പാപ്പാ:ദൈവസ്നേഹത്താൽ സ്പർശിതരാകാൻ അനുവദിക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലിയൊ പതിനാലാമൻ പാപ്പാ പതിവുപോലെ ഈ ബുധനാഴ്ചയും (13/08/25) പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. പൊതുദർശന വേദി വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാസയായിരുന്നു. റോമിൽ അത്യുഷ്ണം അനുഭവപ്പെടുന്നതിനാലാണ് വേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ നിന്ന് ഈ ശാലയിലേക്കു മാറ്റിയത്. ശാലയിലെ സ്ഥലപരിമിതി കണക്കിലെടുത്ത് വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലും പൊതുകൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയിരുന്നതിനാൽ അവിടെ സന്നിഹിതാരായിരുന്നവരുമായും പാപ്പാ കൂടിക്കാഴ്ച നടത്തി. ആദ്യം പാപ്പാ എത്തിയത് പോൾ ആറാമൻ ശാലയിലായിരുന്നു. അതിനുശേഷമാണ് പാപ്പാ ബസിലിക്കിയിൽ സന്നിഹിതരായിരുന്നവരെ അഭിവാദ്യം ചെയ്തത്. വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി ആയിരങ്ങൾ പോൾ ആറാമൻ ശാലയിലും ബസിലിക്കയിലുമായി പാപ്പായുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശിക സമയം രാവിലെ പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ഓടെ, പാപ്പാ പോൾ ആറാമൻ ശാലയിലെത്തിലെത്തിയപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങളും കരഘോഷങ്ങളും ഉയർന്നു. ജനങ്ങളെ അഭിവാദ്യം ചെയ്ത പാപ്പാ തുടർന്ന് ത്രിത്വസ്തുതിയോടെ പൊതുകൂടിക്കാഴ്ചാപരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥ വായനയായിരുന്നു. മർക്കോസിൻറെ സുവിശേഷത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന യേശു പെസഹാ ഒരുക്കാൻ ശിഷ്യരെ അയയ്ക്കുന്ന സംഭവം, അദ്ധ്യായം 14,17-21 വരെയുള്ള വാക്യങ്ങൾ ആയിരുന്നു പാരായണം ചെയ്യപ്പെട്ടത്.
“സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടുപേരുമൊരുമിച്ചു വന്നു. അവർ ഭക്ഷണത്തിനിക്കുമ്പോൾ യേശു പറഞ്ഞു: ഞാൻ സത്യമായി നിങ്ങളോടു പറയുന്നു: എന്നോടൊപ്പം ഭക്ഷണം കഴിക്കുന്ന നിങ്ങളിലൊരുവൻ എന്നെ ഒറ്റിക്കൊടുക്കും. അവർ ദുഃഖിതരായി. അതു ഞാനല്ലല്ലോ എന്ന് ഓരോരുത്തരും അവനോടു ചോദിക്കാൻ തുടങ്ങി. അവൻ പറഞ്ഞു: പന്ത്രണ്ടുപേരിൽ എന്നോടൊപ്പം പാത്രത്തിൽ കൈമുക്കുന്നുവൻ തന്നെ. മനുഷ്യപുത്രൻ തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതു പോലെ പോകുന്നു. എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന് ദുരിതം. ജനിക്കാതിരുന്നെങ്കിൽ അവനു നന്നായിരുന്നു.”
ഈ സുവിശേഷ വായന അവസാനിച്ചതിനെ തുടർന്ന് ലിയൊ പതിനാലാമൻ പാപ്പാ തൻറ സന്ദേശം നല്കി. പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുന്ധിച്ച് ഫ്രാൻസീസ് പാപ്പാ തുടങ്ങിവച്ച, നമ്മുടെ പ്രത്യാശയായ യേശുവിൻറെ ജീവതത്തെ അധികരിച്ചുള്ള പ്രബോധനപരമ്പര പാപ്പാ തുടർന്നു. യേശുവിൻറെ പീഢാസഹനമരണോത്ഥാന രഹസ്യങ്ങളെക്കുറിച്ചുള്ള പുതിയൊരു വിചിന്തന പംക്തികയ്ക്ക് കഴിഞ്ഞ വാരത്തിൽ തുടക്കം കുറിച്ചിരിക്കുന്ന പാപ്പാ ഈ ബുധനാഴ്ച പരിചിന്തനവിഷയമാക്കിയത് യേശുവിനെ ഒറ്റിക്കൊടുക്കുന്നത് ഞാനല്ലല്ലോ എന്ന് ശിഷ്യന്മാർ അവിടത്തോടുന്നയിച്ച ചോദ്യമാണ്. പാപ്പാ തൻറെ പ്രഭാഷണം ആരംഭിച്ചത് ഈ വാക്കുകളിലാണ്:
մ്റുകാരാകുന്നവർ
പ്രിയ സഹോദരീ സഹോദരന്മാരേ,
യേശുവിൻറ ജീവിതത്തിൻറെ അവസാന നാളുകളിലെ അവിടത്തെ കാലടികൾ പിൻചെന്നുകൊണ്ട് നമുക്ക് സുവിശേഷത്തിൻറെ പാഠശാലയിലൂടെയുള്ള നമ്മുടെ യാത്ര തുടരാം. ഇന്ന് നമുക്ക് സുപരിചിതവും നാടകീയവും എന്നാൽ അഗാധ സത്യവുമായ ഒരു രംഗത്തേക്കു കടക്കാം: പന്ത്രണ്ടുപേരിൽ ഒരാൾ തന്നെ ഒറ്റിക്കൊടുക്കാൻ പോകുകയാണെന്ന്, പെസഹാ അത്താഴത്തിനിടയിൽ, യേശു വെളിപ്പെടുത്തുന്ന നിമിഷം: "സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നോടൊപ്പം ഭക്ഷണം കഴിക്കുന്ന നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും" (മർക്കോസ് 14:18).
ശക്തമായ വാക്കുകൾ. യേശു അവരെ കുറ്റപ്പെടുത്താനല്ല, മറിച്ച് സ്നേഹം സത്യമാണെങ്കിൽ, അതിന് സത്യംകൂടാതെ നിലനില്ക്കാനാകില്ലെന്നു കാണിക്കാനാണ് ഇതു പറയുന്നത്. അല്പം മുമ്പ് എല്ലാം ശ്രദ്ധാപൂർവ്വം തയ്യാറാക്കപ്പെട്ട മുകളിലത്തെ മുറി, ചോദ്യങ്ങൾ, സംശയങ്ങൾ, ഭംഗുരത എന്നിവയാളുള്ള ഒരു നിശബ്ദ വേദനയാൽ പെട്ടെന്ന് നിറഞ്ഞു. ഏറ്റവും പ്രിയപ്പെട്ട ബന്ധങ്ങളിലേക്ക് വഞ്ചനയുടെ നിഴൽ പടരുമ്പോൾ നമുക്കും നന്നായി അനുഭവവേദ്യമാകുന്ന ഒരു വേദനയാണ് അത്.
യേശുവിൻറെ പ്രതികരണം
എന്നിട്ടും, സംഭവിക്കാൻ പോകുന്നതിനെക്കുറിച്ച് യേശു സംസാരിക്കുന്ന രീതി അതിശയകരമാണ്. അവൻ സ്വരം ഉയർത്തുന്നില്ല, വിരൽ ചൂണ്ടുന്നില്ല, യൂദാസിൻറെ പേര് പരാമർശിക്കുന്നില്ല. എല്ലാവർക്കും അവനവനോടുതന്നെ ചോദിക്കാൻ കഴിയുന്ന വിധത്തിലാണ് അവൻ സംസാരിക്കുന്നത്. അതു തന്നെയാണ് സംഭവിക്കുന്നത്:" അവർ ദുഃഖിതരായി. അതു ഞാനോ എന്ന് ഓരോരുത്തരും അവനോടു ചോദിക്കാൻ തുടങ്ങി. " (മർക്കോസ് 14:19).
പ്രിയ സുഹൃത്തുക്കളേ, "ഞാനോ?" എന്ന ചോദ്യം, ഒരു പക്ഷേ, നമുക്ക് സ്വയം ചോദിക്കാൻ കഴിയുന്ന ഏറ്റവും ആത്മാർത്ഥമായ ചോദ്യങ്ങളിൽ ഒന്നായിരിക്കും. അത് നിരപരാധിയുടെ ചോദ്യമല്ല, മറിച്ച് സ്വന്തം ബലഹീനത കണ്ടെത്തുന്ന ശിഷ്യൻറെ ചോദ്യമാണ്. കുറ്റവാളിയുടെ നിലവിളിയല്ല, മറിച്ച് സ്നേഹിക്കാൻ ആഗ്രഹിക്കുമ്പോൾത്തന്നെ, തനിക്ക് വേദനിപ്പിക്കാൻ കഴിയുമെന്ന് അറിയുന്ന ഒരാളുടെ മന്ത്രണമാണ്. ഈ അവബോധത്തിലാണ് പരിത്രാണ യാത്ര ആരംഭംകുറിക്കുന്നത്.
അവഹേളിക്കാനല്ല യേശു അപലപിക്കുന്നത്. രക്ഷിക്കാൻ ആഗ്രഹിക്കുന്നതിനാൽ അവൻ സത്യം പറയുന്നു. രക്ഷിക്കപ്പെടണമെങ്കിൽ, അത് നമുക്ക് തോന്നണം: നമ്മൾ ഉൾപ്പെട്ടിരിക്കുന്നുവെന്ന് തോന്നണം, എല്ലാം സംഭവിച്ചിട്ടും നാം സ്നേഹിക്കപ്പെടുന്നുവെന്ന തോന്നലുണ്ടാകണം, തിന്മ യഥാർത്ഥമാണെന്നും എന്നാൽ അവസാന വാക്ക് അതിനല്ല എന്ന് പ്രതീതമാകണം. അഗാധമായ സ്നേഹത്തിൻറെ സത്യം അറിഞ്ഞ ഒരുവന് മാത്രമേ വിശ്വാസവഞ്ചനയുടെ മുറിവ് പോലും സ്വീകരിക്കാൻ കഴിയൂ.
ശിഷ്യന്മാരുടെ പ്രതികരണം കോപമല്ല, സങ്കടമാണ്. അവർ കോപിക്കുന്നില്ല, അവർ ദുഃഖിതരാകുന്നു. ഉൾപ്പെടാനുള്ള യഥാർത്ഥ സാദ്ധ്യതയിൽ നിന്നുരുവായ ഒരു വേദനയാണിത്. ഈ ദുഃഖം ആത്മാർത്ഥമായി സ്വീകരിച്ചാൽ, അത് മാനസാന്തര വേദിയായി പരിണമിക്കും. സുവിശേഷം നമ്മെ പഠിപ്പിക്കുന്നത് തിന്മയെ നിഷേധിക്കാനല്ല, മറിച്ച് അതിനെ പുനർജനിക്കാനുള്ള വേദനാജനകമായ അവസരമായി അംഗീകരിക്കാനാണ്.
"അവൻ ജനിക്കാതിരുന്നെങ്കിൽ"
നമ്മെ അസ്വസ്ഥരാക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു വാചകം യേശു പിന്നീട് കൂട്ടിച്ചേർക്കുന്നു: "എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന് ദുരിതം. ജനിക്കാതിരുന്നെങ്കിൽ അവനു നന്നായിരുന്നു.”!" (മർക്കോസ് 14:21). തീർച്ചയായും ഇവ കഠിനമായ വാക്കുകളാണ്, പക്ഷേ അവ ശരിയായി മനസ്സിലാക്കണം: ഇത് ഒരു ശാപമല്ല, മറിച്ച് വേദനയുടെ നിലവിളിയാണ്. ഗ്രീക്കുഭാഷയിൽ, ആ "കഷ്ടം" ഒരു വിലാപം, ഒരു "അയ്യോ" ആണ്, ആത്മാർത്ഥവും അഗാധവുമായ അനുകമ്പയുടെ ഒരു ഘോഷം പോലെയാണ്.
നമ്മൾ വിധിക്കാൻ ശീലിച്ചവരാണ്. എന്നാൽ, ദൈവമാകട്ടെ, സഹനം സ്വീകരിക്കുന്നു. തിന്മ കാണുമ്പോൾ അവൻ പ്രതികാരം ചെയ്യുന്നില്ല, മറിച്ച് വേദനിക്കുന്നു. "അവൻ ഒരിക്കലും ജനിക്കാതിരുന്നെങ്കിൽ നന്നായിരുന്നു" എന്നത് സൈദ്ധാന്തിക ശിക്ഷാവിധിയല്ല, മറിച്ച്, നമുക്ക് ഓരോരുത്തർക്കും തിരിച്ചറിയാൻ കഴിയുന്ന ഒരു സത്യമാണ്: നമ്മെ സൃഷ്ടിച്ച സ്നേഹത്തെ നാം നിഷേധിക്കുകയാണെങ്കിൽ, ഒറ്റിക്കൊടുക്കുന്നതിലൂടെ നാം നമ്മോട് തന്നെ അവിശ്വസ്തരായിത്തീരുകയാണെങ്കിൽ, ലോകത്തിൽ ജനിച്ചതിൻറെ പൊരുൾ നമുക്ക് യഥാർത്ഥത്തിൽ നഷ്ടപ്പെടുകയും രക്ഷയിൽ നിന്ന് നാം സ്വയം ഒഴിവാക്കുകയും ചെയ്യുന്നു.
എന്നിട്ടും, അവിടെ, ഏറ്റവും ഇരുണ്ട സ്ഥലത്ത്, വെളിച്ചം അണയുന്നില്ല. നേരെമറിച്ച്, അത് പ്രകാശിക്കാൻ തുടങ്ങുന്നു. കാരണം, നമ്മുടെ പരിമിതികൾ നാം തിരിച്ചറിഞ്ഞാൽ, ക്രിസ്തുവിൻറെ വേദനയാൽ സ്പർശിക്കപ്പെടാൻ നാം അനുവദിച്ചാൽ, ഒടുവിൽ നമുക്ക് വീണ്ടും ജനിക്കാൻ കഴിയും. വിശ്വാസം പാപ സാദ്ധ്യതയിൽ നിന്ന് നമ്മെ ഒഴിവാക്കുന്നില്ല, എന്നാൽ അതിൽനിന്ന് പുറത്തുകടക്കാനുള്ള ഒരു വഴി എല്ലായ്പ്പോഴും നമുക്ക് പ്രദാനം ചെയ്യുന്നു: അത് കരുണയുടെ പാതയാണ്.
നമ്മുടെ ബലഹീനതയിൽ യേശു അസ്വസ്ഥനാകുന്നില്ല. ഒരു സൗഹൃദവും വഞ്ചനയുടെ അപകടത്തിൽ നിന്ന് മുക്തമല്ലെന്ന് അവനറിയാം. പക്ഷേ അവൻ വിശ്വാസത്തിൽ നിലനില്ക്കുന്നു. അവൻ തൻറെ പ്രിയപ്പെട്ടവരുമൊത്ത് ഭക്ഷണമേശയ്ക്കരികിൽ ഇരിക്കുന്നു. തന്നെ ഒറ്റിക്കൊടുക്കുന്നവനു വേണ്ടിപ്പോലും അപ്പം മുറിക്കാൻ അവൻ മടിക്കുന്നില്ല. ഇതാണ് ദൈവത്തിൻറെ നിശബ്ദ ശക്തി: താൻ ഒറ്റപ്പെടുത്തപ്പെടുമെന്ന് അറിയുമ്പോൾ പോലും അവൻ ഒരിക്കലും സ്നേഹത്തിൻറെ മേശ ഉപേക്ഷിക്കുന്നില്ല.
സ്വയം ചോദിക്കുക: "അത് ഞാനാണോ?"
പ്രിയ സഹോദരീ സഹോദരന്മാരേ, ഇന്ന് നമുക്കും ആത്മാർത്ഥമായി സ്വയം ചോദിക്കാം: "അത് ഞാനാണോ?" കുറ്റപ്പെടുത്തപ്പെടാനല്ല, മറിച്ച് നമ്മുടെ ഹൃദയങ്ങളിൽ സത്യത്തിനായി ഒരു ഇടം തുറക്കാനാണ്. രക്ഷ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്: ദൈവത്തിലുള്ള വിശ്വാസം തകർക്കാൻ നമുക്ക് കഴിയുമെന്ന അവബോധത്തിൽ നിന്നാണ്, പക്ഷേ അത് ശേഖരിക്കാനും സംരക്ഷിക്കാനും പുതുക്കാനും നമുക്ക് കഴിയും.
ആത്യന്തികമായി, ഇതാണ് പ്രത്യാശ: നമ്മൾ പരാജയപ്പെട്ടാലും, ദൈവം ഒരിക്കലും പരാജയപ്പെടില്ല എന്ന് അറിയുന്നത്. നമ്മൾ ഒറ്റിക്കൊടുത്താലും, അവൻ ഒരിക്കലും നമ്മെ സ്നേഹിക്കുന്നതിന് വിരാമമിടുന്നില്ല. എളിയതും മുറിവേറ്റതും എന്നാൽ എല്ലായ്പ്പോഴും വിശ്വസ്തവുമായ ഈ സ്നേഹത്താൽ സ്പർശിതരാകാൻ നാം നമ്മെത്തന്നെ അനുവദിച്ചാൽ നമുക്ക് യഥാർത്ഥത്തിൽ പുനർജനിക്കാൻ കഴിയും. അപ്പോൾ നമ്മൾ, ഒറ്റുകാരായിട്ടല്ല, എപ്പോഴും സ്നേഹിക്കപ്പെടുന്ന മക്കളായി ജീവിക്കാൻ തുടങ്ങും.
ഈ വാക്കുകളെ തുർന്ന് പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണത്തിൻറെ സംഗ്രഹം വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെടുകയും പാപ്പാ ഓരോ ഭാഷാവിഭാഗത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.
സമാപനാഭിവാദ്യങ്ങൾ
വിശ്വാസത്തിൻറെയും ജീവൻറെയും സമഗ്രതയിയും വിശുദ്ധിയിലും വളരാൻ പാപ്പാ എല്ലാവർക്കും പ്രചോദനം പകർന്നു. പൊതുദർശനപരിപാടിയുടെ അവസാന ഭാഗത്ത് പാപ്പാ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. ആഗസ്റ്റ് 15-ന് സ്വർഗ്ഗാരോപിതനാഥയായ പരിശുദ്ധ കന്യകാമറിയത്തിൻറെ തിരുന്നാൾ തിരുസഭ ആചരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ, ദൈവവുമായുള്ള ഉറ്റബന്ധത്തിലാകാനും സകലമനുഷ്യരോടും ഔത്സുക്യം പുലർത്താനുമുള്ള വിളി പൂർണ്ണമായി സ്വീകരിക്കുന്നതിന് കന്യകാമറിയത്തിൻറെ മാതൃകപിൻചെന്നുകൊണ്ട് അവളോടുള്ള പ്രാർത്ഥന അവിരാമം തുടരാൻ പ്രചോദനം പകർന്നു. തദ്ദനന്തരം കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനെ തുടർന്ന് പാപ്പാ തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: