പാപ്പാ:പരിശുദ്ധ മറിയം തീർത്ഥാടകരായ മക്കൾക്ക് പ്രത്യാശയുടെ പ്രതീകം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ചരിത്രത്തിലൂടെ തീർത്ഥാടനം ചെയ്യുന്ന തൻറെ തനയർക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യാശയുടെ മൂർത്തരൂപമാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
പരിശുദ്ധ കന്യകാനാഥയുടെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനത്തിൽ, ആഗസ്റ്റ് 15-ന്, വെള്ളിയാഴ്‌ച, റോമിനു പുറത്തുള്ള കാസ്തൽ ഗന്തോൾഫൊയിലെ വേനൽക്കാല അരമനയുടെ അങ്കണത്തിൽ സമ്മേളിച്ചിരുന്നവരുമൊത്ത് മദ്ധ്യാഹ്നപ്രാർത്ഥന ചൊല്ലുന്നതിനു മുമ്പ് നടത്തിയ ഹ്രസ്വവിചിന്തനത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ പരിശുദ്ധ അമ്മയെ പ്രത്യാശയുടെ രൂപമായി അവതരിപ്പിച്ചത്.
ഇറ്റലിക്കാരനായ കവിയും രചയിതാവും തത്ത്വചിന്തകനുമായ ദാന്തെ അലിഗിയേരി (Dante Alighieri) കന്യകാമറിയത്തെ “പ്രത്യാശയുടെ ജീവനുള്ള ഉറവ” ആയി അവതരിപ്പിച്ചിരിക്കുന്നത് പാപ്പാ അനുസ്മരിച്ചു.
മറിയം പ്രത്യാശയുടെ ഉറവയാണെന്നത് നാം ആചരിച്ചുകൊണ്ടിരിക്കുന്ന ജൂബിലി വർഷത്തിൻറെ, “പ്രത്യാശയുടെ തീർത്ഥാടകർ” എന്ന പ്രമേയവുമായി ചേർന്നുപോകുന്നതാണെന്ന് പാപ്പാ പറഞ്ഞു.
ഒരു തീർത്ഥാടകന് അവൻറെ യാത്രയെ നയിക്കുന്ന ഒരു ലക്ഷ്യസ്ഥാനം, അവൻ ക്ഷീണിതനായിരിക്കുമ്പോൾ അവന് പ്രചോദനമേകുകയും അവൻറെ ഹൃദയത്തിൽ ആഗ്രഹവും പ്രതീക്ഷയും എപ്പോഴും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന മനോഹരമായ, ആകർഷകമായ ഒരു ലക്ഷ്യസ്ഥാനം ആവശ്യമാണെന്ന് പ്രസ്താവിച്ച പാപ്പാ, ജീവിത പാതയിൽ, ഈ ലക്ഷ്യസ്ഥാനം ദൈവമാണെന്ന് ഉദ്ബോധിപ്പിച്ചു.അവിടന്ന് അനന്തവും ശാശ്വതവുമായ സ്നേഹവും ജീവിതത്തിൻറെ പൂർണ്ണതയും സമാധാനവും സന്തോഷവും സകലനന്മയുമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
മനുഷ്യ ഹൃദയം അത്തരമൊരു സൗന്ദര്യത്തിലേക്ക് ആകർഷിക്കപ്പെടുന്നുവെന്നും അത് കണ്ടെത്തുന്നതുവരെ അതിന് സന്തോഷമുണ്ടാകില്ലെന്നും പറഞ്ഞ പാപ്പാ തിന്മയുടെയും പാപത്തിൻറെയും "ഇരുണ്ട വനത്തിൽ" വഴിതെറ്റിപ്പോയാൽ ഒരുവന് അത് കണ്ടെത്താതിരിക്കാനുള്ള സാധ്യതയുണ്ട് എന്ന മുന്നറിയിപ്പും നല്കി. യുദ്ധത്തിൻറെയും അക്രമത്തിൻറെയും ദുരന്തം പേറുന്നവരെ പാപ്പാ ത്രികാലപ്രാർത്ഥനാന്തരം അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: