MAP

ലിയോ പതിനാലാമൻ പാപ്പാ മധ്യാഹ്‌ന പ്രാർത്ഥന നയിക്കുന്നു ലിയോ പതിനാലാമൻ പാപ്പാ മധ്യാഹ്‌ന പ്രാർത്ഥന നയിക്കുന്നു   (ANSA)

ക്രൈസ്തവർ സ്നേഹത്തിൽ സത്യത്തോട് വിശ്വസ്തത പുലർത്തുന്നവരാകണം : ലിയോ പതിനാലാമൻ പാപ്പാ

ആഗസ്റ്റ് മാസം പതിനേഴാം തീയതി ലിയോ പതിനാലാമൻ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥന വേളയിൽ നൽകിയ സന്ദേശത്തിന്റെ മലയാള വിവർത്തനം.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രിയ സഹോദരീ സഹോദരന്മാരെ, നല്ല ഞായറാഴ്ച്ച

വൈരുധ്യങ്ങളുടെ അടയാളങ്ങൾ എടുത്തുകാണിച്ചുകൊണ്ട്, ശക്തമായ ബിംബങ്ങളോടും, തുറന്നുപറച്ചിലുകളോടെയുമാണ് സുവിശേഷഭാഗം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ശിഷ്യന്മാരുടെ പ്രേഷിതരംഗം എപ്പോഴും, കുസുമങ്ങളുടെയും, പനിനീർപ്പൂക്കളുടെയും സൗന്ദര്യം  പകരുന്നതല്ല. ഇങ്ങനെ പറയുന്നതിലൂടെ ജറുസലേമിൽ താൻ അനുഭവിക്കുവാൻ പോകുന്ന, എതിർപ്പിന്റെയും, അപമാനത്തിന്റെയും, ബന്ധനത്തിന്റെയും, പീഡകളുടെയും, കുരിശുമരണത്തിന്റയും യാഥാർഥ്യം യേശു തുറന്നു പറയുകയായിരുന്നു. സ്നേഹത്തെക്കുറിച്ചും, നീതിയെക്കുറിച്ചും  സംസാരിക്കുമ്പോഴും അവന്റെ സന്ദേശം  തിരസ്കരിക്കപ്പെട്ടു. അവന്റെ പ്രസംഗങ്ങളെ ജനനേതാക്കൾ ക്രൂരമായി എതിർത്തു. മാത്രമല്ല, സുവിശേഷകനായ ലൂക്കാ  തന്റെ രചനകളിലൂടെ അഭിസംബോധന ചെയ്ത പല ക്രൈസ്തവ സമൂഹങ്ങളും ഇതേ അനുഭവത്തിലൂടെ തന്നെയാണ് കടന്നുപോയത്.

അപ്പസ്തോല പ്രവർത്തനങ്ങളിൽ വിവരിക്കുന്നതുപോലെ, പരിമിതികൾക്കിടയിലും, തങ്ങളുടെ ഗുരുനാഥന്റെ കാരുണ്യ സന്ദേശം അവരുടെ കഴിവിന്റെ പരമാവധി ജീവിക്കാൻ ശ്രമിച്ച സമാധാനപരമായ സമൂഹങ്ങളായിരുന്നു അവർ. എന്നിട്ടും അവർ പീഡനം സഹിച്ചു.

ഇതെല്ലാം നമ്മെ ഓർമിപ്പിക്കുന്നത് നന്മ എല്ലായ്പ്പോഴും അതിന് ചുറ്റും ഒരു നല്ല പ്രതികരണം കണ്ടെത്തുന്നില്ല എന്നാണ്. വാസ്തവത്തിൽ, ചിലപ്പോൾ, അതിന്റെ സൗന്ദര്യം അതിനെ സ്വാഗതം ചെയ്യാത്തവരെ അലോസരപ്പെടുത്തുന്നതിനാൽ, അത് നടപ്പിലാക്കുന്നവർ കടുത്ത എതിർപ്പ് നേരിടുന്നു.  ഭീഷണികളും,  അധിക്ഷേപങ്ങളും നേരിടേണ്ടതായി വരികയും ചെയ്യുന്നു. സത്യം പ്രാവർത്തികമാക്കുന്നതിനു വലിയ വില നൽകേണ്ടതായി വരും. ഇന്ന് ലോകത്തു അസത്യം തിരഞ്ഞെടുക്കുന്നവർ ധാരാളമായി ഉണ്ട്. കാരണം നന്മ ചെയ്യുന്നത് തടസപ്പെടുത്തുവാൻ പിശാച് അവരെ പ്രേരിപ്പിക്കുന്നു.

