MAP

ഫാ. ആൻഡ്രിയൂസ് റുഡാമിന ഫാ. ആൻഡ്രിയൂസ് റുഡാമിന  

ഫാ. ആൻഡ്രിയൂസ് റുഡാമിന ഭാരതത്തിൽ എത്തിയതിന്റെ നാനൂറാം ആഘോഷത്തിൽ, പരിശുദ്ധ പിതാവ് ആശംസകൾ നേർന്നു

ലിത്വാനിയക്കാരനായ ഫാ. ആൻഡ്രിയൂസ് റുഡാമിന എന്ന ഈശോസഭാ വൈദികൻ, ഭാരതത്തിൽ, പ്രേഷിതപ്രവർത്തനത്തിനായി എത്തിയതിന്റെ നാനൂറാം വാർഷിക ആഘോഷത്തിൽ സംബന്ധിക്കുന്നവർക്ക് ആശംസകൾ നേർന്നുകൊണ്ട്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി, ലിയോ പതിനാലാമൻ പാപ്പാ ടെലിഗ്രാം സന്ദേശമയച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

യേശുവിനു വേണ്ടി പ്രേഷിതപ്രവർത്തനം നടത്തുന്നതിനായി, രാഷ്ട്രീയ പദവി ഉപേക്ഷിച്ചുകൊണ്ട്, ഈശോസഭയിലെ വൈദികനായ, ലിത്വാനിയക്കാരനായ ഫാ. ആൻഡ്രിയൂസ് റുഡാമിന, ഭാരതത്തിൽ എത്തിയതിന്റെ നാനൂറാം വാർഷികം ഗോവയിൽ വച്ചു നടത്തപ്പെടുന്നു. തദവസരത്തിൽ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന വിശ്വാസി സമൂഹത്തിനു ആശംസകൾ അർപ്പിച്ചുകൊണ്ടും, ഫാ. ആൻഡ്രിയൂസ് റുഡാമിനയുടെ  ജീവിതം സുവിശേഷവൽക്കരണത്തിനായുള്ള സമർപ്പണത്തിന്റെ ഉദാഹരണമാണെന്നു എടുത്തുകാണിച്ചുകൊണ്ടും, ലിയോ പതിനാലാമൻ പാപ്പാ ടെലിഗ്രാം സന്ദേശമയച്ചു. ഗോവ രൂപതയുടെ മെത്രാപ്പോലീത്ത, കർദിനാൾ ഫിലിപ്പെ  നേരിയെ അഭിസംബോധന ചെയ്തുകൊണ്ട്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടിയാണ് സന്ദേശം അയച്ചിരിക്കുന്നത്.

വാർഷികാഘോഷത്തിനായി, ഗോവയിലെ കത്തീഡ്രലിൽ ഒത്തുചേരുന്ന വിശ്വാസി സമൂഹത്തിനു പാപ്പാ ഹൃദയംഗമമായ ആശംസകൾ നേരുന്നതോടൊപ്പം,  ഫാ. ആൻഡ്രിയൂസ് നൽകിയ സാക്ഷ്യത്തിന് ദൈവത്തോടു നന്ദി  പറയുമ്പോൾ, താനും വിശ്വാസികൾക്കൊപ്പം ഒന്നുചേരുന്നുവെന്നു എടുത്തുപറഞ്ഞു. സമകാലിക  ലിത്വാനിയയിൽ, ഫാ. ആൻഡ്രിയൂസിന്റെ  ഉറച്ച കത്തോലിക്കാ വിശ്വാസസാക്ഷ്യം, വിശ്വാസികൾക്കിടയിൽ  അനുഭവിക്കുവാൻ സാധിക്കുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സുവിശേഷത്തിന്റെ രക്ഷാസന്ദേശം എല്ലാ ജനതകളിലേക്കും എത്തിക്കുന്നതിനു  ഫാ. ആൻഡ്രിയൂസ് കാട്ടിയ ധൈര്യവും, ആത്മസമർപ്പണവും, സമാനമായ ക്ഷമയോടെയും, ചാതുര്യത്തോടെയും സുവിശേഷം പ്രഘോഷിക്കുവാൻ ഇന്നത്തെ കാലഘട്ടത്തിലെ അനേകർക്ക് പ്രചോദനമാകട്ടെയെന്നും പാപ്പാ ആഹ്വാനം ചെയ്തു.

ഫാ. റുഡാമിനയുടെ മിഷനറി തീക്ഷ്ണതയുടെയും, സംഭാഷണത്തിന്റെയും, സാംസ്കാരിക സംയോജനത്തിന്റെയും, ശ്രദ്ധേയമായ പൈതൃകത്തിന്റെയും സുവിശേഷ പ്രഘോഷണ മാതൃക, പ്രത്യാശയെ അടിസ്ഥാനമാക്കിയ ഈ ജൂബിലി വർഷത്തിൽ സാഹോദര്യ ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും മാതൃകയായി, മതസൗഹാർദ്ദവും, സംഭാഷണങ്ങളും ത്വരിതപ്പെടുത്തുവാൻ സഹായകരമാകട്ടെയെന്നും, അത് പ്രാദേശിക സഭയ്ക്ക് ഒരു പ്രോത്സാഹനമാകട്ടെയെന്നും പാപ്പാ ആശംസിച്ചു. തന്റെ അപ്പസ്തോലിക അനുഗ്രഹം നൽകിക്കൊണ്ടാണ് ടെലിഗ്രാം സന്ദേശം ഉപസംഹരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ഓഗസ്റ്റ് 2025, 13:12