MAP

നാല് ഇൻസ്റിറ്റ്യൂകളിലെ സന്ന്യസ്തസഹോദരിമാർക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ നാല് ഇൻസ്റിറ്റ്യൂകളിലെ സന്ന്യസ്തസഹോദരിമാർക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (@Vatican Media)

തിരുക്കുടുംബത്തിന്റെ മാതൃകയിൽ വളരാൻ കുടുംബങ്ങളെ സഹായിക്കാൻ സന്ന്യസ്തർക്ക് ആഹ്വാനം നൽകി ലിയോ പാപ്പാ

ജനറൽ ചാപ്റ്ററുമായി ബന്ധപ്പെട്ട് റോമിലെത്തിയ "നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മിഷനറിമക്കൾ" നസ്രത്തിന്റെ മക്കളുടെ സഭ, തിരുക്കുടുംബത്തിന്റെ അപ്പസ്‌തോലകളുടെ സഭ, പരിശുദ്ധ അമ്മയുടെ കാരുണ്യത്തിന്റെ സന്ന്യസ്‌തകൾ എന്നീ നാല് ഇൻസ്റിറ്റ്യൂകളിലെ സന്ന്യസ്തസഹോദരിമാർക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു. തങ്ങളുടെ സഭാസ്ഥാപകർക്ക് ലഭിച്ച പ്രത്യേക കൃപയിലും സിദ്ധിയിലും സാക്ഷ്യമേകി മുന്നോട്ട് പോകാനും, നല്ല കുടുംബങ്ങൾ വളർന്നുവരാൻ സഹായിക്കാനും പാപ്പായുടെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇന്നത്തെ സമൂഹത്തിൽ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മൂല്യങ്ങൾ ജീവിക്കുന്ന കുടുംബങ്ങൾ വളർന്നുവരാൻ ഉതകുന്ന സാക്ഷ്യമേകിയും ശുശ്രൂഷകൾ നൽകിയും മുന്നോട്ട് പോകാൻ സന്ന്യസ്തസഹോദരിമാരോട് ലിയോ പതിനാലാമൻ പാപ്പാ. തങ്ങളുടെ ജനറൽ ചാപ്റ്ററുമായി ബന്ധപ്പെട്ട് റോമിലെത്തിയ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മിഷനറിമക്കൾ, നസ്രത്തിന്റെ മക്കളുടെ സഭ, തിരുക്കുടുംബത്തിന്റെ അപ്പസ്‌തോലകളുടെ സഭ, പരിശുദ്ധ അമ്മയുടെ കാരുണ്യത്തിന്റെ സന്ന്യസ്‌തകൾ എന്നീ നാല് ഇൻസ്റിറ്റ്യൂകളിലെ സന്ന്യസ്തസഹോദരിമാർക്ക് കൂടിക്കാഴ്ച അനുവദിച്ച അവസരത്തിലാണ് ഇന്നത്തെ കുടുംബങ്ങൾ മൂല്യങ്ങളും കൃപകളും ജീവിക്കുന്നവയായി വളർത്തിക്കൊണ്ടുവരാൻ സന്ന്യസ്തസഹോദരിമാർക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ലിയോ പതിനാലാമൻ പാപ്പാ ഓർമ്മിപ്പിച്ചത്.

ജനറൽ ചാപ്റ്ററിന്റേത് കൃപയുടെയും, സഭയ്ക്കും നിങ്ങളുടെ സന്ന്യസ്തസ്ഥാപനങ്ങൾക്കുമുള്ള അനുഗ്രഹത്തിന്റെയും നിമിഷമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പ്രത്യാശയുടെ ജൂബിലി ആഘോഷിക്കുന്ന അവസരത്തിലാണ് ഈ നാല് സന്ന്യസ്തസമൂഹങ്ങളും ജനറൽ ചാപ്റ്ററിനായി ഒരുമിച്ചുകൂടിയിരിക്കുന്നതെന്ന് അനുസ്മരിച്ച പാപ്പാ, പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ലെന്നും, അത് നമ്മുടെ ഹൃദയത്തിൽ പരിശുദ്ധാത്മാവിലൂടെ ഒഴുക്കപ്പെട്ട ദൈവസ്നേഹത്താൽ നയിക്കപ്പെടുന്നതാണെന്നും, അത് കൃപയുടെ ഫലമാണെന്നും വിശുദ്ധ പൗലോസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പ്രസ്താവിച്ചു (റോമാ 5, 5).

സന്ന്യസ്തർ പ്രത്യാശയുടെ സാക്ഷികളാണെന്ന് പറഞ്ഞ പാപ്പാ, പരിശുദ്ധാത്മാവ് തങ്ങളുടെ ഹൃദയത്തിൽ വർഷിച്ച സിദ്ധികളോടും കൃപയോടും, കടുത്ത പ്രതിസന്ധികളുടെ മുന്നിലും പ്രത്യുത്തരിച്ചുകൊണ്ട് നിങ്ങൾക്ക് മുന്നേ പോയവരെപ്പോലെ, അതെ കൃപയിൽ തുടരാനും അതിനെ നവീകരിച്ചുകൊണ്ട് സാക്ഷ്യമേകി മുന്നോട്ടുപോകാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.

വിവിധ ഇടങ്ങളിലും വ്യക്തികളിലൂടെയുമാണ് നിങ്ങളുടെ സന്ന്യസ്തസ്ഥാപനങ്ങൾ ആരംഭിക്കപ്പെട്ടതെന്നും, പൊതുനന്മയെ ലക്ഷ്യമാക്കി പ്രത്യേക കൃപകളാണ് പരിശുദ്ധാത്മാവ് നിങ്ങളുടെ സ്ഥാപകരിൽ വർഷിച്ചതെന്നും പറഞ്ഞ പാപ്പാ, എന്നാൽ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മൂല്യങ്ങൾ സഹോദരങ്ങളിലേക്ക് പകരാനും, പ്രാർത്ഥനയുടെ പ്രാധാന്യവും സ്നേഹവും വിശുദ്ധിയുടെ മാതൃകയും മറ്റുള്ളവരിലേക്കെത്തിക്കാനും ഉള്ള വിളി നിങ്ങളെ ഒരുമിപ്പിക്കുന്നുണ്ടന്ന് ഓർമ്മിപ്പിച്ചു.

വിശുദ്ധ പോൾ ആറാമൻ പാപ്പാ വിശുദ്ധ നാട്ടിലെ "അരുളപ്പാടിന്റെ ബസലിക്കയിൽ" സംസാരിച്ച അവസരത്തിൽ, യേശുവിലേക്കും പരിശുദ്ധ അമ്മയിലേക്കും വിശുദ്ധ യൗസേപ്പിലേക്കും നോക്കുമ്പോൾ, കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിലെ സ്നേഹത്തിന്റെ ഐക്യത്തെക്കുറിച്ചും ലളിതമെങ്കിലും അതിലുള്ള ഭംഗിയെക്കുറിച്ചും, അതിന്റെ വിശുദ്ധവും അവിഭാജ്യവുമായ സ്വഭാവത്തെക്കുറിച്ചുമുൾപ്പെടെ മനസ്സിലാക്കാൻ സാധിക്കുമെന്ന് 1964 ജനുവരി അഞ്ചാം തീയതി പഠിപ്പിച്ചത് ലിയോ പതിനാലാമൻ പാപ്പാ ഉദ്ധരിച്ചു.

ആധുനികസമൂഹത്തിലും കുടുംബങ്ങൾ പ്രാർത്ഥനയാലും മാതൃകയാലും, സമൂഹത്തിന്റെ ശരിയായ വിധത്തിലുള്ള ഇടപെടലിനാലും, പിന്തുണയ്ക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യപ്പെടേണ്ടവയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നിങ്ങളുടെ ഊർജ്വസ്വലമായ സാക്ഷ്യം കൊണ്ടും സമർപ്പിതശുശ്രൂഷ കൊണ്ടും ഇത്തരുണത്തിൽ നിങ്ങൾക്ക് ഏറെ ചെയ്യാൻ സാധിക്കുമെന്ന് സന്ന്യസ്തരെ ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, നിങ്ങളുടെ സഭാസ്ഥാപനങ്ങൾ, കുടുംബങ്ങൾക്കും, കുട്ടികൾക്കും മാതാപിതാക്കൾക്കും വയോധികർക്കും യുവജനങ്ങൾക്കുമായി ചെയ്ത കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് കൂട്ടിച്ചേർത്തു. നമ്മുടെ കുടുംബങ്ങളിലും തിരുക്കുടുംബത്തിലുണ്ടായിരുന്ന കൃപകളും സ്നേഹവും വളർന്നുവരട്ടെയെന്ന്, തിരുക്കുടുംബത്തിന്റെ തിരുനാൾ ദിനത്തിലെ വിശുദ്ധ ബലിയിലെ പ്രാർത്ഥനകളെ പരാമർശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

പ്രാർത്ഥിച്ചും, മറ്റുള്ളവരെ ശ്രവിച്ചും അവർക്ക് ഉപദേശങ്ങളും സഹായവും നൽകിയും കുടുംബങ്ങളെ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ ചൈതന്യത്തിൽ വളർത്തിക്കൊണ്ടുവരാനും അത് എല്ലായിടങ്ങളിലേക്കും പകർത്താനും പാപ്പാ സന്ന്യസ്തസഹോദരിമാരോട് ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഓഗസ്റ്റ് 2025, 14:52