യേശു തൻെറ സഹായം നൽകിക്കൊണ്ട് നമ്മെ ക്ഷണിക്കുന്നത്, ഈ മനോഭാവവുമായി പൊരുത്തപ്പെടാതിരിക്കുവാനും, നമ്മുടെ സ്വന്തം നന്മയ്ക്കും എല്ലാവരുടെയും നന്മയ്ക്കും വേണ്ടി, നമ്മെ കഷ്ടപ്പെടുത്തുന്നവരുടെ പോലും നന്മയ്ക്കായി തുടർന്നും പ്രവർത്തിക്കാനാണ്. പ്രബലരോട്  പ്രതികാരത്തോടെ പ്രതികരിക്കാനല്ല, മറിച്ച് സ്നേഹത്തിൽ   സത്യത്തോട് വിശ്വസ്തത പുലർത്താനാണ് അവൻ നമ്മെ ക്ഷണിക്കുന്നത്. രക്തസാക്ഷികൾ വിശ്വാസത്തിനുവേണ്ടി നിണമൊഴുക്കി  ഈ സത്യത്തിനു  സാക്ഷ്യം വഹിക്കുന്നു, പക്ഷേ നമുക്കും വ്യത്യസ്ത സാഹചര്യങ്ങളിലും വ്യത്യസ്ത രീതികളിലും അവരെ അനുകരിക്കാൻ കഴിയും.

ഉദാഹരണത്തിന്, ഒരു നല്ല മാതാപിതാക്കൾ തന്റെ കുട്ടികളെ നല്ല തത്ത്വങ്ങൾക്കനുസൃതമായി നന്നായി പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നൽകേണ്ട വിലയെക്കുറിച്ച് നമുക്ക് ചിന്തിക്കാം: ചില കാര്യങ്ങളോട് വേണ്ട എന്ന് വയ്ക്കുവാൻ അവൻ അറിയണം, തിരുത്തലുകൾ നൽകേണ്ടുന്ന സാഹചര്യങ്ങൾ വരും, ഇതെല്ലാം ചിലപ്പോൾ വേദനകളും ജീവിതത്തിൽ സമ്മാനിച്ചേക്കാം. തന്റെ വിദ്യാർത്ഥികളെ ശരിയായി പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു അധ്യാപകൻ, ഉദ്യോഗസ്ഥർ, മത നേതാവ്, രാഷ്ട്രീയക്കാരൻ, സുവിശേഷ മൂല്യങ്ങൾക്കനുസസരിച്ച് തന്റെ ഉത്തരവാദിത്തങ്ങൾ  നന്നായി നിർവഹിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ഇത് ബാധകമാണ്.

അന്ത്യൊക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്, രക്തസാക്ഷിത്വം വരിക്കാൻ പോകുന്ന റോമിലേക്കുള്ള യാത്രാമധ്യേ ഇപ്രകാരം ക്രൈസ്തവരെ അഭിസംബോധനചെയ്തു കൊണ്ട് എഴുതി:  "നിങ്ങൾ മനുഷ്യർക്ക് സ്വീകാര്യനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, മറിച്ച് ദൈവത്തിന് സ്വീകാര്യനാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഭൂമിയുടെ അറ്റംവരെ ഭരിക്കുന്നതിനെക്കാൾ യേശുക്രിസ്തുവിൽ മരിക്കുന്നതാണ് എനിക്കു കൂടുതൽ മനോഹരം"

രക്തസാക്ഷികളുടെ രാജ്ഞിയായ മറിയത്തോടൊപ്പം, ദൈവപുത്രന്റെ വിശ്വസ്തവും ധീരവുമായ സാക്ഷികളായിരിക്കാൻ വിശ്വാസത്തിനുവേണ്ടി ഇന്ന് കഷ്ടപ്പെടുന്ന നമ്മുടെ സഹോദരീസഹോദരന്മാരെ പിന്തുണയ്ക്കുന്നതിനും നമുക്ക് അപേക്ഷിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ഓഗസ്റ്റ് 2025, 10:55