പാപ്പാ: പരിശുദ്ധ മറിയത്തിൽ നമ്മുടെ ചരിത്രം വിളങ്ങുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നസ്രത്തിലെ മറിയത്തിൽ നമ്മുടെ ചരിത്രം, നമ്മുടെ പൊതു മാനവികതയിൽ ആമഗ്നമായ സഭയുടെ ചരിത്രം അടങ്ങിയിരിക്കുന്നുവെന്ന് പാപ്പാ.
പരിശുദ്ധകന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ആചരിക്കപ്പെട്ട ആഗസ്റ്റ് 15-ന്, വത്തിക്കാനിൽ നിന്ന് 30 കിലോമീറ്ററോളം തെക്കു കിഴക്കുമാറി റോമിനു പുറത്തായി സ്ഥിതിചെയ്യുന്ന കാസ്തൽ ഗന്തോൾഫൊയിൽ, പാപ്പായുടെ വേനൽക്കാല അരമനയ്ക്കടുത്തുള്ള വില്ലനോവയിലെ വിശുദ്ധ തോമസിൻറെ നാമത്തിലുള്ള പൊന്തിഫിക്കൽ ഇടവകയിൽ, പ്രാദേശികസമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം, ഉച്ചയ്ക്ക് 1.30-ന്, അർപ്പിച്ച തിരുന്നാൾക്കുർബ്ബാന മദ്ധ്യേ നടത്തിയ സുവിശേഷ പ്രഭാഷണത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
പരിശുദ്ധ കന്യകാമറിയത്തിൽ മാംസംധരിച്ചുകൊണ്ട്, ജീവൻറെയും സ്വാതന്ത്ര്യത്തിൻറെയും ദൈവം മരണത്തെ കീഴടക്കിയെന്നും നമ്മോടുകൂടെയാണ് ദൈവം ഈ ജയം കൈവരിക്കുന്നതെന്നും പാപ്പാ വിശദീകരിച്ചു.
മരണത്തിൻറെ ശക്തിയെ ഇല്ലാതാക്കേണ്ടതായ “സമ്മതം” ആണ് യേശു കുരിശിൽ അരുളിയതെന്നും എന്നാൽ നമ്മുടെ കരങ്ങൾ ക്രൂശിക്കുകയും നമ്മുടെ ഹൃദയങ്ങൾ ഭയത്തിൻറെയും സംശയത്തിൻറെയും തടവിലാകുകയും ചെയ്യുമ്പോൾ ആ മരണം ഇപ്പോഴും പടരുന്നുവെന്നും കുരിശിൽ, വിശ്വാസം ജയിച്ചു, ഇതുവരെയും ഇല്ലാത്തത് കാണുന്ന സ്നേഹം ജയിച്ചു, ക്ഷമ ജയിച്ചു എന്നും പാപ്പാ പറഞ്ഞു.
യേശു കുരിശിൽ അരുളിയ ആ “സമ്മതം” ഇക്കാലത്തെ രക്തസാക്ഷികളിൽ വിശ്വത്തിൻറെയും നീതിയുടെയും സൗമ്യതയുടെയും സമാധാനത്തിൻറെയും സാക്ഷികളിൽ ആവിഷ്കൃതമാകുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു.
സ്വർഗ്ഗാരോപണത്തിരുന്നാളിൻറെതായ ആനന്ദം അങ്ങനെ ആർക്കുവേണ്ടി എങ്ങനെ ജീവിക്കണം എന്ന ഒരു തിരഞ്ഞെടുപ്പു നടത്താൻ നമ്മെ പ്രതിബദ്ധരാക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്തു.
ഇന്നിൻറെ മനുഷ്യൻ മാനുഷികങ്ങളായ സുരക്ഷിതത്വങ്ങളിലും ഭൗതികസുസ്ഥിതിയിലും മനസ്സാക്ഷിയെ മയക്കുന്ന ഒരുതരം ആലസ്യത്തിലും അഭയംഗമിക്കുന്ന പ്രവണതയെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ ഇത് വിശ്വാസത്തെ ബലഹീനമാക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പേകി. ഇവിടെ മരണം കീഴടങ്ങലിൻറെയും വിലാപത്തിൻറെയും, ഗൃഹാതുരത്വത്തിൻറെയും, അരക്ഷിതാവസ്ഥയുടെയും രൂപങ്ങളിൽ കടന്നുവരുമെന്ന് പാപ്പാ പറഞ്ഞു.
പഴയ ലോകത്തിൻറെ അന്ത്യം കാണുന്നതിനുപകരം, നാം ഇപ്പോഴും അതിൽ നിന്ന്, ദരിദ്രരോടും എളിയള്ളവരോടും പൊതുവെ അവജ്ഞകാട്ടുന്ന സമ്പന്നരിലും ശക്തരിലും നിന്ന് സഹായം തേടുകയാണ് ചെയ്യുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
എന്നാൽ ഇന്നും സഭ ജീവിക്കുന്നത് അവളുടെ ബലഹീനരായ അംഗങ്ങളിലൂടെയാണെന്ന് വ്യക്തമാക്കിയ പാപ്പാ ദരിദ്രരും പീഡിപ്പിക്കപ്പെടുന്നവരുമായ ക്രൈസതവ സമൂഹങ്ങളും സംഘർഷ വേദികളിൽ ആർദ്രതയുടെയും ക്ഷമയുടെയും സാക്ഷികളായവരും തകർന്ന ലോകത്ത് സമാധാനത്തിൻറെ ശില്പികളാകുന്നവരും പാലങ്ങൾ പണിയുന്നവരും, സഭയുടെ സന്തോഷമാണെന്നും അവളുടെ നിലനിൽക്കുന്ന ഫലഭൂയിഷ്ഠതയാണെന്നും പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: