യെമെൻ തീരത്ത് ബോട്ടപകടം, പാപ്പാ അനുശോചിച്ചു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യെമെൻ തീരത്തു എഴുപതിലേറെപ്പേരുടെ ജീവനപഹരിച്ച ബോട്ടപകട ദുരന്തത്തിൽ പാപ്പാ ദുഃഖം രേഖപ്പെടുത്തി.
പാപ്പായുടെ ദുഃഖം അധികാരികളെ അറിയിക്കാൻ യെമെനിലെ അപ്പൊസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ്പ് ത്സക്കിയ എൽ കസ്സീസിനോട് ആവശപ്പെട്ടുകൊണ്ട് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിനാണ് ലിയൊ പതിനാലാമൻ പാപ്പായുടെ നാമത്തിൽ ഒപ്പിട്ട് അനുശോചന സന്ദേശം അയച്ചത്.
യെമൻ തീരത്തുണ്ടായ ബോട്ടപകർത്തിൽ ജീവാപായം സംഭവിച്ചതിൽ അഗാധമായി ദുഃഖിക്കുന്ന പാപ്പാ മരണമടഞ്ഞവരെ സർവ്വശക്തനായ ദൈവത്തിൻറെ സ്നേഹകാരുണ്യത്തിന് സമർപ്പിക്കുകയും ഈ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കും രക്ഷാപ്രവർത്തകർക്കും ഈ ദുരന്തത്തിൻറെ തിക്തഫലങ്ങൾ അനുഭവിക്കുന്നവർക്കും വേണ്ടി ശക്തിയും, ആശ്വാസവും, പ്രത്യാശയും ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
157 പേരാണ് കടലിൽ തകർന്ന ഈ ബോട്ടിൽ ഉണ്ടായിരുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ കുടിയേറ്റകാര്യവിഭാഗം -ഐ ഓ എം- അറിയിച്ചു. കൂടുതലും എത്യോപ്യക്കാരായിരുന്നു ഈ ബോട്ടിലുണ്ടായിരുന്ന അനധികൃത കൂടിയേറ്റക്കാർ. യെമെനിലെ അഭ്യാൻ പ്രവിശ്യക്കു സമീപം ഏദൻ ഉൾക്കടലിലാണ് നാലാം തീയതി തിങ്കളാഴ്ച ബോട്ടപകടം ഉണ്ടായത്. മരണസംഖ്യ കൃത്യമായി അറിവില്ല.
ഇക്കഴിഞ്ഞ മാർച്ചിൽ യെമൻതീരത്ത് രണ്ടു ബോട്ടുകൾ മുങ്ങുകയും നൂറ്റിയെൺപതോളം കുടിയേറ്റക്കാർ മരിക്കുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ കുടിയേറ്റകാര്യവിഭാഗത്തിൻറെ കണക്കനുസരിച്ച് ചെങ്കടലിലൂടെയുള്ള കപ്പൽചാലിൽ 2024-ൽ ഉണ്ടായ ബോട്ടപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ സംഖ്യ 462 ആണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: