MAP

ലിയൊ പതിനാലാമൻ പാപ്പാ കാസ്തൽ ഗന്തോൾഫൊയിൽ, 14/08/25 ലിയൊ പതിനാലാമൻ പാപ്പാ കാസ്തൽ ഗന്തോൾഫൊയിൽ, 14/08/25  (foto di padre Bruno Silvestrini)

പാപ്പാ:സംഭാഷണത്തിലൂടെ അഹിസയുടെ പാതയിൽ പാദമൂന്നുക!

ലിയൊ പതിനാലാമൻ പാപ്പാ ഏതാനും ദിവസത്തെ വിശ്രമത്തിനായി ഒരിക്കൽ കൂടി കാസ്തൽ ഗന്തോൾഫൊയിൽ എത്തി. ബൂധനാഴ്ച വൈകുന്നേരം അവിടെ എത്തിയ പാപ്പാ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയും സംഘർഷങ്ങൾക്കറുതിവരുത്തുന്നതിന് പരിശുദ്ധസിംഹാസനം "മൃദു നയതന്ത്രം" ആണ് പിൻചെല്ലുന്നതെന്ന് വിശദീകരിക്കുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രശ്നങ്ങൾക്ക് പരിഹൃതിയുണ്ടാക്കാൻ യുദ്ധത്തിനാകില്ലെന്നും ആകയാൽ സംഭാഷണത്തിലൂടെ അഹിംസയിലേക്കു കടക്കാനും പരിഹാരങ്ങൾ കണ്ടെത്താനും എപ്പോഴും ക്ഷണിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു 'മൃദു നയതന്ത്ര'ത്തിനായിട്ടാണ് പരിശുദ്ധസിംഹാസനം പ്രവർത്തിക്കുന്നതെന്നും പാപ്പാ. വത്തിക്കാനിൽ നിന്നു 30 കിലോമീറ്ററിലേറെ തെക്കുകിഴക്കുമാറി റോമിനു പുറത്തായി അൽബാനി കുന്നുകളിൽ സ്ഥിതിചെയ്യുന്ന അരമനയിൽ ആഗസ്റ്റ് 13-ന്  ബുധനാഴ്ച വൈകുന്നേര ഏതാനും ദിവസത്തെ വിശ്രമത്തിനായി ഒരിക്കൽ കൂടി എത്തിയ ലിയൊ പതിനാലാമൻ പാപ്പാ അവിടെ പാപ്പായുടെ വരവും കാത്തു നിന്നിരുന്ന പത്രവർത്തകരുടെ ചോദ്യത്തിനു മറുപടിനല്കുയായിരുന്നു.

സംഘർഷവിരാമത്തിനായി പരിശുദ്ധസിംഹാസനം എന്തുചെയ്യുന്നു എന്ന ചോദ്യം ഉന്നയിക്കപ്പെട്ടപ്പോഴാണ് പാപ്പാ പരിശുദ്ധസിംഹാസനം അവലംബിച്ചിരിക്കുന്ന “മൃദു നയതന്ത്രജ്ഞത”യെക്കുറിച്ച് വിശദീകരിച്ചത്.

അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറ് ഡൊണൾഡ് ജോൺ ട്രംപും (Donald John Trump) റഷ്യയുടെ പ്രസിഡൻറ് വ്ലാഡിമിർ വ്ലാഡിമിറോവിച്ച് പുട്ടിനും   (Vladimir Vladimirovich Putin) തമ്മിൽ ആഗസ്റ്റ് 15-ന് നടക്കാൻപോകുന്ന ഉച്ചകോടിയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാപ്പാ, സദാ തേടേണ്ടത് വെടിനിറുത്തലാണെന്നും അക്രമത്തിനും മരണത്തിനും വിരാമമിടണമെന്നും പറഞ്ഞു.

ഗാസയിലെ ജനങ്ങളെക്കുറിച്ചുയർന്ന ചോദ്യത്തിന് പാപ്പാ അവിടെ മാനവികപ്രതിസന്ധിക്കറുതിവരുത്തേണ്ടതിൻറെ അടിയന്തിരപ്രാധാന്യം ചൂണ്ടിക്കാട്ടി. ഭീകരപ്രവർത്തനത്തിൻറെ ഫലമായ അക്രമങ്ങളെക്കുറിച്ചും ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ചും തടവിലാക്കപ്പെട്ടിരിക്കുന്നവരെക്കുറിച്ചും പാപ്പാ പരാമർശിച്ചു. ബന്ദികൾ മോചിപ്പിക്കപ്പടണമെന്ന് പറഞ്ഞ പാപ്പാ ഗാസയിൽ പട്ടിണി മൂലം മരണമടയുന്നവരെ പ്രത്യേകം അനുസ്മരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ഓഗസ്റ്റ് 2025, 12:54