ലോകത്തിന്റെ ബഹളത്തിനിടയിൽ, ശബ്ദരഹിതരായവരെ നമുക്ക് ശ്രദ്ധിക്കാം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
അഗസ്റ്റീനിയൻ സഭയുടെ പിതാവായ വിശുദ്ധ അഗസ്റ്റിന്റെ തിരുനാൾ ദിവസം, അമേരിക്കൻ ഐക്യനാടുകളിലെ സെന്റ് തോമസ് ഓഫ് വില്ലനോവ അഗസ്റ്റീനിയൻ പ്രവിശ്യയുടെ പരമോന്നത ബഹുമതിയായ സെന്റ് അഗസ്റ്റിൻ മെഡൽ സ്വീകരിക്കുന്നതിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ടാണ്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ചടങ്ങിൽ സംബന്ധിച്ചവരെ അഭിസംബോധന ചെയ്തു കൊണ്ട് വീഡിയോ സന്ദേശം അയച്ചത്. ആത്മീയ പിതാവായ വിശുദ്ധ അഗസ്റ്റിന്റെ മാതൃകയ്ക്കനുസൃതമായി ജീവിക്കാനുള്ള പ്രതിബദ്ധതെയെയും, ഒരു അഗസ്തീനിയനായി അംഗീകരിക്കപ്പെടുന്നതിലുള്ള സന്തോഷവും, പാപ്പാ സന്ദേശത്തിൽ പ്രത്യേകം പറഞ്ഞു. വിശുദ്ധ അഗസ്റ്റിൻ പകർന്നു തന്ന ആത്മീയ ദർശനങ്ങളും, ചിന്തകളും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും, സത്യം, കൂട്ടായ്മ, സ്നേഹം എന്നീ മൂല്യങ്ങളോട് വില്ലനോവ സമൂഹത്തിലെ അംഗങ്ങൾ കാണിക്കുന്ന പ്രതിബദ്ധതയിൽ താൻ നന്ദിയുള്ളവനാണെന്നും പാപ്പാ പറഞ്ഞു.
ഒരു മെത്രാൻ, ദൈവശാസ്ത്രജ്ഞൻ, പ്രസംഗകൻ, എഴുത്തുകാരൻ, സഭയിലെ വേദപാരംഗതൻ എന്നീ നിലകളിൽ വിശുദ്ധ അഗസ്റ്റിന്റെ ജീവിതം ഏവർക്കും മാതൃകയാണെങ്കിലും, ഇവയെല്ലാം ഒരു രാത്രികൊണ്ട് സംഭവിച്ചതല്ല എന്നും, നമ്മുടേതു പോലെ അവന്റെ ജീവിതവും പരീക്ഷണങ്ങളും തെറ്റുകളും നിറഞ്ഞതായിരുന്നുവെന്നും, എന്നാൽ ദൈവകൃപയാൽ, അമ്മ മോനിക്കയുടെ പ്രാർത്ഥനകളിലൂടെയും , ചുറ്റുമുള്ള നല്ല ആളുകളുടെ സഹവാസത്തിലൂടെയും തന്റെ അസ്വസ്ഥമായ ഹൃദയത്തിന് സമാധാനത്തിലേക്കുള്ള വഴി കണ്ടെത്താൻ സാധിച്ചുവെന്നും സന്ദേശത്തിൽ പാപ്പാ എടുത്തു പറഞ്ഞു.
വിശുദ്ധ അഗസ്റ്റിന്റെ ജീവിതവും, സേവനവും, നമുക്കും, ദൈവത്തോടും നമ്മുടെ അയൽക്കാരോടും സ്നേഹപൂർവകമായ സേവനത്തിലൂടെ തുടരുവാൻ സാധിക്കുമെന്നും പാപ്പാ ആഹ്വാനം ചെയ്തു. ഫാദർ മാത്യു കാർ, ഫാദർ ജോൺ റോസിറ്റർ തുടങ്ങിയ അഗസ്റ്റീനിയൻ സന്യാസിമാരുടെ ഉദാഹരണങ്ങളും പാപ്പാ എടുത്തു കാണിച്ചു. നമ്മുടെ വ്യത്യാസങ്ങൾക്കപ്പുറത്തേക്ക്, അയൽക്കാരനെ ക്രിസ്തുവിന്റെ കണ്ണുകളാൽ കാണുവാനും, ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലും, സൗഹൃദം, ബന്ധങ്ങൾ, സംഭാഷണം, പരസ്പര ബഹുമാനം ഊട്ടിയുറപ്പിക്കുവാനും സാധിക്കണമെന്നും പാപ്പാ പറഞ്ഞു. കാതുകളുടെ ശ്രദ്ധ മാത്രമല്ല, ഹൃദയങ്ങളുടെ ശ്രദ്ധയിൽ നമ്മെത്തന്നെ വിട്ടുകൊടുക്കണമെന്നും, വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.
സഭയെന്ന നിലയിലും സമൂഹമെന്ന നിലയിലും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യാശയിൽ ജീവിക്കുന്നതിനും ലോകത്തിൽ ദൈവത്തിന്റെ വെളിച്ചവും സ്നേഹവും പ്രതിഫലിപ്പിക്കുന്നതിനുമുള്ള നമ്മുടെ പൊതുദൗത്യം ശക്തിപ്പെടുത്താമെന്ന ആഹ്വാനവും പാപ്പാ നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: