പാപ്പാ:സമാധാനത്തിനായി പ്രാർത്ഥിക്കുക.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുദ്ധവേദികളിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.
പോളണ്ടിലെ ഓഷ്വിറ്റ്സ് നാസി തടങ്കൽപാളയത്തിൽ വധിക്കപ്പെടാൻ പോകുന്ന കുടുംബനാഥനായിരുന്ന ഒരു സഹതടവുകാരൻറെ കരച്ചിൽ കണ്ട് മനസ്സലിഞ്ഞ് അദ്ദേഹത്തിൻറെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി സ്വന്തം ജീവൻ പകരമായി നല്കിയ വിശുദ്ധ മാക്സിമില്യൻ മരിയ കോൾബെയുടെ തിരുന്നാൾ അനുവർഷം ജൂലൈ 14-ന് ആചരിക്കപ്പെടുന്നത് ബുധനാഴ്ചത്തെ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ പോളിഷ് ഭാഷാക്കാരെ അഭിവാദ്യം ചെയ്യവെ അനുസ്മരിച്ചുകൊണ്ടാണ് ലിയൊ പതിനാലാമൻ പാപ്പാ ഈ പ്രാർത്ഥനാക്ഷണം നല്കിയത്.
അപരനുവേണ്ടി ത്യാഗമനുഷ്ഠിക്കാനുള്ള ആ വിശുദ്ധൻറെ മാതൃകാപരമായ വീരോചിത മനോഭാവം എല്ലാവർക്കും പ്രചോദനമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. യുദ്ധദുരന്തത്തിൽ ജീവിക്കുന്ന സകലജനതകൾക്കും സമാധാനമെന്ന ദാനം ചൊരിയുന്നതിന് വിശുദ്ധ മാക്സിമില്യൻ മരിയ കോൾബെയുടെ മാദ്ധ്യസ്ഥ്യം വഴി നമുക്ക് പ്രാർത്ഥിക്കാമെന്ന് പാപ്പാ പറഞ്ഞു.
പോളണ്ടു സ്വദേശയും ഫ്രാൻസിസ്കൻ ഫ്രയേഴ്സ് മൈനർ സമൂഹാംഗവുമായിരുന്ന മാക്സിമില്യൻ മരിയ കോൾബെയുടെ ജനനം 1984 ജനുവരി 8-നായിരുന്നു. 47 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹത്തെയും സഹതടവുകാരെയും രണ്ടാഴ്ചക്കാലത്തോളം പോളണ്ടിലെ ഔഷ്വിറ്റ്സ് നാസി തടങ്കൽ പാളയത്തിൽ പട്ടിണിക്കിട്ടുകൊല്ലാൻ നടത്തിൽ ശ്രമം വിഫലമായപ്പോൾ ജീവൻ അവശേഷിച്ച അദ്ദേഹമുൾപ്പെടയുള്ള നാലുപേരെയും അധികാരികൾ 1941 ആഗസ്റ്റ് 14-ന് വിഷമരുന്നു കുത്തിവച്ച് കൊല്ലുകയായിരുന്നു.
പോൾ ആറാമൻ പാപ്പാ 1971 ഒക്ടോബർ 17-ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച മാക്സിമില്യൻ മരിയ കോൾബെയെ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ 1982 ഒക്ടോബർ 10-ന് വിശുദ്ധനായി പ്രഖ്യാപിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: