ദൈവിക വെളിപാടിന്റെ വെളിച്ചത്തിൽ ഇന്നിന്റെ വെല്ലുവിളികളെ നേരിടുക: ലിയോ പതിനാലാമൻ പാപ്പാ
സിസ്റ്റർ ജാസ്മിൻ SIC, വത്തിക്കാന്‍ ന്യൂസ്
കൊളംബിയയിലെ ബോഗോത്തയിൽ നടക്കുന്ന ധാർമ്മിക ദൈവശാസ്ത്രത്തെക്കുറിച്ചുള്ള പതിനേഴാമത് അന്താരാഷ്ട്ര കോൺഗ്രസിന് തന്റെ ആശംസകളും പ്രാർത്ഥനകളും അറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളീൻ ഒപ്പുവെച്ച്, സാൻ അൽഫോൻസോ യൂണിവേഴ്സിറ്റി റെക്ടർ ഫാദർ ഓസ്കാർ ബെയ്സ് പിന്ററോയ്ക്ക് അയച്ച ഒരു ടെലെഗ്രാം സന്ദേശത്തിലൂടെയാണ് സംഘാടകർക്കും പങ്കെടുക്കുന്നവർക്കും പാപ്പാ തന്റെ ഊഷ്മളമായ ആശംസകൾ നേർന്നത്.
2025 ഓഗസ്റ്റ് 20, 21 തീയതികളിൽ നടന്ന ദൈവശാസ്ത്രകോൺഗ്രസ്, യേശുക്രിസ്തുവിൽ പൂർണ്ണത കണ്ടെത്തുന്ന ദൈവിക വെളിപാടിന്റെ വെളിച്ചത്തിൽ ഇന്നത്തെ വെല്ലുവിളികളെയും, മാറ്റങ്ങളെയും, സംഘർഷങ്ങളെയും കുറിച്ച് ചിന്തിക്കാൻ അനുയോജ്യമായ അവസരമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.
ദൈവത്തിന്റെ നിയമങ്ങൾ മാനിക്കുന്നതിനോടൊപ്പം, മനുഷ്യന്റെ മനസ്സാക്ഷിക്കും സ്വാതന്ത്ര്യത്തിനും അർഹമായ പരിഗണന നൽകുകയും, ഇവ രണ്ടും തമ്മിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്തുകയും ചെയ്ത വിശുദ്ധ അൽഫോൻസസ് മരിയ ലിഗോരിയെപ്പോലുള്ള വിശുദ്ധരുടെ മാതൃക പിന്തുടരാൻ കോൺഗ്രസ്സിലേക്കയച്ച സന്ദേശത്തിൽ പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു. മറ്റുള്ളവരോട് ദയയും ക്ഷമയും കാണിക്കുന്നതിലൂടെ, ദൈവകാരുണ്യത്തിൻ്റെ ജീവിക്കുന്ന അടയാളമായി മാറാൻ അദ്ദേഹം ഏവരെയും ആഹ്വാനം ചെയ്തു.
യേശുക്രിസ്തുവിൽ പൂർണ്ണത കണ്ടെത്തുന്ന ദൈവിക വെളിപാടിന്റെ വെളിച്ചത്തിൽ, നിലവിലെ വെല്ലുവിളികളെയും മാറ്റങ്ങളെയും കുറിച്ച് ചിന്തിക്കാൻ ഈ ദിവസങ്ങൾ സഹായിക്കുമെന്ന തന്റെ പ്രത്യാശ ലിയോ പാപ്പാ പങ്കുവെച്ചു.
സന്ദേശത്തിന്റെ അവസാനം, ജ്ഞാനത്തിന്റെ ഇരിപ്പിടമായ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണം അപേക്ഷിച്ചുകൊണ്ട്, കോൺഗ്രസ്സിൽ പങ്കെടുക്കുന്ന എല്ലാവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും പരിശുദ്ധ പിതാവ് തന്റെ അപ്പസ്തോലിക ആശീർവാദം നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: