പാപ്പാ: സ്നേഹം ഒരുക്കപ്പെട്ടിരിക്കുന്നിടത്ത് ജീവൻ തഴച്ചുവളരും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലിയൊ പതിനാലാമൻ പാപ്പാ പതിവുപോലെ ഈ ബുധനാഴ്ചയും (06/08/25) പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. പൊതുദർശന വേദി വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരുന്നു. ഇതിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി ആയിരങ്ങൾ ചത്വരത്തിൽ സന്നിഹിതരായിരുന്നു. പ്രാദേശിക സമയം രാവിലെ 9.45-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15-ന്, പാപ്പാ തുറന്ന വെളുത്ത വാഹനത്തിൽ അങ്കണത്തിലെത്തിയപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങളും കരഘോഷങ്ങളും ഉയർന്നു. വാഹനത്തിൽ ജനങ്ങളുടെ ഇടയിലൂടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയ പാപ്പാ അംഗരക്ഷകർ തൻറെ പക്കലേക്ക് ഇടയ്ക്കിടെ എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ തൊട്ട് ആശീർവ്വദിക്കുന്നുണ്ടായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി പ്രസംഗവേദിയിലെത്തിയതിനെ തുടർന്ന് പാപ്പാ ത്രിത്വസ്തുതിയോടെ പൊതുകൂടിക്കാഴ്ചാപരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥ വായനയായിരുന്നു. മർക്കോസിൻറെ സുവിശേഷത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന യേശു പെസഹാ ഒരുക്കാൻ ശിഷ്യരെ അയയ്ക്കുന്ന സംഭവം, അദ്ധ്യായം 14,12-16 വരെയുള്ള വാക്യങ്ങൾ ആയിരുന്നു പാരായണം ചെയ്യപ്പെട്ടത്.
“ പെസഹാബലി അർപ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിൻറെ ഒന്നാം ദിവസം, ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: നിനക്കു ഞങ്ങൾ എവിടെ പെസഹാ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അവൻ രണ്ടു ശിഷ്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങൾ നഗരത്തിലേക്കു ചെല്ലുക. ഒരുകുടം വെള്ളം ചുമന്നുകൊണ്ട് ഒരുവൻ നിങ്ങൾക്കെതിരെ വരും. അവനെ അനുഗമിക്കുക. അവൻ എവിടെ ചെന്നു കയറുന്നുവോ അവിടത്തെ ഗൃഹനാഥനോടു പറയുക: ഗുരു ചോദിക്കുന്നു, ഞാൻ എൻറെ ശിഷ്യന്മാരുമൊത്തു പെസഹാ ഭക്ഷിക്കുന്നതിന് എൻറെ വിരുന്നുശാല എവിടെയാണ്? സജ്ജീകൃതമായ ഒരു വലിയ മാളികമുറി അവർ കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി ഒരുക്കുക. ശിഷ്യന്മാർ പുറപ്പെട്ട് നഗരത്തിലെത്തി, അവൻ പറഞ്ഞിരുന്നതുപോലെ കണ്ടു. അവർ പെസഹാ ഒരുക്കി .”
ഈ സുവിശേഷ വായന അവസാനിച്ചതിനെ തുടർന്ന് ലിയൊ പതിനാലാമൻ പാപ്പാ തൻറ സന്ദേശം നല്കി. പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുന്ധിച്ച് ഫ്രാൻസീസ് പാപ്പാ തുടങ്ങിവച്ച, നമ്മുടെ പ്രത്യാശയായ യേശുവിൻറെ ജീവതത്തെ അധികരിച്ചുള്ള പ്രബോധനപരമ്പര പാപ്പാ തുടർന്നു. യേശുവിൻറെ പീഢാസഹനമരണോത്ഥാന രഹസ്യങ്ങളെക്കുറിച്ചുള്ള പുതിയൊരു വിചിന്തന പംക്തികയ്ക്ക് പാപ്പാ ഈ ബുധനാഴ്ച തുടക്കം കുറിച്ചു. പാപ്പാ തൻറെ പ്രഭാഷണം ആരംഭിച്ചത് ഈ വാക്കുകളിലാണ്:
&ܴdz;մുക്കം&ܴdz;
പ്രിയ സഹോദരീ സഹോദരന്മാരേ,
നമ്മുടെ പ്രത്യാശ രൂപപ്പെടുകയും സാന്ദ്രമാകുകയും ചെയ്യുന്നതാരിലാണോ ആ ക്രിസ്തുവിൻറെ വദനം കണ്ടെത്തുന്നതിനായുള്ള നമ്മുടെ ജൂബിലി യാത്ര നമുക്കു തുടരാം. ഇന്ന് നമ്മൾ യേശുവിൻറെ പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയുടെ രഹസ്യത്തെക്കുറിച്ചുള്ള മനനം ആരംഭിക്കുകയാണ്. ലളിതമെന്നു തോന്നിക്കുന്നതും എന്നാൽ ക്രിസ്തീയജീവിതത്തിൻറെ അനർഘരഹസ്യം കാത്തുസൂക്ഷിക്കുന്നതുമായ ഒരു പദത്തെക്കുറിച്ചുള്ള ധ്യാനത്തോടെ നമുക്ക് ഇതാരംഭിക്കാം. “ഒരുക്കം” ആണ് പ്രസ്തുത വാക്ക്.
യേശുവിൻറെ ജീവാർപ്പണം വിധികല്പിതമല്ല
മർക്കോസിൻറെ സുവിശേഷം ഇപ്രകാരം പറയുന്നു: “പെസഹാക്കുഞ്ഞാടിനെ ബലിയർപ്പിക്കുന്ന "പുളിപ്പില്ലാത്ത അപ്പത്തിൻറെ ഒന്നാം ദിവസം, ശിഷ്യന്മാർ യേശുവിനോട് ചോദിച്ചു: 'നിനക്ക് ഞങ്ങൾ എവിടെ പെസഹാ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?' (മർക്കോസ് 14,12). ഇത് പ്രായോഗികമായ ഒരു ചോദ്യമാണ്, എന്നാലത് പ്രത്യാശാനിർഭരമാണ്. സുപ്രധാനമായ എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് ശിഷ്യന്മാർക്ക് തോന്നുന്നു, പക്ഷേ അവർക്ക് അതിൻറെ വിശദാംശങ്ങൾ അറിയില്ല. യേശുവിൻറെ ഉത്തരമാകട്ടെ ഏതാണ്ട് ഒരു സമസ്യയായി തോന്നുന്നു: അതായത്, " നിങ്ങൾ നഗരത്തിലേക്കു ചെല്ലുക. ഒരുകുടം വെള്ളം ചുമന്നുകൊണ്ട് ഒരുവൻ നിങ്ങൾക്കെതിരെ വരും. അവനെ അനുഗമിക്കുക" (മർക്കോസ് 14,13). വിശദാംശങ്ങൾ പ്രതീകങ്ങളായി ഭവിക്കുന്നു: കുടം പേറുന്ന ഒരു മനുഷ്യൻ - അക്കാലത്ത് അത് ചെയ്തിരുന്നത് സ്ത്രീകളാണ് – ഇതിനകംതന്നെ മുകളിലത്തെ നിലയിൽ തയ്യാറാക്കപ്പെട്ട ഒരു മുറി, അജ്ഞാതനായ വീട്ടുടമസ്ഥൻ. എല്ലാകാര്യങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെയാണ്. വാസ്തവത്തിൽ, അങ്ങനെതന്നെയാണ്. സ്നേഹം യാദൃശ്ചികതയുടെ അല്ല, മറിച്ച്, ബോധപൂർവമായ ഒരു തിരഞ്ഞെടുപ്പിൻറെ ഫലമാണെന്ന് സുവിശേഷം ഈ സംഭവത്തിൽ നമുക്ക് വെളിപ്പെടുത്തുന്നു. ഇത് ലളിതമായ ഒരു പ്രതികരണമല്ല, പ്രത്യുത, ഒരുക്കം ആവശ്യമുള്ള ഒരു തീരുമാനമാണ്. വിധികല്പിതമായതിനാനല്ല യേശു തൻറെ സഹനത്തെ നേരിടുന്നത്, മറിച്ച് താൻ സ്വാതന്ത്രമായും കരുതലോടും കൂടി സ്വീകരിക്കുകയും പിൻചെല്ലുകയും ചെയ്ത ഒരു പാതയോടുള്ള വിശ്വസ്തതയാലാണ്. ഇതാണ് നമുക്കാശ്വാസമരുളുന്നത്: അവിടത്തെ ജീവൻറെ ദാനം പെട്ടെന്നുള്ള ഒരു പ്രേരണയാലുള്ളതല്ല, മറിച്ച് അഗാധമായ ഒരു നിയോഗത്തിൽ നിന്ന് ജന്മംകൊള്ളുന്നതാണ് എന്ന അറിവ്.
ദൈവം നമുക്കു മുന്നേ
"ഇതിനകം തയ്യാറാക്കപ്പെട്ടിക്കുന്ന മുകളിലത്തെ മുറി" നമ്മോടോതുന്നത്, ദൈവം എപ്പോഴും നമ്മെക്കാൾ മുന്നിലാണെന്നാണ്. സ്വീകരണത്തിൻറെ ആവശ്യകത നാം മനസ്സിലാക്കുന്നതിനു മുമ്പുതന്നെ, നാം സ്വയം തിരിച്ചറിയുന്നതിനും അവിടത്തെ മിത്രങ്ങളാണെന്ന അവബോധം നമുക്കുണ്ടാകുന്നതിനും പര്യാപ്തമായ ഒരു ഇടം കർത്താവ് നമുക്കായി ഒരുക്കിക്കഴിഞ്ഞു. ആത്യന്തികമായി, ഈ ഇടം നമ്മുടെ ഹൃദയമാണ്: ശൂന്യമായി തോന്നാവുന്ന, എന്നാൽ തിരിച്ചറിയപ്പെടാനും നിറയ്ക്കാനും സംരക്ഷിക്കപ്പെടാനും മാത്രം കാത്തിരിക്കുന്ന ഒരു "മുറി". ശിഷ്യന്മാർ ഒരുക്കേണ്ട പെസഹാ, യഥാർത്ഥത്തിൽ, യേശുവിൻറെ ഹൃത്തിൽ ഇതിനകം ഒരുക്കപ്പെട്ടുകഴിഞ്ഞു. എല്ലാം ചിന്തിച്ചതും, എല്ലാം ക്രമീകരിച്ചതും, എല്ലാം തീരുമാനിച്ചതും അവനാണ്. എന്നിരുന്നാലും, തൻറെ സ്നേഹിതരോട് അവൻ അവരുടെ പങ്ക് നിർവ്വഹിക്കാൻ ആവശ്യപ്പെടുന്നു. ഇത് നമ്മുടെ ആത്മീയ ജീവിതത്തിന് സത്താപരമായ ഒരു കാര്യം നമ്മെ പഠിപ്പിക്കുന്നു: അതായത്, കൃപ നമ്മുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നില്ല, മറിച്ച് അതിനെ വീണ്ടും ഉണർത്തുന്നു. ദൈവത്തിൻറെ ദാനം നമ്മുടെ ഉത്തരവാദിത്വത്തെ റദ്ദാക്കുന്നില്ല, മറിച്ച് അതിനെ ഫലദായകമാക്കുന്നു.
ദാനമാകുന്ന യഥാർത്ഥ സ്നേഹം
അന്നത്തെപ്പോലെ, ഇന്നും ഒരു അത്താഴം ഒരുക്കേണ്ടതുണ്ട്. അത് ആരാധനക്രമത്തെ സംബന്ധിച്ചു മാത്രമല്ല, മറിച്ച്, നമ്മെ ഉല്ലംഘിക്കുന്ന ഒരു കർമ്മത്തിലേക്കു കടക്കാനുള്ള നമ്മുടെ സന്നദ്ധതയെക്കുറിച്ചുമാണ്. ബലിപീഠത്തിൽ മാത്രമല്ല, സകലവും കാഴ്ചവയ്പും കൃതജ്ഞാതാർപ്പണവുമാക്കാൻ കഴിയുന്ന ദൈനംദിന ജീവിതത്തിലും വിശുദ്ധകുർബ്ബാന ആഘോഷിക്കപ്പെടുന്നു. ഈ നന്ദിപ്രകടനം ആഘോഷിക്കാൻ ഒരുങ്ങുക എന്നതിനർത്ഥം കൂടുതൽ ചെയ്യുക എന്നല്ല, മറിച്ച് ഇടം നൽകുക എന്നാണ്. അതിനർത്ഥം അമിതമായി നില്ക്കുന്നവ നീക്കം ചെയ്യുക, പ്രതീക്ഷകൾ കുറയ്ക്കുക, അയഥാർത്ഥ പ്രതീക്ഷകൾ വളർത്താതിരിക്കുക എന്നാണ്. വാസ്തവത്തിൽ, പലപ്പോഴും, നമ്മൾ ഒരുക്കങ്ങളെ മിഥ്യാധാരണകളുമായി കൂട്ടിക്കുഴയ്ക്കുന്നു. മിഥ്യാധാരണകൾ നമ്മെ വ്യതിചലിപ്പിക്കുന്നു, തയ്യാറെടുപ്പുകൾ ആകട്ടെ നമുക്ക് ദിശാബോധം നല്കുന്നു. മിഥ്യാധാരണകൾ ഫലം തേടുന്നു, എന്നാൽ ഒരുക്കങ്ങളാകട്ടെ ഒരു കൂടിക്കാഴ്ച സാധ്യമാക്കുന്നു. യഥാർത്ഥ സ്നേഹം, അതു തിരിച്ചു ലഭിക്കുന്നതിനു മുന്നേ നല്കപ്പെടുന്നു എന്ന് സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നു. അത് മുൻകൂട്ടി നല്കപ്പെടുന്ന ഒരു ദാനമാണ്. ലഭ്യമാകുന്നവയെയല്ല മറിച്ച് നൽകാൻ ആഗ്രഹിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് അത്. ഇതാണ് യേശു തൻറെ പ്രിയപ്പെട്ടവരുമൊത്ത് ജീവിച്ചത്: അവർ മനസ്സിലാക്കാതിരിക്കെത്തന്നെ, ഒരാൾ തന്നെ ഒറ്റിക്കൊടുക്കാനും മറ്റൊരാൾ തന്നെ നിഷേധിക്കാനും ഒരുങ്ങുമ്പോൾ തന്നെ, അവൻ എല്ലാവർക്കും വേണ്ടി കൂട്ടായ്മയുടെ ഒരു അത്താഴം ഒരുക്കുകയായിരുന്നു.
നമ്മളും പെസഹാ ഒരുക്കാൻ വിളിക്കപ്പെട്ടവർ
പ്രിയ സഹോദരീ സഹോദരന്മാരേ, "കർത്താവിൻറെ പെസഹാ ഒരുക്കാൻ" നമ്മളും ക്ഷണിക്കപ്പെട്ടിരിക്കുന്നു. ആരാധനാക്രമപരം മാത്രമല്ല, നമ്മുടെ ജീവിത പെസഹായും. സന്നദ്ധതയുടെതായ ഓരോ ചെയ്തിയും, ഓരോ സൗജന്യ പ്രവൃത്തിയും, മുൻകൂട്ടി നല്കപ്പെടുന്ന ഓരോ മാപ്പും, ക്ഷമയോടെ സ്വീകരിക്കപ്പെടുന്ന ഓരോ ക്ലേശവും ദൈവത്തിന് വസിക്കാൻ കഴിയുന്ന ഒരു സ്ഥലം ഒരുക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ്. ആകയാൽ നമുക്ക് സ്വയം ചോദിക്കാം: കർത്താവിനെ സ്വാഗതം ചെയ്യാൻ സജ്ജമായിരിക്കേണ്ടതിന് എതെല്ലാം ഇടങ്ങളാണ് എൻറെ ജീവിതത്തിൽ പുനഃക്രമീകരിക്കേണ്ടത്? "ഒരുങ്ങുക" എന്നാൽ ഇന്ന് എനിക്ക് എന്താണ് അർത്ഥം? ഒരുപക്ഷേ ഒരു ആവശ്യം വെടിയൽ ആകാം, അപരനിൽ മാറ്റം ഉണ്ടാകുന്നതുവരെ കാത്തിരിക്കുന്നതിന് വിരാമമിടലാകാം, ആദ്യചുവടുവയ്ക്കലാകാം. ഒരു പക്ഷേ കൂടുതൽ ശ്രവിക്കലും കുറച്ചു പ്രവർത്തനവുമാകാം, അല്ലെങ്കിൽ ഇതിനകം തയ്യാറാക്കപ്പെട്ടിട്ടുള്ളതിൽ വിശ്വസമർപ്പിക്കാൻ പഠിക്കലാകാം.
കൂട്ടായ്മയുടെ ഇടം ഒരുക്കുക
ദൈവവുമായും നമ്മൾ പരസ്പരവുമുള്ള കൂട്ടായ്മയ്ക്കുള്ള ഇടം ഒരുക്കാനുള്ള ക്ഷണം നാം സ്വീകരിക്കുകയാണെങ്കിൽ, നമ്മെ നിലനിർത്തുകയും എപ്പോഴും നമുക്കു മുന്നേ ഗമിക്കുകയും ചെയ്യുന്ന അനന്തമായ സ്നേഹത്തിൻറെ രഹസ്യം അനവരതം ആഘോഷിക്കപ്പെടുന്ന, വിശാലവും സജ്ജമാക്കപ്പെട്ടതുമായ ആ മുറിയിലേക്ക് നമ്മെ നയിക്കുന്ന അടയാളങ്ങളാലും, കൂടിക്കാഴ്ചകളാലും, വാക്കുകളാലും നാം വലയിതരായിരിക്കുന്നുവെന്ന് നമുക്ക് കണ്ടെത്താനാകും. കർത്താവിൻറെ സാന്നിധ്യത്തിൻറെ എളിയവരായ ഒരുക്കക്കാരാകാൻ കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ. തുറന്ന ഹൃദയത്തോടെ എല്ലാം നേരിടാൻ നമ്മെ അനുവദിക്കുന്ന ആ ശാന്തമായ വിശ്വാസം, ഈ ദൈനംദിന സന്നദ്ധതയിൽ, നമ്മിൽ വളരട്ടെ. കാരണം, സ്നേഹം ഒരുക്കപ്പെട്ടിരിക്കുന്നിടത്ത്, ജീവിതത്തിന് യഥാർത്ഥത്തിൽ തഴച്ചുവളരാൻ കഴിയും.
ഈ വാക്കുകളെ തുർന്ന് പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണത്തിൻറെ സംഗ്രഹം വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെടുകയും പാപ്പാ ഓരോ ഭാഷാവിഭാഗത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.
അശീതി - നാഗസാക്കി-ഹരോഷിമാ അണുബോംബാക്രമണം
1945 ആഗസ്റ്റ് 6-ന് അമേരിക്കൻ ഐക്യനാടുകൾ ജപ്പാനിലെ ഹിരോഷിമ നഗരത്തെ അണുബോംബിട്ടു തകർത്തിട്ട് 80 വർഷം പിന്നിടുന്നതിൻറെ ഓർമ്മ ദിനം ആണെന്നത് പാപ്പാ അനുസ്മരിച്ചു. ആ അണുബോംബാംക്രമണത്തിൻറെ മൂന്നാം നാൾ അതായത് അക്കൊല്ലം ആഗസ്റ്റ് 9-ന് നാഗസാക്കി നഗരത്തിലും അണുബോംബാക്രമണം ഉണ്ടായതിനെക്കുറിച്ചും പാപ്പാ പറഞ്ഞു. ഈ അണുബോംബാക്രമണങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ അനുഭവിച്ച എല്ലാവർക്കും പാപ്പാ തൻറെ പ്രാർത്ഥനകൾ ഉറപ്പേകി. വർഷങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും, യുദ്ധങ്ങൾ, പ്രത്യേകിച്ച് ആണവായുധങ്ങൾ മൂലമുണ്ടാകുന്ന നാശത്തിനെതിരായ ഒരു സാർവ്വത്രിക മുന്നറിയിപ്പാണ് ആ ദാരുണ സംഭവങ്ങൾ എന്ന് പാപ്പാ പ്രസ്താവിച്ചു. ശക്തമായ പിരിമുറുക്കങ്ങളാലും രക്തരൂക്ഷിത സംഘർഷങ്ങളാലും മുദ്രിതമായ ഇന്നത്തെ ലോകത്തിൽ, പരസ്പരം നാശം വിതയ്ക്കുമെന്ന ഭീഷണിയിൽ അധിഷ്ഠിതമായ മിഥ്യാധാരണയായ സുരക്ഷ നീതിയുടെയും സംഭാഷണത്തിൻറെയും സാഹോദര്യത്തിലുള്ള വിശ്വാസത്തിൻറെയും ഉപകരണങ്ങൾക്ക് വഴിമാറുമെന്ന തൻറെ പ്രത്യാശ പാപ്പാ പ്രകടിപ്പിച്ചു.
സമാപാനഭിവാദ്യവും ആശീർവ്വാദവും
പൊതുദർശനപരിപാടിയുടെ അവസാന ഭാഗത്ത് പാപ്പാ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. ക്രിസ്തുവിൻറെ രൂപാന്തരീകരണത്തിരുന്നാൾ ഈ ബുധനാഴ്ച ആചരിക്കപ്പെട്ടത് അനുസ്മരിച്ച പാപ്പാ കർത്താവിൻറെ തേജോമയമായ വദനം അവർക്ക് പ്രത്യാശയുടെയും സാന്ത്വനത്തിൻറെയും കാരണമാകട്ടെയെന്ന് ആശംസിച്ചു. തദ്ദനന്തരം കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനെ തുടർന്ന് പാപ്പാ തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: