MAP

ആമസോൺ മെത്രാൻ സമിതി ആമസോൺ മെത്രാൻ സമിതി  

ആമസോണിലെ കത്തോലിക്കാസഭയ്ക്ക് സ്നേഹാന്വേഷണങ്ങൾ നേർന്ന് ലിയോ പതിനാലാമൻ പാപ്പാ

ആമസോൺ മേഖലയിലെ മെത്രാൻമാരുടെ സമ്മേളനം ബൊഗോത്തയിൽ വച്ച് ആഗസ്റ്റ് മാസം പതിനേഴു മുതൽ ഇരുപതു വരെ നടക്കുന്നു. സമ്മേളനത്തിൽ സംബന്ധിക്കുന്ന മെത്രാന്മാർക്കും, ആമസോൺ സഭയിലെ സഹോദരങ്ങൾക്കും, പ്രാർത്ഥനകളും ആശംസകളും നേർന്ന് പാപ്പാ ടെലിഗ്രാം സന്ദേശമയച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആമസോൺ സഭയിലെ ദൈവജനത്തിനു വേണ്ടി ഇടയന്മാർ എന്ന നിലയിൽ ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടും, ആഗസ്റ്റ് മാസം പതിനേഴു മുതൽ ഇരുപതു വരെ ബൊഗോത്തയിൽ വച്ച് നടക്കുന്ന ആമസോൺ മേഖലയിലെ മെത്രാൻമാരുടെ സമ്മേളനത്തിനു ആശംസകൾ അർപ്പിച്ചുകൊണ്ടും പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ടെലിഗ്രാം സന്ദേശം അയച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടിയാണ് സന്ദേശം അയച്ചത്.

ആമസോണിലെ 'ഏറ്റവും സ്നേഹിക്കപ്പെടുന്ന സമൂഹം' എന്ന വിശേഷണത്തോടുകൂടി, വിശ്വാസികൾ  ഉൾപ്പെടുന്ന സഭയുടെ നന്മയ്ക്കായി, മെത്രാൻമാർ എന്ന നിലയിൽ ചെയ്യുന്ന സേവനങ്ങൾ, ശ്രവിക്കലിന്റെയും, എല്ലാത്തരം ദൈവവിളികളുടെയും സഹകരണത്തിന്റെയും സിനഡൽ മാതൃക കാട്ടട്ടെയെന്നും, ഇതിനായി മെത്രാന്മാർ അനുയോജ്യമായ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും അടിസ്ഥാനത്തിൽ, ഒരു ശരീരമായി പ്രവർത്തിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

രൂപതാ മെത്രാന്മാരെയും അപ്പസ്തോലിക വികാരിമാരെയും അവരുടെ ദൗത്യം നിർവഹിക്കാൻ വ്യക്തമായും ഫലപ്രദമായും സഹായിക്കാൻ കഴിയുന്ന രീതി ഇതാണെന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തു. തുടർന്ന് അജപാലന ശുശ്രൂഷയിൽ  പരസ്പരബന്ധിതമായ മൂന്ന് മാനങ്ങൾ മനസ്സിൽ സൂക്ഷിക്കാനും പാപ്പാ ക്ഷണിച്ചു.

എല്ലാ ജനങ്ങളോടും സുവിശേഷം പ്രഖ്യാപിക്കാനുള്ള സഭയുടെ ദൗത്യം, ജനതകളോടുള്ള നീതിപൂർവകമായ പെരുമാറ്റം, പൊതു ഭവനത്തിന്റെ പരിപാലനം എന്നിവയാണ് ആ മൂന്നു പ്രവർത്തന മണ്ഡലങ്ങൾ. എഫേസൂസിലെ സഭയ്ക്ക് പൗലോസ് ശ്ലീഹ  എഴുതിയ, "ഇത് കാലത്തിന്റെ പൂർണ്ണതയിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നതിനു വേണ്ടിയത്രെ", 

 എന്ന വചനം ഓർമ്മപ്പെടുത്തിക്കൊണ്ട്, ആമസോൺ ജനതയുടെയിടയിൽ ഈ സന്ദേശം വ്യക്തതയോടും അളവറ്റ കാരുണ്യത്തോടും കൂടി പ്രഖ്യാപിക്കപ്പെടണമെന്നും, സുവിശേഷത്തിന്റെ ശുദ്ധമായ അപ്പം നൽകുവാനും, പരിശുദ്ധ കുർബാനയുടെ സ്വർഗീയ പോഷണം പ്രദാനം ചെയ്യുവാനും നാം പ്രതിജ്ഞാ ബദ്ധരാണെന്നും പാപ്പാ വ്യക്തമാക്കി. ഇത് മാത്രമാണ് യഥാർത്ഥത്തിൽ ദൈവജനവും ക്രിസ്തുവിന്റെ ശരീരവും ആകാനുള്ള ഏക മാർഗമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഈ ദൗത്യത്തിൽ, ക്രിസ്തുവിന്റെ നാമം പ്രസംഗിക്കപ്പെടുന്ന സഭയുടെ ചരിത്രം നമുക്ക് ശക്തി പകരുമെന്നും, അതിനാൽ അനീതികൾ കുറയുമെന്നും പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു. പരസ്പരം സഹോദരീസഹോദരന്മാരായി സ്വാഗതം ചെയ്യാൻ കഴിയുമെങ്കിൽ മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്നതെല്ലാം അപ്രത്യക്ഷമാകും എന്ന പൗലോസ് ശ്ലീഹ ഫിലേമോന് എഴുതിയ വാക്കുകളും പാപ്പാ കൂട്ടിച്ചേർത്തു.

തുടർന്ന് പൊതുഭവനം സംരക്ഷിക്കുവാനുള്ള നമ്മുടെ കടമയെയും പാപ്പാ ചൂണ്ടികാണിച്ചു. ദൈവം, കരുതലുള്ള കാര്യനിർവാഹകരായി നമ്മെ ഏൽപ്പിച്ചിരിക്കുന്ന "ഭവനം" പരിപാലിക്കുന്നതിനുള്ള അവകാശവും കടമയും കുറഞ്ഞുപോകരുതെന്നും, അതുവഴി സ്രഷ്ടാവിന്റെ നന്മയെയും സൗന്ദര്യത്തെയും നമുക്ക് കൂടുതൽ മനുഷ്യർക്ക് വെളിപ്പെടുത്തുവാൻ സാധിക്കുമെന്നും പാപ്പാ പറഞ്ഞു. ഒരു അടിമയായിട്ടോ, പ്രകൃതിയെ ആരാധിക്കുന്ന എ വ്യക്തി ആയിട്ടോ അല്ല, മറിച്ച് ദൈവത്തെ സ്തുതിക്കുന്നതിനുള്ള നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതിനും അങ്ങനെ നമ്മുടെ ആത്മാക്കളുടെ മോക്ഷം നേടുന്നതിനുമാണ് ഈ പൊതുഭവനം നാം സംരക്ഷിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ഓഗസ്റ്റ് 2025, 10:43