യുവജനങ്ങളോട് പിതൃതുല്യമായ സംവാദം നടത്തി ലിയോ പതിനാലാമൻ പാപ്പാ
വത്തിക്കാൻ ന്യൂസ്
ആത്മാർത്ഥമായ സൗഹൃദങ്ങൾ എങ്ങനെ കണ്ടെത്താം? പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യം എങ്ങനെ കണ്ടെത്താം? ബുദ്ധിമുട്ടുകൾക്കും അനിശ്ചിതത്വങ്ങൾക്കും ഇടയിൽ പോലും, നമ്മുടെ ജീവിതത്തിൽ യേശുക്രിസ്തുവിനെ എങ്ങനെ യഥാർത്ഥത്തിൽ കണ്ടുമുട്ടാനും അവന്റെ സാന്നിധ്യം ഉറപ്പാക്കാനും കഴിയും? എന്നിങ്ങനെയുള്ള വിവിധങ്ങളായ ചോദ്യങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ നൽകിയ മറുപടികൾക്ക്, പത്തുലക്ഷത്തിനു മുകളിൽ യുവജനങ്ങളാണ് ശ്രദ്ധയോടെ കാതോർക്കുകയും, കരഘോഷങ്ങളോടെ തങ്ങളുടെ സന്തോഷവും അറിയിച്ചത്.
ആധുനിക സംസ്കാരം, നാം അറിയാതെ തന്നെ നമ്മെ രൂപപ്പെടുത്തുന്നുവെന്നും, ഇതിനു സാങ്കേതിക വിദ്യകളുടെ സ്വാധീനം ഏറെ വലുതാണെന്നും പാപ്പാ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഏറെ സുഹൃത്തുക്കൾ ഉണ്ടെങ്കിലും, നാം പലപ്പോഴും ഏകാന്തതയിലേക്ക് അടക്കപ്പെടുന്നു എന്ന ബോധ്യം നമുക്ക് ഉണ്ടാവണമെന്നും പാപ്പാ പറഞ്ഞു. "യഥാർത്ഥവും നിലനിൽക്കുന്നതുമായ" ബന്ധങ്ങളുടെ അഭാവം ഇന്ന് നമുക്ക് ഉണ്ടെന്നും അതിനാൽ, യഥാർത്ഥ പ്രത്യാശയിലേക്കുള്ള വാതിൽ തുറക്കുന്ന, സ്നേഹം കണ്ടെത്തുവാൻ നാം പരിശ്രമിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
യേശുവുമായുള്ള തീവ്രമായ ബന്ധം നമ്മെ ഒരിക്കലും വഞ്ചിക്കുകയില്ലെന്നും, ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്ന കാര്യങ്ങൾ തിരിച്ചറിയണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
ഉപഭോഗ സംസ്കാരത്തിന്റെ അപകടങ്ങൾ നാം മനസിലാക്കണമെന്നും, സാങ്കേതിക വിദ്യകൾ നമ്മുടെ ഉപകാരത്തിനല്ലാതെ നമ്മുടെ മേൽ ആധിപത്യം ഉറപ്പിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും പാപ്പാ പറഞ്ഞു.
വിശ്വാസത്തിന്റെ അടിത്തറയായ ക്രിസ്തുവുമായുള്ള സൗഹൃദം, ഭാവി കെട്ടിപ്പടുക്കുന്നതിൽ നമുക്ക് വഴികാട്ടിയാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. “പരസ്പരം സ്നേഹിക്കുക! ക്രിസ്തുവിൽ പരസ്പരം സ്നേഹിക്കുക! മറ്റുള്ളവരിൽ യേശുവിനെ എങ്ങനെ കാണണമെന്ന് അറിയുക”, അത് ലോകത്തെ പരിവർത്തനം ചെയ്യുമെന്നും പാപ്പാ യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.
ഈ കാലഘട്ടം അനിശ്ചിതത്വം നിറഞ്ഞതാണെന്നും, അതിനാൽ അജ്ഞാത ഭാവിയെക്കുറിച്ചുള്ള ഭയത്തെ അകറ്റിനിർത്തിക്കൊണ്ട്, ധൈര്യമുള്ളവരായിരിക്കാനും യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ സാഹസികത അനുഭവിക്കാനും, സമൂലവും അർത്ഥവത്തായതുമായ തിരഞ്ഞെടുപ്പുകൾ നടത്താനും യുവജനങ്ങൾക്ക് സാധിക്കണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി.
നമ്മുടെ ജനനം നമ്മുടെ സ്വന്തം തീരുമാനമല്ല, മറിച്ച് നമ്മെ ആഗ്രഹിച്ച ഒരു സ്നേഹമായിരുന്നുവെന്നും, നമ്മുടെ ജീവിതത്തിലുടനീളം, നമ്മുടെ തിരഞ്ഞെടുപ്പുകളിൽ ഈ കൃപയെ തിരിച്ചറിയാനും പുതുക്കാനും നമുക്ക് സാധിക്കണമെന്നും, ഇപ്രകാരം മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് നാം യഥാർത്ഥ സുഹൃത്തുക്കളായി മാറുന്നതെന്നും പാപ്പാ എടുത്തു പറഞ്ഞു. തിരഞ്ഞെടുക്കുക എന്നാൽ ഉപേക്ഷിക്കുക എന്നും അർത്ഥമാക്കുന്നുണ്ട്, ഇതിനു ദൈവസ്‌നേഹമാണ് നമ്മെ ശക്തിപ്പെടുത്തുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: