്ലയിലെ കൃപയുടെ മാതാവിന്റെ പുരാതന തീർത്ഥാടന കേന്ദ്രം സന്ദർശിച്ചു. അവിടെ മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി തെളിയിച്ച് ലോകസമാധാനത്തിനായി പ്രാർത്ഥിച്ച പാപ്പാ, തീർത്ഥാടനദേവാലയത്തിലെ സന്ന്യസ്തർക്കൊപ്പം ഉച്ചഭക്ഷണത്തിലും പങ്കുചേർന്നു.

സിസ്റ്റർ ജാസ്മിൻ  SIC, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പാ ആഗസ്റ്റ് 19-ന്, പാലെസ്ത്രീന രൂപതയിലെ കപ്രാനിക്ക പ്രെനെസ്റ്റിനയുടെ ഭാഗമായ ഗ്വദഞ്ഞോളോയിലെ, മെന്തൊറെല്ലയിലുള്ള കൃപയുടെ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ സ്വകാര്യ സന്ദർശനം നടത്തി. റോമിന് ഏകദേശം 65 കിലോമീറ്റർ തെക്കുകിഴക്കായി ഒരു മലമുകളിലാണ് ഈ പുരാതന തീർത്ഥാടനദേവാലയം സ്ഥിതി ചെയ്യുന്നത്.

തീർത്ഥാടനകേന്ദ്രത്തിൽ എത്തിയ പാപ്പാ, കൃപയുടെ മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി തെളിയിക്കുകയും ലോകസമാധാനത്തിനായി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന്, തീർത്ഥാടന കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന പോളണ്ടുകാരായ പുനഃരുത്ഥാന സഭാംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും അവരോടൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്തു. സന്ദർശനത്തിന് ശേഷം പരിശുദ്ധ പിതാവ് തന്റെ വേനൽക്കാലവസതിയായ വില്ല ബാർബെരീനിയിലേക്ക് മടങ്ങി.

ഈ തീർത്ഥാടന കേന്ദ്രത്തിന് മറ്റ് മാർപാപ്പമാരുമായും സവിശേഷമായ ബന്ധമുണ്ട്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട് ഒൻപതാം ദിവസം ഇവിടേക്ക് തീർത്ഥാടനം നടത്തിയിരുന്നു. ബെനഡിക്ട് പതിനാറാമൻ പാപ്പാ 2005-ൽ ഈ തീർത്ഥാടന കേന്ദ്രം സന്ദർശിച്ചു. ഇന്നസെന്റ് പതിമൂന്നാമൻ പാപ്പായുടെ (1721-1724) ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ഹൃദയം ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്.

രണ്ടാം നൂറ്റാണ്ടിൽ വിശുദ്ധ യൂസ്റ്റാക്കിയൂസ് മാനസാന്തരപ്പെട്ട സ്ഥലമാണിതെന്നാണ് പാരമ്പര്യം. നാലാം നൂറ്റാണ്ടിൽ കോൺസ്റ്റസ്റ്റൈൻ ചക്രവർത്തി ഇവിടെ ഒരു ബസിലിക്ക പണിയുകയും, 335-ന് മുൻപായി സിൽവെസ്റ്റർ ഒന്നാമൻ പാപ്പാ അത് ആശീർവദിക്കുകയും ചെയ്തു. തുടർന്ന് ആറാം നൂറ്റാണ്ടിൽ (500-കളിൽ) ഈ സ്ഥലം സുബിയാക്കോയിലെ സന്ന്യസ്തർക്ക് കൈമാറി. ദേവാലയത്തിൽ കാണപ്പെടുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ തടിയിൽ തീർത്ത തിരുസ്വരൂപം പതിമൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ നിർമ്മിക്കപ്പെട്ടതാണ്.

പതിനാലാം നൂറ്റാണ്ടിൽ ബെനഡിക്ടൈൻ സന്യാസിമാർ ഈ പ്രദേശം ഉപേക്ഷിച്ചതിന് ശേഷം, 1857-ൽ പീയൂസ് ഒൻപതാമൻ പാപ്പായാണ് ഈ തീർത്ഥാടന കേന്ദ്രത്തിന്റെ ചുമതല പുനഃരുത്ഥാന സഭയെ ഏൽപ്പിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ഓഗസ്റ്റ് 2025, 14:37